എഴുത്തില്‍ തുടക്കകാലത്ത് കണ്ട എം.ടിയെയല്ല പിന്നീട് കണ്ടത്; മലയാളത്തിന്റെ മനസാണ് അദ്ദേഹം- പ്രഭാവര്‍മ

എം.ടി ഒരോ കാലഘട്ടത്തിലും സ്വയം നവീകരിക്കുകയും സാഹിത്യത്തെ നവീകരിക്കുകയും ചെയ്തുവെന്ന് കവി പ്രഭാവര്‍മ. മലയാളത്തിന്റെ മനസ്സാണ് എം.ടിയെന്നും പ്രഭാവര്‍മ പറഞ്ഞു.
'സമാനതയില്ലാത്ത സാഹിത്യത്തിന്റെ വ്യക്തിത്വമായിരുന്നു എം.ടി എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ സമാനതയില്ലായ്മ എങ്ങനെയാണ് എം.ടി ആര്‍ജിച്ചത് എന്ന് ആലോചിക്കേണ്ടതുണ്ട്. ഏത് സര്‍ഗാത്മക സാഹിത്യക്കാരന്റെയും ഉള്ളില്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ ചില ആന്തരിക വിസ്‌ഫോടനങ്ങള്‍ ഉണ്ടാവും. ഏതൊക്കെയോ അനുഭവ മണ്ഡലങ്ങളിലേക്ക്, അതു വരെ എത്തിപെടാതെ അനുഭൂതിയിലേക്ക് ആ എഴുത്തുകാരനേയും ഒപ്പം ആ അനുവാചക സമൂഹത്തെയും അത് കൊണ്ടുപോവും. ഈ വിധത്തിലുള്ള ആന്തരിക വിസ്‌ഫോടനങ്ങള്‍ ധാരാളമായി നടന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ഗാത്മകതയുടെ ഉയരങ്ങള്‍ പടിപടിയായി കീഴടക്കിയിട്ടുള്ള ഒരു വ്യക്തിയായിട്ടാണ് എം.ടിയെ കാണുന്നത്.
അദ്ദേഹത്തിന്റെ എഴുത്തിന്റെ ആദ്യ ഘട്ടത്തിലുള്ള എം.ടിയെ അല്ല പില്‍ക്കാലത്ത് നമ്മള്‍ കണ്ടിട്ടുള്ളത്. ഇരുട്ടിന്റെ ആത്മാവിലും കുട്ട്യേടത്തിയിലും കാണുന്ന എം.ടിയെ നമുക്ക് അറിയാം അതിന് ശേഷമുള്ള ഘട്ടത്തില്‍ പടിയായി എങ്ങനെ അദ്ദേഹം സ്വയം നവീകരിച്ചു, സാഹിത്യത്തെ നവീകരിച്ചു എന്നത് വരും കാലത്ത് ഗവേഷണ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തുമെന്നതില്‍ എനിക്ക് സംശയമില്ല. മലയാളത്തിന്റെ മനസായി തീര്‍ന്ന സാഹിത്യക്കാരനാണ് അദ്ദേഹം. സാംസ്‌കാരിക രംഗത്തും അദ്ദേഹം സജീവമായി ഇടപ്പെട്ടു'- പ്രഭാവര്‍മ പറഞ്ഞു
Content Highlights: prabha varma remembers MT