'അമ്മമാര്‍ക്ക് മക്കള്‍ അത്രമേല്‍ പ്രിയപ്പെട്ടവരാണ്'; ആ കൊറിയൻ ഡ്രാമ എന്നെ ഓർമ്മിപ്പിച്ചത്

#ബെറില്‍ തെരേസ ബാബു
'വെൻ ലൈഫ് ഗിവ്സ് യു ടാൻജറിൻസ്' എന്ന കൊറിയൻ ഡ്രാമയിൽ നിന്ന്
'വെൻ ലൈഫ് ഗിവ്സ് യു ടാൻജറിൻസ്' എന്ന കൊറിയൻ ഡ്രാമയിൽ നിന്ന്

ഫാമിലി ഗെറ്റ് ടുഗദറിനിടെ ഭക്ഷണം നേരെ വിളമ്പാനറിയാതെ കഷ്ടപ്പെടുന്ന മകളെ മാറ്റി നിര്‍ത്തി അവളുടെ അമ്മ ആ ഉദ്യമം ഏറ്റെടുത്തപ്പോള്‍, അവളുടെ അമ്മായി അമ്മ  അവളോട് പറഞ്ഞു, നിനക്ക് വീട്ടുജോലികൾ അറിയാത്തതിന് കാരണം നിന്റെ അമ്മ നിനക്ക് വേണ്ടി എല്ലാം ചെയ്ത് തന്നിരുന്നതിനാലാണ്. ഉടനെ അവളുടെ അമ്മ പറഞ്ഞു, ഞങ്ങളുടെ മകള്‍ ഞങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവളായതിനാല്‍ അവളെ ഇതൊന്നും പഠിപ്പിക്കേണ്ടെന്ന് ഞങ്ങള്‍ കരുതിയെന്ന്.

നെറ്റ്ഫ്ളിക്സില്‍ ഇന്ത്യയുള്‍പ്പെടെ 21 രാജ്യങ്ങളില്‍  നോണ്‍ ഇംഗ്ലീഷ് ടിവി ഷോകളില്‍ ടോപ്പ് ടെന്‍ റാങ്കിലും ആഗോള തലത്തില്‍ നോണ്‍ ഇംഗ്ലീഷ് ടിവി ഷോകളില്‍ രണ്ടാം സ്ഥാനത്തും എത്തിയ വെന്‍ ലൈഫ് ഗിവ്സ് യു ടാന്‍ജറിന്‍സ് എന്ന കൊറിയന്‍ ഡ്രാമയിലെ ഒരു ഭാഗമാണിത്. മറ്റ് കൊറിയന്‍ ഡ്രാമകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും വൈകാരികത നിറഞ്ഞ ഇത്തരം കുടുംബ സന്ദര്‍ഭങ്ങളാണ്.

ഈ സീന്‍ കാണുന്നതിനിടെ മനസിലേക്ക് അറിയാതെയെങ്കിലും മിന്നിമാഞ്ഞത് പത്ത് വര്‍ഷം മുന്‍പ് നടന്ന ഒരു രംഗമാണ്. ഒരു പക്കാ നാട്ടിന്‍പുറത്ത് വീട്ടുകാരും കുടുംബക്കാരുമൊക്കെ തൊട്ടുതൊട്ടുള്ള വീട്ടില്‍ താമസിച്ചിരുന്ന കുട്ടിയായ എന്നെ പെട്ടെന്നൊരിക്കല്‍ തിരക്കുള്ള മനുഷ്യന്മാര്‍ പാര്‍ക്കുന്ന നഗരത്തിലേക്ക് പറിച്ചുനട്ടു.

സോഷ്യല്‍ അഡാപ്റ്റേഷന്‍ വളരെ കൂടുതലുള്ള എന്റെ അനിയന്‍ അവിടങ്ങ് പെട്ടെന്ന് സെറ്റാവുകയും ഞാനാണെങ്കില്‍ കഷ്ടപ്പെടുകയും ചെയ്തു. പുതിയ സ്ഥലവും വീടും നാട്ടുകാരും സ്‌കൂളും ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. 

പപ്പയും മമ്മിയും ജോലിക്കാരാതിനാല്‍ വൈകീട്ട് സ്‌കൂള്‍ വിട്ട് വരുമ്പോള്‍ എന്നെയും എന്റെ അനിയനെയും ആനയിച്ച് ലഘുഭക്ഷണവും മറ്റ് തന്നിരുന്നതും കൂടെ കളിച്ചിരുന്നതും എന്റെ അപ്പാപ്പനും അമ്മാമയും (പപ്പയുടെ മാതാപിതാക്കള്‍) ആയിരുന്നു. വീടുമാറിയതോടെ ആനയും അമ്പാരിയുമായി എന്നെ ആനയിക്കാന്‍ ആരും ഇല്ലാതായി.

ഒറ്റപ്പെടലിന്റെ വേദന താങ്ങാനാകാത്ത ഞാന്‍ തിരികെ പോകാന്‍ പതിനെട്ടടവും പയറ്റിനോക്കി. ഒന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല, അതില്‍ കഷ്ടപ്പെടേണ്ടിവന്നത് പപ്പയും മമ്മിയും ആയിരുന്നു. 

'വെന്‍ ലൈഫ് ഗിവ്സ് യു ടാന്‍ജറിന്‍സ്' എന്ന കെ ഡ്രാമയിൽ നിന്ന്

സ്‌കൂളില്‍ പോകാതായി, ആരോടും മിണ്ടാതായി, ഒന്നും കഴിക്കാതായി... അങ്ങനെ എനിക്ക് കൂട്ടിരുന്ന് മമ്മിയുടെ ലീവ് തീരാറായപ്പോള്‍ എന്നെ മമ്മിയുടെ വീട്ടിലേക്കയച്ചു. അവിടെ ചെന്നപ്പോള്‍ ഒറ്റപ്പെടലിന്റെ വേദന മാറിയെങ്കിലും ഗൃഹാതുരത്വം അലട്ടി. വീണ്ടും വീട്ടുകാര്‍ക്ക് സ്വസ്ഥത കൊടുക്കാതായപ്പോള്‍ മമ്മി എന്നെ തിരികെ കൊണ്ടുപോകാനെത്തി.

അപ്പോള്‍ അമ്മാമ്മ (എന്റെ മമ്മിയുടെ അമ്മ) എന്നോട് എന്റെ മമ്മിയുടെ മുഖത്തേക്ക് നോക്കാന്‍ പറഞ്ഞു. ഞാന്‍ നോക്കി. 'സുന്ദരിയായ എന്റെ മമ്മി കുറച്ച് ക്ഷീണിച്ചിട്ടുണ്ട്' ഞാനോര്‍ത്തു.

'നീ കാരണം എന്റെ മകള്‍ ഒരുപാട് വിഷമിക്കുന്നുണ്ട്. അവള്‍ ക്ഷീണിച്ചു. അവളുടെ സങ്കടം കാണാന്‍ വയ്യാത്തതിനാല്‍ എന്റെ മകളുടെ മുഖത്തേക്ക് പോലും എനിക്ക് ഇപ്പോള്‍ നോക്കാന്‍ കഴിയുന്നില്ല.' -ഇത്രയും പറഞ്ഞ് അമ്മാമ കരഞ്ഞു. എന്റെ മമ്മിയും കരഞ്ഞു.

കുട്ടിയായ എന്റെ മനസ് അന്ന് വിഷമിച്ചെങ്കിലും വെന്‍ ലൈഫ് ഗിവ്സ് യു ടാന്‍ജറിന്‍സ് എന്ന കെ ഡ്രാമയിലെ സീന്‍ കണ്ടപ്പോള്‍ ഞാനോര്‍ത്തു, എല്ലാ അമ്മമാര്‍ക്കും അവരുടെ മക്കള്‍ അത്രമേല്‍ പ്രിയപ്പെട്ടവരാണ്. എന്റെ അമ്മാമ്മയ്ക്ക് എന്റെ മമ്മി പ്രിയപ്പെട്ടായിരുന്നപോലെയും എന്റെ മമ്മിയ്ക്ക് ഞാന്‍ പ്രിയപ്പെട്ടവളായിരുന്ന പോലെയും....

(മാതൃഭൂമി ദിനപത്രത്തിന്റെ കൊച്ചി റിപ്പോർട്ടറാണ് ലേഖിക)

Content Highlights: What Korean Drama 'When Life Gives You Tangerines' Reminded Me, Beryl Theresa Babu Writes