കൊള്ളിക്കെട്ടിലെ 'കള്ളമുതലും' മാതൃത്വത്തിന്റെ മാധുര്യവും

മാതൃദിനമെന്നത് ഓര്‍മകളുടെ വേലിയേറ്റദിവസം കൂടിയാണ്. മക്കളേ ആവോളം സ്‌നേഹിക്കുന്ന ഒട്ടനവധി അമ്മമാരുടെ ദിനം. നാളിതുവരേ ഓരോ കാര്യത്തിനും കൂടെനിന്നിട്ടുള്ള ഉമ്മയെക്കുറിച്ചുള്ള ഓര്‍മയാണ് എനിക്ക് പങ്കുവെക്കാനുള്ളത്
ഇരുപത് വര്‍ഷം മുമ്പുള്ള നാട്ടിന്‍പുറമാണ്. രാവിലെ എട്ടിനോടടുത്ത നേരം. വീട്ടിനകത്തെ പണികള്‍ ഓരോന്നും ഉമ്മ വേഗത്തില്‍ തീര്‍ക്കും. മുറ്റത്തിറങ്ങി അലക്കുകല്ലിനരികെ വന്നിരുന്ന് ചെത്തിയെടുത്ത് ഉണക്കിയ ചെറിയ പലകയില്‍ കണ്ണൂര്‍ ഭാഷയില്‍ പറയുന്ന 'അണപ്പൊടി' വിതറും. ഒരു കാലുകൊണ്ട് പലക ഉറപ്പിച്ചു ചവിട്ടി ഇരുന്നുകൊണ്ട് കത്തി മിനുസമുള്ള പൊടിയില്‍ ഉരക്കും. നല്ല തെളിച്ചമുള്ള വെള്ളനിറവും മൂര്‍ച്ചയും കത്തിയുടെ തലപ്പിലുണ്ടാകും വരെ അത് തുടരും. പഴയ ഒരു തുണിയും കയ്യില്‍ കരുതും. എല്ലാം തയ്യാറെന്ന് ഉറപ്പാക്കിയാല്‍ അയല്‍പക്കത്തെ വീട്ടിലേക്ക് നോക്കി നീട്ടിയൊരു കൂവല്‍. അതിന് മറുപടിയായി മറ്റൊരു കൂവല്‍ അവിടെ നിന്നുയരും. കൊള്ളിക്ക് (വിറക് ശേഖരണം) പോകാന്‍ റെഡി ആയെന്ന ആശയവിനിമയമാണ് അതിലൂടെ നടക്കുന്നത്.
വെയില്‍ മെല്ലെ മുളപൊട്ടി വിതറുമ്പോള്‍ ഉമ്മയും രണ്ടോ മൂന്നോ സുഹൃത്തുക്കളും കൂടി ഇറങ്ങും. നാട്ടിലെ വീടുകള്‍ക്ക് മുന്‍പിലും പിന്നിലുമായി ആളുകള്‍ നടന്നുണ്ടാക്കിയ വഴികളുണ്ട്. അതിലൂടെയും വലിയ പറമ്പുകളിലൂടെയും ഇക്കൂട്ടം നീങ്ങും. പോകുന്ന വഴിയില്‍ 'ആഗോള കാര്യ'ങ്ങളാണ് ചര്‍ച്ചയിലുണ്ടാകുക. അന്ന് രാവിലെ വീട്ടിലുണ്ടാക്കിയ ഭക്ഷണം, മക്കള്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നതിലുള്ള അമ്മമാരുടെ ആധി, ചെറുചൂടോടെയുള്ള പരദൂഷണം, ഏതേലും വീട്ടില്‍ ഈയിടെ കല്യാണം കഴിഞ്ഞു വന്നവരുടെ പത്രാസ് എന്നിവയെല്ലാം സംസാരത്തില്‍ കടന്നുവരും. വഴിയില്‍ കുന്നു കയറുന്നതിന്റെ ആയാസം കുറക്കാനുള്ള വഴി കൂടിയാണ് ഈ പരദൂഷണം പറച്ചില്‍. ഒന്നര കിലോമീറ്റര്‍ അപ്പുറത്താണ് ലക്ഷ്യസ്ഥാനമായ അള്ളോത്ത് (അങ്ങനെയാണ് ആ സ്ഥലത്തെ പറഞ്ഞിരുന്നത്). തെയ്യം നടക്കുന്ന മുഖപ്പറമ്പിന്റെ പിറകിലൂടെ ടാറിട്ട റോഡും മുറിച്ചു കടന്ന് ചെറിയ റോഡിലൂടെ നടന്നുവേണം അവിടെയെത്താന്‍.
തട്ടുകളായി തിരിച്ച വലിയ തെങ്ങിന്‍തോപ്പുകളും കാടും ചേര്‍ന്ന ഇടമാണ് അള്ളോത്ത്. നല്ല വെയിലുണ്ടാകുമെങ്കിലും വിറകുകൊള്ളികളും ആവശ്യത്തിന് തെങ്ങോലയും അവിടെയുണ്ടാകും. രണ്ട് മണിക്കൂറോളം വിറക് കൊത്തിയും മുറിച്ചും ഓല തരക്കിയും (തേങ്ങോല മട്ടലില്‍ നിന്ന് കത്തിക്കാന്‍ പാകത്തിന് മുറിച്ചെടുക്കുന്നതിനെ പറയുന്നത്) ശേഖരണം നടക്കും. ദിവസങ്ങളോളം വെള്ളത്തില്‍ നനച്ചിട്ട് ഉണക്കിയെടുത്ത നല്ല ഉറപ്പുള്ള വാഴയുടെ നാരുകളാണ് കെട്ടാനുള്ള കയര്‍. കാട്ടിലെ ചില വള്ളികളും ഇതിനായി കരുതും. നീളത്തിലുള്ള മൂന്ന് നാരുകള്‍ ഇടവിട്ട് നിലത്ത് വിരിക്കും. അടിയില്‍ ഓലയും അതിന് മേലെ കൊള്ളികളുമായി അടുക്കിവെക്കും. ചുള്ളിക്കമ്പുകള്‍ മുതല്‍ നല്ല മരക്കഷ്ണം വരെ വെക്കുന്നതില്‍ ഉള്‍പ്പെടും.
വാസ്തവത്തില്‍ ഇവിടെയാണ് കഥ തുടങ്ങുന്നത്. ഈ കൊള്ളി സെറ്റാക്കുന്നതില്‍ നാട്ടിന്‍പുറത്തെ സ്ത്രീകളുടെ വിരുത് കാണാനാകും. അത് ഉമ്മയില്‍ നിന്നാണ് ഞാന്‍ ആദ്യം കണ്ടുപഠിച്ചത്. ഓലയ്ക്ക് മേലെ ഒരു നിര കൊള്ളിവെക്കും. തെങ്ങിന്‍പറമ്പിലെ കൈതച്ചക്കകള്‍ പൊട്ടിച്ചെടുത്ത് അതിനുള്ളിലാണ് വെക്കുക. പക്ഷികളും മൃഗങ്ങളും പറമ്പിന്റെ ഉടമയും കാണാത്തതിനാല്‍ ബാക്കിയായ കൈതച്ചക്കകളാണത്. കാട്ടില്‍ നിന്നുള്ള കൈതച്ചക്കയുടെ മധുരം ഇപ്പോഴും നാവിലുണ്ട്. ഇതോടൊപ്പം ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയ സാധനങ്ങളും കടത്തുന്നത് ഈ കെട്ടിലൂടെയാണ്. ഇപ്പോള്‍ വിമാനത്താവളത്തിലും മറ്റും ലഗേജുകള്‍ക്കുള്ളില്‍ നിറച്ച് സാധനങ്ങള്‍ കടത്തുന്നതിന്റെ ആദ്യരൂപമെന്ന് വേണമെങ്കില്‍ ഇതിനെ പറയാം. ഇങ്ങനെ വെച്ച ശേഷം അതിനുമേലെ വീണ്ടും മരക്കഷ്ണങ്ങളും കൊമ്പുകളും നിരത്തും. മുകളില്‍ ഇവയെ പൊതിഞ്ഞുകൊണ്ട് ഓലകളും. സംഗതി ഭദ്രം.
താങ്ങാവുന്ന ലോഡായാല്‍ കെട്ട് മുറുക്കും. കയ്യിലെ പഴയ തുണി ടയറുപോലാക്കി തലയില്‍ വെക്കും. നടു മടങ്ങി നിന്ന് കൊള്ളിക്കെട്ട് താങ്ങിപ്പിടിച്ച് ഇതിനുമേലെ വെക്കും. ഉയര്‍ന്നുനിന്ന് എല്ലാരും സെറ്റായാല്‍ മെല്ലെ വീടെന്ന ലക്ഷ്യത്തിലേക്കുള്ള തിരിച്ചുനടത്തം. വയലില്‍ കളി കഴിഞ്ഞ് വിയര്‍ത്തു നില്‍ക്കുന്ന എനിക്ക് ദൂരെനിന്ന് കൊള്ളിക്കെട്ടും താങ്ങിക്കൊണ്ടുള്ള ഉമ്മയുടെ വരവ് വലിയ സന്തോഷമാണുണ്ടാക്കുക. അടുത്തെത്തിയാല്‍ കൊള്ളിക്കെട്ടിലെ ഓലയുടെ മറവിലേക്കാകും എന്റെ നോട്ടം. ഓല നന്നായി പൊതിഞ്ഞിട്ടുണ്ടെങ്കില്‍ മനസ്സില്‍ സന്തോഷം ഇരട്ടിക്കും. കാരണം മധുരമുള്ള കള്ളമുതല്‍ കുറേയുണ്ടാകുമെന്ന് ചുരുക്കം.
വെയിലേറ്റ് തളര്‍ന്ന ഉമ്മ വീട്ടിലെത്തിയാല്‍ തോര്‍ത്തുകൊണ്ട് മുഖത്തെയും കഴുത്തിലെയും വിയര്‍പ്പൊക്കെ തുടച്ച് കൊള്ളിക്കെട്ട് പൊളിക്കും. ഒരിടത്തിരുന്ന് കൈതച്ചക്ക എടുത്ത് തോല്‍ ചെത്തി പഞ്ചസാരയിട്ടുതരും. പേരിന് ഒരു കഷ്ണം കഴിച്ചെന്നുവരുത്തുന്ന ഉമ്മ ഓരോ കഷ്ണവും എന്നെക്കൊണ്ട് തീറ്റിക്കാന്‍ പരിശ്രമിക്കും. കൈതച്ചക്ക വലിയ ഇഷ്ടമുള്ള ഞാന്‍ അവ ആസ്വദിച്ച് കഴിക്കും. മധുരത്തില്‍ മയങ്ങി രുചിച്ച് കഴിക്കാറുള്ള എനിക്ക് ഉമ്മയുടെ വിശപ്പിനെപ്പറ്റി ചിന്തിക്കാനുള്ള ബോധമൊന്നും അന്നുണ്ടായിരുന്നില്ല. അവസാനം പ്ലേറ്റില്‍ അടിഞ്ഞുകൂടിയ കൈതച്ചക്കയും പഞ്ചസാരയും കലര്‍ന്ന നീര് മൊത്തം കുടിച്ച് വയറ് നിറച്ചാണ് ഉമ്മയുടെ മുഖത്തേക്ക് നോക്കുക. വയറ്റിലെ പാതിവിശപ്പിലും എന്റെ സന്തോഷം കണ്ട് ഉള്ള് നിറയുന്ന ഉമ്മയുടെ മുഖമാണ് അപ്പോള്‍ കാണാനാകുക. മറ്റെല്ലാ പ്രതിസന്ധികളും മറന്ന് ആ മുഖത്ത് അന്നേരം പുഞ്ചിരി വിടരുന്നതും കാണാം. നാട്ടിന്‍പുറത്തെ സാധാരണക്കാരായ ഒരോ അമ്മമാര്‍ക്കും ഇതേ മുഖമായിരുന്നുവെന്ന് ഇന്നോര്‍ക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
(മാതൃഭൂമി ദിനപത്രത്തിന്റെ മലപ്പുറം റിപ്പോർട്ടറാണ് ലേഖകൻ)
Content Highlights: Sweetness of Motherhood: Memories written by Kabeer Chavassery