'അവിടെ നിന്നെനിക്ക് വലിയ ശമ്പളം കിട്ടി, ദിവസം ഒന്നര രൂപ, അതിന്റെ തിളക്കം അമ്മയുടെ മുഖത്തായിരുന്നു'

#ഇന്ദ്രൻസ്
ഇന്ദ്രൻസിന്റെ അമ്മ ഗോമതി, ഇന്ദ്രൻസ് | ചിത്രങ്ങൾ: മാതൃഭൂമി
ഇന്ദ്രൻസിന്റെ അമ്മ ഗോമതി, ഇന്ദ്രൻസ് | ചിത്രങ്ങൾ: മാതൃഭൂമി

വീട്ടീന്നെറങ്ങി നടന്നു. ഇനി എന്തുചെയ്യണമെന്നറിയാതെ മനസ്സ് കൊഴഞ്ഞുമറിഞ്ഞു. തത്കാലം എങ്ങോട്ടെങ്കിലുമൊന്ന് മാറിമറഞ്ഞിരിക്കണം. മുറിഞ്ഞപാലത്തുള്ള പട്ടം പബ്ലിക് ലൈബ്രറിയെ ലക്ഷ്യമാക്കി നടന്നു. പഠിച്ചിരുന്ന യു.പി. സ്‌കൂള്‍ കടന്നുവേണം വായനശാലയിലെത്താന്‍. വായനശാലയിലെത്തുന്നതിനുമുന്‍പ് ഒരുകാര്യം മനസ്സിലുറപ്പിച്ചു. ഇനി മാമന്റെ തയ്യല്‍ക്കടയിലേക്കില്ല. വീടിന്റെ പരിസരത്ത് അധികം ദൂരത്തല്ലാതെ വേറെ തയ്യല്‍ക്കടകളുണ്ടെങ്കിലും അവിടെയൊക്കെ ചെന്ന് ജോലി ചോദിക്കാന്‍ പേടിയായിരുന്നു. 'മാമനറിഞ്ഞാലോ? അല്ലെങ്കിലിനി ഇവര് പോയി മാമനോട് പറഞ്ഞാലോ?' 

മാമന്റെ തയ്യല്‍ക്കടയില്‍വെച്ച് പല സന്ദര്‍ഭങ്ങളിലും മേസിരിമാര്‍തമ്മില്‍ ചര്‍ച്ചചെയ്യാറുള്ള പ്രസിദ്ധമായ പല തയ്യല്‍ക്കടകളുടെയും പേര് മനസ്സില്‍ തെളിഞ്ഞു. അതിന്റെയെല്ലാം കേന്ദ്രം പാളയമാണ്. തയ്യല്‍സാമഗ്രികള്‍ വാങ്ങുന്ന കടകളും പാളയത്താണ്. കീര്‍ത്തികേട്ട തയ്യല്‍ക്കടകളിലൊന്നില്‍ കേറിപ്പറ്റാന്‍ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു. ഈ കൊതിപ്പിനിടെ പൂച്ച കുറുകേ ചാടുമ്പോലെ വായനശാലക്കാരന്‍ എന്തോ ചോദിച്ചു. ഞാനയാളെ നോക്കി. മറുപടിയൊന്നും പ്രതീക്ഷിക്കാത്തതുപോലെ അയാളോരോന്ന് ചെയ്തുകൊണ്ടിരുന്നു. ഞാനിത്തിരിനേരം അത് നോക്കിയിരുന്നു. പിന്നെ ഞാന്‍ ചോദിച്ചു. ''പാളയത്ത് പോണ വഴിയേതാ?'' അയാള്‍ വഴിയല്ല, മാര്‍ഗം പറഞ്ഞുതന്നു. ''ഇപ്പോ ഇവിടെ എറങ്ങിനിന്നാ ഗൗരീശപട്ടം പാളയം സിറ്റി ബസ് വരും. പത്തുപൈസ കൊടുത്താ പാളയം പള്ളീരമുമ്പെയെറങ്ങാം.'' 'പത്ത് പൈസ' പെട്ടെന്നെന്റെ കൈ നിക്കറിന്റെ കാലിലേക്ക് പോയി. എന്റെ രഹസ്യ അറ. നിക്കറിന്റെ കാല് മടക്കി തയ്ച്ചതിനിടയിലൂടെ തിരുകിക്കയറ്റിവെച്ചിരുന്ന പത്ത് പൈസ അവിടെ ഭദ്രമായിരുന്നു. ഇനി ആലോചിക്കാന്‍ സമയമില്ല. ഞാനാ നാണയം ധൃതിയില്‍ ഞെക്കിഞെക്കി പുറത്തുചാടിച്ചു. ഒപ്പം വായനശാലയില്‍നിന്ന് ഞാനും പുറത്തേക്ക് ചാടി.

മെഡിക്കല്‍കോളേജില്‍നിന്ന് കുമാരപുരം ഗണപതികോവില്‍ തിരിഞ്ഞ് സ്‌കൂളിന്റെ മുന്‍പിലൂടെ ഗൗരീശപട്ടംവഴി അപൂര്‍വമായേ ബസ്സുണ്ടായിരുന്നുള്ളൂ. വീതികുറഞ്ഞ റോഡാണ്. സ്ഥിരമായി കാണാറുള്ള പച്ച സിറ്റി ബസ്. ഞാനാദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ ബസ്സില്‍ കയറുന്നത്. തിരികേ നടന്നുവരാനുള്ളതുകൊണ്ട് വഴിതെറ്റാതിരിക്കാന്‍ അടയാളങ്ങളൊക്കെ കണ്ടുവെച്ചായിരുന്നു യാത്ര. പാളയം എന്നെ വിസ്മയിപ്പിച്ചു. അതിനുമുന്‍പ് കുമാരപുരം വിട്ട് പോയിട്ടുള്ളത് പേട്ട കാര്‍ത്തിക തിയേറ്ററിലാണ്. 'വിവാഹിത' സിനിമ കാണാന്‍. അമ്മയ്‌ക്കൊപ്പം നടന്നുപോയി. പിന്നൊരിക്കെ ഷാഹുലും ശശിയും ഒക്കെക്കൂടെ തമ്പാനൂരില്‍ ഹിന്ദി സിനിമ കാണാന്‍പോയി. 'ഹാത്തി മേരാ സാത്തി', അജന്താ തിയേറ്ററില്‍. ബസ്സിറങ്ങിയിടത്തുതന്നെ കൊറെ നേരം നിന്നു. പാളയംപള്ളി കണ്ട് അന്തംവിട്ടു. നടുറോഡില്‍ ഒരു ചവിട്ടുപടിയുടെ പൊക്കത്തില്‍ തടിയിലുണ്ടാക്കിയ വലിയൊരു റൗണ്ട് പീഠം. അതിന്റെ ഒത്തനടുക്ക് കുത്തിനിര്‍ത്തിയ തടിയന്‍ തടിക്കുട. മുകളില്‍ വെള്ളയും ചുവപ്പും വരകള്‍. കുടയ്ക്കുകീഴേ ആ പീഠത്തില്‍നിന്ന് ഒരു പോലീസുകാരന്‍ വണ്ടികളെ നിയന്ത്രിക്കുന്നു. വട്ടത്തൊപ്പി വെച്ച ട്രാഫിക് പോലീസുകാരെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊക്കെ കാണുന്നത് ആദ്യമാണ്.

ചുറ്റിലും റോഡും വണ്ടികളും. ഏതിലേ പോയാലാണ് എന്റെ മനസ്സില്‍ പതിഞ്ഞ തയ്യല്‍ക്കടകളുള്ളതെന്നറിയില്ല. പള്ളിയുടെമുമ്പില്‍ ചേര്‍ന്നുചേര്‍ന്നിരിക്കുന്ന ഒരുവരി കടകളിലൊന്നിന്റെ മലയാളത്തിലെഴുതിയ വലിയ ബോര്‍ഡ് മനസ്സ് തണുപ്പിച്ചു. 'നമസ്‌തേ സ്റ്റോര്‍'. മാമന്റെ കടേന്ന് തയ്യല്‍സാധനങ്ങള്‍ വാങ്ങാന്‍ ആഴ്ചതോറും മണിയനും പമ്മിയണ്ണനും സൈക്കിളുമെടുത്ത് വരാറുള്ളത് ഓര്‍മ്മവന്നു.

റോഡ് മുറിച്ചുകടന്ന് നമസ്‌തേ സ്റ്റോറിലേക്ക് കയറി. അതിനകത്ത് നല്ല തിരക്കായിരുന്നു. സാധനങ്ങള്‍ എടുത്തുകൊടുക്കുന്നതില്‍ ഒരു പയ്യനുണ്ടായിരുന്നു. താടി കുലുക്കി എന്തെന്ന് എന്നോട് ചോദിച്ചു. വേറാരും കേള്‍ക്കാതെ മേശയില്‍ കൈയൂന്നി തല അവന്റെ അടുത്തേക്ക് നീട്ടി ചോദിച്ചു: ''തയ്യല്‍ക്കടകളെവിടെയാണ്...'' എന്ന്. ''ഏത് തയ്യക്കട?'' അരുതാത്തതെന്തോ കേട്ടപോലെ അയാളെന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി. പെട്ടെന്നെന്റെ വായില്‍ വന്ന പേരുകള്‍ ഞാന്‍ പറഞ്ഞുതുടങ്ങി. 'വെസ്റ്റേണ്‍', 'ഡ്യൂറോ...' പറഞ്ഞുതീരുംമുന്‍പ് അയാള്‍ മറുപടി പറഞ്ഞു: ''പഞ്ചാപ്പുരമുക്ക്, പള്ളീടെ ഇപ്പുറത്തുകൂടെ താഴോട്ടിറങ്ങിയാമതി.'' ഇത് കേട്ട് അടുത്ത് നിന്ന ഒരാള്‍ എന്നെ ശ്രദ്ധിച്ചു. അയാള്‍ ചോദിച്ചു: ''കൈവേലയ്ക്കാ.'' അതേന്ന് ഞാന്‍ തലകുലുക്കി. അയാളൊരു തയ്യല്‍ക്കാരനായിരിക്കുമെന്ന് ഞാന്‍ കരുതി. 

''ഡ്യൂറോയിലും വെസ്റ്റേണിലുമൊന്നും വേക്കന്‍സി കാണില്ല. അവിടെയെല്ലാം പീസ് വര്‍ക്ക്കാരാ. അപ്പിയൊരു കാര്യം ചെയ്യ്. റംഗൂണിലോ മിനര്‍വയിലോ ചോദിക്ക്.'' ഞാനിറങ്ങി അയാള്‍ ചൂണ്ടിക്കാണിച്ച ദിശയിലേക്ക് നടന്നു. പാളയംപള്ളിയോട് ചേര്‍ന്ന് റോഡില്‍നിന്ന് അകത്തേക്ക് മാറിയായിരുന്നു മെട്രോ ടെയ്ലേഴ്സ്. വലിയ പത്രാസൊന്നും ഇല്ലാത്ത നാലോ അഞ്ചോ തയ്യല്‍ക്കാരുള്ള ഒരു കട. ഞാന്‍ അതുവരെ കണ്ട തയ്യല്‍ക്കാരില്‍നിന്ന് സുന്ദരനും സൗമ്യനും ആയിരുന്നു അതിന്റെ ഓണര്‍. അദ്ദേഹം എന്നോട് പതിവ് ചോദ്യങ്ങളെല്ലാം ആവര്‍ത്തിച്ചു. അവിടത്തെ ജോലിക്കാരെല്ലാം വന്നുതുടങ്ങുന്നതേയുള്ളൂ. അവരൊക്കെ വന്ന് തയ്ച്ചുകഴിഞ്ഞാലേ എനിക്ക് തരാന്‍ പണിയുള്ളൂ. അതുകൊണ്ട് നാളെ രാവിലെമുതല്‍ തുടങ്ങാം. ശമ്പളമെല്ലാം പിന്നീട് തീരുമാനിച്ചാല്‍പോരേന്ന് ചോദിച്ചു. ജോലി ഉറപ്പായതില്‍ വലിയ സന്തോഷം തോന്നി. പക്ഷേ, ഇന്നത്തെ ഒരു ദിവസം എങ്ങനെ തള്ളിനീക്കുമെന്ന് ആലോചിച്ച് നടന്നു. ഇങ്ങോട്ട് ബസ്സില്‍ വന്നവഴിയേ കാഴ്ചകളൊക്കെ കണ്ടുകണ്ട് നടന്നു. വലിയ അക്ഷരത്തില്‍ ശംഖുംമുഖം എന്ന ബോഡ് വെച്ച ഒരു രണ്ടുനില ബസ് എന്നെ കടന്ന് മുമ്പോട്ട് പോയി. ശംഖുംമുഖത്തേക്കുള്ള വഴി അതാണെന്ന് മനസ്സിലായി. റോഡ്‌സൈഡില്‍ കാണുന്ന പൈപ്പീന്നൊക്കെ വെള്ളോംകുടിച്ച് ഞാനാ വഴിയേ നടന്നു.

ഒരുപാട് ദൂരെനിന്നേ കടപ്പുറവും കടലും കണ്ടുതുടങ്ങി. ദൂരേ കരിങ്കല്‍തൂണുള്ള മണ്ഡപം (ആറാട്ടുമണ്ഡപം). അവിടെ കുറച്ചുനേരം കടലും തിരമാലകളും നോക്കി ഇരുന്നു. ദൂരേ കടലിലേക്ക് തള്ളിനില്‍ക്കുന്ന കടല്‍പ്പാലം കണ്ടു. കടലില്‍നിന്ന് കരയിലേക്ക് ആളുകള്‍ വരിവരിയായി നില്‍ക്കുന്നത് ചെറുതായി കാണാം. മണ്ഡപത്തില്‍നിന്ന് ഇറങ്ങി നടന്നു. അടുത്തെത്തുന്തോറും വരിവരിയായി നിന്ന ആള്‍ക്കൂട്ടം കടലില്‍നിന്ന് വല വലിച്ചുകയറ്റുന്നതാണെന്ന് മനസ്സിലായി. വലിച്ചുകയറ്റിയ വടത്തിന്റെ അറ്റം കുറേയധികം ചുരുണ്ടുകിടന്നു. അവരുടെ ഒച്ചയും മനസ്സിലാകാത്ത ഭാഷയും നോക്കി ഞാന്‍ നിന്നു. കയറുമായി ബന്ധിപ്പിച്ചിരുന്ന ആ വല കരയ്ക്കടുക്കാറായെന്ന് അവരുടെ ആവേശവും ബഹളവുമൊക്കെ കണ്ടപ്പോ മനസ്സിലായി. ഞാന്‍ നടന്ന് അടുത്തേക്ക് ചെന്ന് അവരുടെ അധ്വാനം നോക്കിനിന്നു. കടലില്‍ പകുതിയോളം മുങ്ങിനിന്ന ഒരാള്‍ എന്നെ നോക്കി ഉറക്കെ എന്തൊക്കെയോ പറഞ്ഞു. എന്നെ വഴക്കുപറയുന്നതാണെന്ന് മനസ്സിലായി. കയറ് വലിക്കുന്നവരില്‍ എന്നെക്കാള്‍ വലിയ പയ്യന്മാരുണ്ടായിരുന്നു. അതിലൊരാള്‍ എന്നെ തലയാട്ടിവിളിക്കുന്നതോടൊപ്പം പറഞ്ഞ വാക്കുകളില്‍ ഒരു ചീത്തവാക്ക് ഉണ്ടായിരുന്നെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ഓടി അവരുടെ അടുത്തെത്തി. ആ കയറിന്റെ അവസാനത്തെ കണ്ണിയായി, ആ കയറിന് നല്ല തണുപ്പായിരുന്നു. എന്റെ ചെറിയ കൈക്ക് ഒതുങ്ങാത്തത്ര കനമുണ്ടായിരുന്നു. ഇത്തിരികഴിഞ്ഞപ്പോള്‍ എനിക്കും ഉത്സാഹമായി. അവര്‍ക്കൊപ്പം ഞാനും അലറിവിളിച്ചു. വല കരയ്ക്ക് അടുക്കുന്തോറും ആവേശം കൂടിക്കൂടിവന്നു. കരേന്നെവിടുന്നൊക്കെയോ പെണ്ണുങ്ങളും പിള്ളേരും കടലിലേക്ക് ഇറങ്ങിവന്നു. വലയോടൊപ്പം വള്ളങ്ങളില്‍നിന്നും ആളുകള്‍ കൂട്ടംകൂട്ടമായി കരയിലേക്ക് എത്തി വലിച്ചുകേറ്റി. എന്റെ ഉടുപ്പും നിക്കറും നനഞ്ഞു. നിക്കറിന്റെ പോക്കറ്റ് നിറയെ മണലായിരുന്നു. ആളൊഴിഞ്ഞ ഒരിടത്തേക്ക് മാറിനിന്ന് നിക്കറഴിച്ച് കുടഞ്ഞ് വൃത്തിയാക്കി. സന്തോഷം തോന്നി. നേരംപോയത് അറിഞ്ഞതേയില്ല. വെയിലാറിയതോടെ കടപ്പുറത്ത് ആള്‍ക്കാരും കച്ചോടക്കാരും നിറയാന്‍തുടങ്ങി. ഞാന്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് മാറിനടന്നു.

വെയിലണഞ്ഞു. മാനത്ത് പുതിയപുതിയ നിറങ്ങളില്‍ രൂപങ്ങള്‍ മാറിമാറിവന്നു. കടലിനും നിറം മാറി. ഓരോ തിരയ്ക്കും ഓരോ നിറമായി. അത് നോക്കിയിരുന്നപ്പോ മനസ്സിന്റെ ആധി അകന്നു. എനിക്കും നിറമുള്ള ചിറകുകള്‍ മുളച്ചു. വീട്ടിലേക്ക് പറന്നു. അന്ന് രാത്രി ഇന്ദിരേച്ചിയോട് കാര്യങ്ങള്‍ പറഞ്ഞു. ചേച്ചി അതിശയംപോലെ എന്നെ നോക്കി ചേച്ചി ശരിക്കും പേടിച്ചുകാണും. അച്ഛന്റെ മുന്നില്‍ പെടാതെ പരപരാ വെളുത്തപ്പോ എഴുന്നേറ്റ് കുളിക്കാന്‍പോയി. പൈപ്പിന്റെ മൂട്ടില്‍ എത്തുംമുമ്പുതന്നെ പുരുഷണ്ണന്‍ വീടിന്റെ മുമ്പിലെ കയ്യാലപ്പുറത്തിരുന്ന് പല്ലുതേക്കുന്നു. അണ്ണനെ കണ്ടത് വലിയൊരാശ്വാസമായി. മാമന്‍ പുറത്താക്കിയതും വേറേ തയ്യല്‍ക്കടയില്‍  ജോലിചെയ്യാന്‍ പോകുന്നതും എല്ലാം പറഞ്ഞു. അച്ഛന്റടുത്ത് കാര്യങ്ങള്‍ തഞ്ചത്തില്‍ പറഞ്ഞ് ശരിയാക്കാം. നീ ധൈര്യമായിട്ട് പെയ്ക്കോളാന്‍ അണ്ണന്‍ പറഞ്ഞു. കടയിലേക്ക് പോകാനിറങ്ങിയപ്പോള്‍, അമ്മ പുറത്തെ അയയില്‍ കിടന്ന തോര്‍ത്തെടുത്ത് തോളിലിട്ട് എന്റെ പുറകേ വന്നു.

ചേച്ചി പറഞ്ഞ് കാര്യങ്ങള്‍ അറിഞ്ഞുകാണും. ഇടവഴീന്ന് റോഡിലേക്ക് തിരിയാന്‍നേരത്ത് അമ്മ ചോദിച്ചു: ''ഇന്നലേം മിനിയാന്നും ഉച്ചയ്ക്ക് നീ എന്തര് തിന്ന്?'' ഞാനാലോചിച്ചു! ശരിയാണ് രണ്ടുദിവസം ഉച്ചയ്ക്ക് ഞാനൊന്നും തിന്നില്ല. വിശന്നതുമില്ല. ഉടുത്തിരുന്ന പേശയുടെ മടിത്തുമ്പിലെ കെട്ടഴിച്ച് അതിലുണ്ടായിരുന്ന പതിനഞ്ചുപൈസ എന്റെ കൈ പിടിച്ച് വെച്ചുതന്നു: ''എന്തെങ്കിലും വാങ്ങിച്ച് തിന്നോ. ജോലി കിട്ടീല്ലെങ്കി ഇങ്ങ് ഓടിവാ.'' അഞ്ചുപൈസയുടെ മൂന്ന് തുട്ട്. എനിക്കത് വാങ്ങാന്‍ മനസ്സുവന്നില്ല. ഞാനത് തിരികെ അമ്മയുടെ കയ്യില്‍ വെച്ചുകൊടുത്തിട്ട് അമ്മയെ സമാധാനിപ്പിച്ചു: ''ഇന്ന് ഉറപ്പായിട്ടും ജോലിക്കിരിക്കും. ഉച്ചയ്ക്ക് ശമ്പളത്തീന്ന് ഉച്ചപ്പറ്റ് വാങ്ങിക്കാം'' എന്നുപറഞ്ഞ് ഞാന്‍ നടന്നു. 

പുതിയ ജോലിസ്ഥലത്തൂന്ന് എനിക്ക് വലിയ ശമ്പളം കിട്ടി. ദിവസം ഒന്നരരൂപ. അതിന്റെ ചെറിയ തിളക്കം കണ്ടത് അമ്മയുടെ മുഖത്താണ്. രാവിലെ പോകുമ്പോള്‍ ഉച്ചയ്ക്ക് തിന്നാന്‍ ഗോതമ്പുപുട്ടോ ചോറോ പൊതിഞ്ഞുതരും. കൂട്ടാനൊന്നും ഇല്ലാത്ത ദിവസം അമ്മ പറയും. ഒരു നാരങ്ങാപൊതി വാങ്ങിച്ചോളാന്‍. തുണ്ടുപാളയില്‍ പൊതിഞ്ഞ് വരുന്ന നാരങ്ങാ അച്ചാറിന് നല്ല രുചിയും മണവുമാണ്.

 കുറച്ചുദിവസമേ ഞാന്‍ മെട്രോ ടെയ്ലേഴ്സില്‍ ജോലിചെയ്തുള്ളൂ. ശമ്പളം കൂടുതല്‍ കിട്ടാന്‍ സാധ്യതയുള്ള വേറെ കടകളന്വേഷിച്ച് ജോലിചെയ്യാന്‍ തീരുമാനിച്ചു. അക്കാലത്ത് പാളയത്ത് ഒരുപാട് വലിയ തയ്യല്‍ക്കടകളുണ്ടായിരുന്നു. അന്‍പതിലധികം മെഷ്യനുകളും അതിലധികം ജോലിക്കാരുമുള്ള സ്ഥാപനങ്ങള്‍. അവിടെയൊക്കെ എന്നെപ്പോലുള്ള കൈജോലിക്കാര്‍ക്ക് ഒരു പാന്റിനോ ഷര്‍ട്ടിനോ ബട്ടണ്‍ ഹോളും ബട്ടണും മറ്റ് ഫിനിഷിങ് പണികളുമൊക്കെ ചെയ്യുന്നതിന് ഇത്ര പൈസ എന്ന കണക്കാണ്. എത്രവേണമെങ്കിലും ജോലിചെയ്യാം. 

ഓരോ സ്ഥാപനത്തില്‍ ചെല്ലുമ്പോഴും ജോലിചെയ്തുകാണിക്കണം. വൃത്തിയുണ്ടോ? കൈസ്പീഡുണ്ടോ എന്നൊക്കെ നോക്കിയിട്ടേ ജോലിക്കിരുത്തൂ. വലിയ പരീക്ഷണങ്ങളാണ്. പ്രത്യേകിച്ച് ഞാന്‍ ചെറുതായതുകൊണ്ട്. അധികകാലം കൈത്തുന്നല്‍തന്നെ ചെയ്തതിന്റെ ഗുണം ഞാനനുഭവിച്ചറിഞ്ഞു. ജോലിയില്‍ നല്ല സ്പീഡും വൃത്തിയും ഉണ്ടായിരുന്നതുകൊണ്ട് ആ കാരണത്താല്‍ ആരും എന്നെ ഒഴിവാക്കിയില്ല. എന്റെടുത്ത് നല്ല സ്‌നേഹമായിരുന്നു. മിഷ്യനില്‍ തയ്ക്കാന്‍ അറിയാമായിരുന്നിട്ടും വര്‍ഷങ്ങളുടെ മുന്‍പരിചയം ഉണ്ടായിരുന്നിട്ടും ആരും അതിന് അനുവദിക്കാത്തത് എനിക്ക് ശരീരവലുപ്പം ഇല്ലാത്തതുകൊണ്ടാണല്ലോ എന്നോര്‍ത്ത് വെഷമിച്ചിട്ടുണ്ട്. കൈത്തയ്യലാണെങ്കിലും കിട്ടുന്ന അവസരവും വരുമാനവും വീട്ടില്‍ വലിയ ആശ്വാസമായിരുന്നു. വെസ്റ്റേണ്‍ ടെയ്ലേഴ്സിലെ ഒരു കാഴ്ച എനിക്ക് അതിശയവും സമാധാനവുമായി. അവിടെ കൈത്തുന്നലില്‍ ഏര്‍പ്പെട്ടിരുന്നത് എന്നെക്കാള്‍ പ്രായമുള്ള വലിയ ആള്‍ക്കാരായിരുന്നു. മിഷ്യനില്‍ തയ്ക്കുന്നവരെക്കാള്‍ വരുമാനവും ഇവര്‍ക്കുണ്ട്. കടയിലെ വലിയ ഹാളിന്റെ സൈഡിലെ ഒരു ചായ്പില്‍ ഏഴെട്ടുപേര്‍ ഒരുമിച്ചിരുന്ന് ബട്ടണും ഹോളും ഒക്കെ തയ്ക്കുന്നു. സൂചിയും കയ്യും കാണാന്‍പറ്റാത്തത്ര സ്പീഡാണ്. ചെണ്ടവിദ്വാന്മാരെപ്പോലെ കയ്യുടെ ചലനത്തിനൊപ്പം താളത്തില്‍ തലകുലുക്കിക്കൊണ്ടിരുന്നു. കൂട്ടത്തോടെ സൂചിയും വിരലിലെ ടിമ്പിളും തമ്മിലുരഞ്ഞ് കടുകുവറുക്കുന്നതുപോലെ ഒരു ശബ്ദം കേള്‍ക്കാം. മത്സരമായിരുന്നു അവര്‍ തമ്മില്‍. ലീവായിരുന്ന ഒരാള്‍ക്ക് പകരം ഒരാഴ്ചയേ എനിക്ക് അവിടെ അവസരമുണ്ടായിരുന്നുള്ളൂ. അവര്‍ക്കൊപ്പം എത്താനുള്ള ശ്രമം എന്നെ കൂടുതല്‍ ഉത്സാഹിയാക്കി.

പാളയം കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ തയ്യല്‍ക്കടകളുള്ളത് സ്റ്റാച്യുവിലാണ്. സെക്രട്ടേറിയറ്റിനുമുമ്പിലെ 'മാധവരായര്‍' പ്രതിമയുടെ പുറകിലൂടെ ജന്നല്‍ ആശുപത്രി ജങ്ഷനിലേക്കുള്ള ഒറ്ററോഡിനിരുവശത്തും തയ്യല്‍ക്കടകളുണ്ട്. ഒരുദിവസവും ജോലി മുടക്കാറില്ല. നേരത്തേ ജോലി കഴിഞ്ഞ് കടയില്‍നിന്നിറങ്ങുന്ന ദിവസങ്ങളിലാണ് ഇങ്ങനെ പുതിയ കടകളില്‍ ജോലിയന്വേഷിക്കുന്നത്. ആദ്യം കണ്ട തയ്യല്‍ക്കടയില്‍ കേറാന്‍തുടങ്ങിയിട്ട് ഒന്നറച്ചുനിന്നു. കേറുന്ന പടിയുടെ സൈഡില്‍ അയകെട്ടി കാക്കിത്തുണികള്‍ നനച്ച് ഉണങ്ങാനിട്ടിരുന്നു. അകത്ത് ചുവരില്‍ തയ്ച്ച് നിരത്തി തൂക്കിയിരുന്നതും കാക്കി! മിഷ്യനുകളില്‍ തയ്ച്ചുകൊണ്ടിരിക്കുന്നതും കാക്കി! പോലീസുകാരുടെ യൂണിഫോം മാത്രം തയ്ക്കുന്ന കടയാണെന്ന് തോന്നി. എന്റെ മനസ്സ് പറഞ്ഞു. കേറണ്ട. അവിടെ ചാന്‍സ് കിട്ടിയാലും കഷ്ടപ്പാടാ. കട്ടിയുള്ള കാക്കിത്തുണിയില്‍ എമ്മിങ് ചെയ്യാനും ബട്ടണ്‍ ഹോളും ബട്ടണും തയ്ക്കാനും വലിയ പാടാ. വിരലില്‍ സൂചിക്കുത്ത് കൂടുതല്‍ കൊള്ളേണ്ടിവരും. അതുകൊണ്ട് ഞാന്‍ അടുത്ത കടയിലേക്ക് വെച്ചുപിടിച്ചു. അവിടെ നീണ്ട ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ് അദ്ദേഹം എന്നോട് പറഞ്ഞു. നാഗപ്പന്റെ കടയില്‍ ആളുവേണം. നീ അവിടെ പോയി ചോദിച്ച് തല്‍ക്കാലം അവിടെയിരി. കൊറച്ചുദിവസം കഴിഞ്ഞിട്ട് ഇങ്ങോട്ട് പോരേ. അതുംപറഞ്ഞ് നേരേ എതിര്‍വശത്തുള്ള ഇടറോഡിന്റെ അങ്ങേയറ്റത്തുള്ള ഒരു കട ചൂണ്ടിക്കാണിച്ചുതന്നു. ''നീ അവിടെ ചെന്ന് പറ. മാനുവല്‍മേശിരി പറഞ്ഞുവിട്ടതാണെന്ന്.'' ഞാനവിടന്നിറങ്ങി. ആ ഇടവഴി മൂന്നായി തിരിയുന്ന ഒരു മൂലയ്ക്കാണ് ഈ കട. രണ്ടുവശത്തും നിരവാതില്‍. കടയ്ക്ക് പുറത്ത് തിണ്ണയില്‍ സ്റ്റൂളിട്ട് അതിലിരുന്ന് ഒരു പയ്യന്‍ ബ്ലൗസില്‍ ഹുക്ക് തയ്ക്കുന്നു. ഞാനവിടെനിന്ന് അകത്തേക്ക് നോക്കി. പത്മാ ടൈലേഴ്സ് എന്ന് പേരുള്ള നാഗപ്പന്‍മേസിരിയുടെ കട. ചുവര് കാണാന്‍പറ്റാത്തവിധം പല നിറങ്ങളിലുള്ള 'ജമ്പറുകള്‍' തച്ച് നിരത്തി തൂക്കിയിരുന്നു. വെട്ടിയ തുണികള്‍ ചുരുട്ടിക്കെട്ടി മേശപ്പുറത്ത് ഉയരത്തില്‍ അടുക്കിയടുക്കി വെച്ചിരുന്നു. അതിന്റെ മറവില്‍നിന്ന് നാഗപ്പന്‍മേസിരി വെട്ടിക്കൊണ്ട് നിന്നു. മേസിരിയുടെ ചുറ്റിലും ഞെങ്ങിഞെരുങ്ങി നാല് തയ്യല്‍മെഷ്യന്‍. ഒറ്റനോട്ടത്തില്‍ നാഗപ്പന്‍മേസിരിയും മറ്റ് തയ്യല്‍ക്കാരും തുണികള്‍ കടിച്ചുകീറുന്ന ദേഷ്യത്തിലാണെന്ന് തോന്നും. ആരും തലപൊക്കി നോക്കുന്നതേയില്ല. ഞാന്‍ കൊറേനേരം അവരെയെല്ലാം നോക്കിനിന്നു. അടുത്ത പടി കയറിയപ്പോഴേക്കും ഇനിയൊരു ചുവട് അകത്ത് ഇടമില്ലാത്തവിധം മേശ പുറത്തേക്ക് തള്ളിനിന്നു. ഞാനാ മേശയോട് ചേര്‍ന്നുനിന്നു. ആരും മിണ്ടുന്നില്ല. അലറിക്കൊണ്ടിരുന്ന നാല് മിഷ്യന്റെയും ശബ്ദത്തിന് മുകളിലെത്താന്‍തക്കവണ്ണം ഉച്ചത്തില്‍ ഞാന്‍ മുന്നോട്ടാഞ്ഞ് വിളിച്ചു. മേസിരി... മേസിരീ... രണ്ടാമത്തെ വിളി കഴിഞ്ഞ് വെട്ടിക്കൊണ്ടിരുന്ന തുണിയിലേക്ക് ഞാന്‍ നോക്കി. ഒരു ബാക്ക് ഓപ്പണ്‍ ബ്ലൗസിന്റെ തോളില്‍നിന്ന് പുറകുകഴുത്തിന്റെ ഇറക്കമിറങ്ങി വളവ് തിരിഞ്ഞ് കത്തിരി വലതുവശത്തേക്ക് ഒതുക്കിവെച്ച് കൈ നിവര്‍ന്ന് ഇടതുകൈയുയര്‍ത്തി എന്നെ നോക്കി ചൊറിഞ്ഞുചൊറിഞ്ഞ് നിന്നു. ''കൈവേലയ്ക്ക് ആള് വേണോ. ഇവിടെ വന്ന് ചോദിക്കാന്‍ മാനുവല്‍മേസിരി പറഞ്ഞു.''

നാഗപ്പന്‍മേസിരി ഇടതുകൈ മാറ്റി വലതുകൈ ചൊറിഞ്ഞു. ഒരക്ഷരം മിണ്ടാതെ എന്നെ നോക്കി കരയുന്നതുപോലെ നിന്ന് രണ്ടുകൈയും മാറിമാറി ചൊറിഞ്ഞു. ചോദിച്ചത് കൊഴപ്പായോ? ഞാനങ്ങ് വെഷമിച്ച്‌പോയി. ഇത്തിരിനേരംകൂടെ ചൊറിഞ്ഞിട്ട് കരയുംപോലെ എന്നോട് ചോദിച്ചു. സ്ഥിരമായിട്ട് വര്വോ...? ആവേശത്തോടെ ഞാന്‍, വരുമെന്ന് തലകുലുക്കി. ''എന്നാ തിങ്കളാഴ്ചമുതല് വാ...'' എന്ന് പറഞ്ഞ് ചൊറിച്ചില്‍ നിര്‍ത്തി ജോലി തുടങ്ങി. 

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഡിജിറ്റല്‍ വരിക്കാരാവാന്‍ ഇവിടെ ക്ലിക് ചെയ്യൂ

നാഗപ്പന്‍മേസിരി സൗമ്യനായിരുന്നു. കഠിനാധ്വാനിയും. നാല് മിഷ്യനും നിലയ്ക്കാതെ തച്ചുകൊണ്ടിരിക്കും. സ്പീഡുള്ള ജോലിക്കാര്‍. തച്ചുതീരുന്നതനുസരിച്ച് അടുത്തത് വെട്ടിക്കൊടുക്കും. അതിനിടയ്ക്കാണ് തയ്ക്കാന്‍ കൊണ്ടുവരുന്നവരോടും തിരികെ കൊണ്ടുപോകുന്നവരോടുമൊക്കെ സ്‌നേഹത്തോടെയുള്ള പെരുമാറ്റം. കൈയിലും കാലിലുമൊക്കെ ചെറിയ പറ്റലുണ്ട്. എണ്ണപുരട്ടലും കഷായംകുടിക്കലുമൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ചൊറിയാന്‍തുടങ്ങിയാപിന്നെ കൊറേനേരം കണ്ണുതള്ളി കൊഞ്ഞനംകാണിക്കുന്നതുപോലെ നിന്ന് ചൊറിയും. ആരോടും ദേഷ്യപ്പെടാറില്ല. ജോലിയില്‍ എന്തെങ്കിലും കുറ്റം കണ്ടാല്‍പോലും ശാസിക്കുന്നത് കെഞ്ചി യാചിക്കുന്നതുപോലെയിരിക്കും. നല്ല ഒത്ത തടിയും പൊക്കവും ഇരുനിറം, കട്ടിമീശ, എണ്ണക്കറുപ്പുള്ള ചുരുണ്ട തലമുടി. നടുക്ക് വകന്ന് രണ്ടുസൈഡിലേക്കും കോതിവയ്ക്കും. ഭംഗിയും ഗൗരവവുമുള്ള മുഖം മാറുന്നത് ചൊറിയുമ്പോള്‍ മാത്രം. ഞാന്‍ ജോലിതുടങ്ങി മൂന്നാലുദിവസം കഴിഞ്ഞിട്ടും ശമ്പളത്തിന്റെ കാര്യമൊന്നും മേസിരി പറയുകയോ ചോദിക്കുകയോ ചെയ്തില്ല. അതെനിക്കൊരാധിയായി. ഇരുന്ന കടയില്‍നിന്ന് ചാടിപ്പുറപ്പെട്ടതേ ശമ്പളം കൂടുതല്‍ കിട്ടാന്‍വേണ്ടിയാണ്. സാധാരണ ആഴ്ചയവസാനമേ ശമ്പളം കിട്ടാറുള്ളൂ. ഇനി ശനിയാഴ്ചവരെ കാക്കുകയേ നിവൃത്തിയുള്ളൂ. അതുവരെ ഞാന്‍ മിടുക്കനാണെന്ന് മേസിരിയെ തോന്നിപ്പിക്കയുംവേണം. അതുകൊണ്ട് നേരത്തേ അവിടെ കൈജോലി ചെയ്തുകൊണ്ടിരുന്നവനെക്കാള്‍ സ്പീഡായിട്ടും വൃത്തിയായിട്ടും ജോലിചെയ്തു. അങ്ങനെ ആധിയോടെ കാത്തിരുന്ന ആഴ്ചയുടെ അവസാനമെത്തി.

'ശമ്പളമെത്ര വേണമെന്ന് മേസിരി ചോദിക്കാത്തതിനുകാരണം തൊട്ടുമുമ്പ് ജോലിചെയ്തിരുന്ന കടയില്‍നിന്ന് കിട്ടിയിരുന്നത് ഒന്നരരൂപയാണെന്ന് മേസിരി അറിഞ്ഞുകാണുമോ?... അങ്ങനെയാണെങ്കില്‍ കുറച്ച് കൂട്ടിപ്പറഞ്ഞാലത് മോശമാകുമോ...' ഞാനാകെ കുഴഞ്ഞു. ശനിയാഴ്ച രാത്രി ഓരോ തയ്യല്‍ക്കാരായിട്ട് കണക്ക് നോക്കി ശമ്പളം വാങ്ങി പൊയ്ക്കൊണ്ടിരുന്നു. ഞങ്ങള് കൈത്തുന്നലുകാരുടെ ഊഴം അവസാനമാണല്ലോ. എല്ലാരും ഇറങ്ങിക്കഴിഞ്ഞപ്പോ ഞാനും പതുക്കെ എഴുന്നേറ്റു. നിക്കറില്‍ പറ്റിപ്പിടിച്ച നൂലിന്റെ തുണ്ടുകള്‍ ഇത്തിരി ശബ്ദത്തില്‍ ഊതിപ്പറത്തി. മേസിരി മിണ്ടുന്നില്ല. നിരപ്പലകയുടെ മറവില്‍ കഴുകി കമഴ്ത്തിവെച്ച അലൂമിനിയം ചോറ്റുപാത്രം ശബ്ദമുണ്ടാക്കി അടച്ച് പേപ്പറില്‍ പൊതിയാന്‍തുടങ്ങിയപ്പോള്‍ നാഗപ്പന്‍മേസിരി ചോദിച്ചു. ''സുരേന്ദ്രന്റെ കണക്കെങ്ങനയാ?'' ഞാന്‍ ചെറിയൊരാശങ്കയോടെ ശബ്ദം താഴ്ത്തി പറഞ്ഞു.

''നേരത്തേ ഇരുന്ന കടയില്‍ രണ്ടുരൂപയായിരുന്നു.'' പറഞ്ഞുതീര്‍ന്നതും ചാടിവീണപോലെ മേസിരി പറഞ്ഞു. ''ഞാനും അതേ തരൂ... അതേ ഉള്ളൂ... ഇത് കോട്ടും സൂട്ടും ഒന്നും തയ്ക്കുന്ന കടയല്ല. ജമ്പറും പാവാടയൊക്കെ... സുരേന്ദ്രന്‍ കണ്ടല്ലോ...'' ഞാനൊന്നും മിണ്ടിയില്ല. വലിയ സന്തോഷം തോന്നിയെങ്കിലും അത് പുറത്ത് വരാതെ അമര്‍ത്തിപ്പിടിച്ച് തൃപ്തനല്ലാത്തപോലെ നിന്നു. അത് മനസ്സിലാക്കിയിട്ടായിരിക്കും രൂപ തരുന്നതോടൊപ്പം മേസിരി പതുക്കെ പറഞ്ഞു. ''കൊറച്ച് കഴിയട്ട്... സീസണൊക്കെയാവുമ്പം നമുക്ക് കൂട്ടാം.'' മേസിരിയോട് ചിരിച്ച് യാത്രപറഞ്ഞ് പുറത്തിറങ്ങി നടന്നു. പക്ഷേ, മനസ്സ് എനിക്കുമുമ്പേ വീട്ടിലേക്ക് പറക്കുകയായിരുന്നു. അടുക്കളയും കിടപ്പുമുറിയും വേര്‍തിരിക്കുന്ന അരച്ചുവരിനപ്പുറത്ത് ചാരുകസേരയില്‍ അച്ഛനിരുന്നു. ഇപ്പുറത്തിരുന്ന് ഞാന്‍ ചോറ് തിന്നുമ്പോള്‍ ആ വിളക്കുവെട്ടത്തില്‍ പലപ്രാവശ്യം അമ്മ എണ്ണിനോക്കി... 'ശമ്പളം കിട്ടിയ പന്ത്രണ്ട് രൂപ.' 

ഉത്സാഹത്തോടെയായിരുന്നു നാഗപ്പന്‍മേസിരിയോടൊപ്പം ജോലിചെയ്തിരുന്നത്. നഗരത്തിലെ പല കാഴ്ചകളും കാണുകയും പഠിക്കുകയും ചെയ്തു. തിരക്കുപിടിച്ച സ്റ്റാച്യു റോഡില്‍നിന്ന് അല്പം അകത്തേക്ക് മാറിയായിരുന്നു തയ്യല്‍ക്കട. അതുകൊണ്ട് കടയ്ക്കകത്ത് നിന്നുതിരിയാനും പെരുമാറാനുമുള്ള സ്ഥലക്കുറവ് പരിഹരിച്ചിരുന്നത് കടയുടെ മുമ്പിലെ തിരക്കൊഴിഞ്ഞ ഈ ഇടവഴിയാണ് (ഉപ്പളം റോഡ്). മറ്റ് വാഹനങ്ങളെക്കാള്‍ കൈവണ്ടികളും കാളവണ്ടികളും കൂടുതലായിരുന്നു. കടയുടെ അടുത്ത പുരയിടം ഒഴിഞ്ഞ് കാടുപിടിച്ചുകിടന്നു. അധികം കാടുകയറാതിരിക്കാന്‍ നാണുനായരും എരുമയും കന്നും പരമാവധി ശ്രദ്ധിച്ചിരുന്നു. സ്റ്റാച്യു റോഡില്‍ ഞങ്ങളുടെ കട ഇരിക്കുന്ന വഴിയിലേക്ക് തിരിയുന്നതിനുമുമ്പായിരുന്നു നാണുനായരുടെ ചായക്കട. നാണുനായര്... നാണുനായര്... എന്ന് എല്ലാവരും പറയുന്നത് കേട്ടിരുന്നെങ്കിലും ഇതാണ് നാണുനായരെന്ന് വളരെ നാളുകള്‍ക്കുശേഷമേ മനസ്സിലായുള്ളൂ. മെലിഞ്ഞ് വെളുത്ത് വയറൊട്ടി മുന്‍പോട്ട് വളഞ്ഞ് പ്രായമുള്ള ഒരാള്‍. ചെറിയൊരു പേശയുടുത്ത് ഉടുത്തതിന്റെയും മുകളിലേക്ക് ഉയര്‍ത്തി മടക്കിക്കുത്തും. അതുകാരണം വെളുത്ത് മെലിഞ്ഞ കാലുകള്‍ പരമാവധി പുറത്ത് കാണാം. പേശയുടെ കാലപ്പഴക്കംകാരണം അതിന്റെ നിറവും വരയും കുറിയുമൊക്കെ പറയാന്‍ 
പ്രയാസമാണ്. സപ്ലൈചെയ്യാനും ചായയടിക്കാനും മേശതുടയ്ക്കാനും ക്യാഷ് കൗണ്ടറിലും നാണുനായരെ കാണാം. അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധിക്കാന്‍കാരണം  എരുമേംകൊണ്ട് കടയുടെ മുമ്പിലൂടെ തൊട്ടടുത്ത പുരയിടത്തില്‍ മേയാന്‍കൊണ്ടുവരുന്നതും പോകുന്നതുമാണ്.

വലിയൊരു തടിമാടന്‍ എരുമ. നടക്കാന്‍ മടിച്ചി. അതിന്റെ കഴുത്തില്‍ കെട്ടിയ കയറില്‍ പിടിച്ച് കൈവണ്ടി വലിക്കുന്നതുപോലെ നാണുനായര് മുന്നോട്ടാഞ്ഞ് വലിക്കും. എരുമ തലയുയര്‍ത്തി മാനത്ത് നോക്കുന്നതുപോലെ പതിയേ വലിക്കുന്നതനുസരിച്ച് നടന്നുകൊടുക്കും. ഉച്ചയ്ക്കുശേഷം തിരിച്ചും വലിച്ചുകൊണ്ടുപോകും. നടക്കാന്‍മാത്രമേ എരുമയ്ക്ക് മടിയുള്ളൂ. തിന്നുന്നതിനും റോഡ് നീളേ ചാണകമിടുന്നതിനും ഒരു കുറവുമില്ല. ഇതുകാരണം സന്ധ്യയ്ക്കുശേഷം കടയില്‍ കയറിവരുന്ന ഏതെങ്കിലുമൊരു കസ്റ്റമര്‍ അറിയാതെ ഈ ചാണകത്തില്‍ ചിവിട്ടിയിട്ട് കടയിലേക്ക് കേറിവരും. അവര്‍ക്ക് കാല് കഴുകാനും കടയുടെ തിണ്ണ കഴുകാനും വെള്ളം കോരുന്ന ജോലി ഞങ്ങള്‍ക്കാണ്. ഞങ്ങള്‍ക്കാകെയുള്ള ഇരിപ്പിടം ഈ തിണ്ണയാണ്.

നാഗപ്പന്‍മേസിരി കടപോലെതന്നെ വീട്ടുകാര്യങ്ങളിലും നല്ല ശ്രദ്ധയുള്ളയാളാണ്. പാല്‍ക്കുളങ്ങരയിലാണ് വീട്. സൈക്കിളിലാണ് യാത്ര. രാവിലെ കട തുറന്ന് പ്രാര്‍ഥനയും കഴിഞ്ഞ് ജോലി തുടങ്ങും. ഇതിനിടയ്ക്ക് പലതരം കച്ചവടക്കാരും വന്നുപോകും. ഇവരില്‍നിന്നൊക്കെ ചില പ്രത്യേകത തോന്നുന്ന കീരയോ പയറോ മീനോ കരുവാടോ ഒക്കെ വാങ്ങി സൈക്കിളുമെടുത്ത് പത്തുമണിക്കുമുമ്പ് അത് വീട്ടിലെത്തിച്ച് തിരിച്ചുവരും. മേസിരി തിരിച്ചുവരുന്നതുവരെയുള്ള ഇത്തിരിനേരം കളിയും ചിരിയും കഥപറച്ചിലും പാട്ടുകച്ചേരിയും ഒക്കെയായി ഞങ്ങള്‍ക്കൊരാഘോഷമായിരിക്കും. ദൂരേന്നേ മേസിരിയുടെ തല കാണുമ്പോള്‍ എല്ലാവരും പാവംപോലെയിരുന്ന് ജോലി തുടരും. മേസിരിക്ക് ഉച്ചയ്ക്ക് വീട്ടിന്ന് ഊണ് വരും. പത്രം ഇടുന്നവരെപ്പോലെ അക്കാലത്ത് ഉച്ചയാകുമ്പോ പലദിക്കില്‍നിന്നും ചോറ് കൊണ്ടുപോകുന്നവരുടെ ഒരു വലിയ നിരതന്നെ റോഡില്‍ കാണാം. കൂടുതലും സ്ത്രീകളാണ്. പല വീടുകളില്‍നിന്നുള്ള ചോറ്റുപാത്രങ്ങള്‍ ഒരു വലിയ കടവത്തില്‍ നിറച്ച് തലയില്‍ ചുമന്ന് പകുതി ഓടിയും നടന്നും വിയര്‍ത്തുകുളിച്ച് പോകുന്നത് കാണാം. ആണുങ്ങളാണെങ്കില്‍ ഒരു വലിയ വീഞ്ഞപ്പെട്ടി നിറയെ ചോറ്റുപാത്രങ്ങള്‍ നിറച്ച് സൈക്കിളിന്റെ പുറകില്‍ വെച്ചുകെട്ടി കൊണ്ടുപോകുന്നത് കാണാം. നഗരത്തിന്റെ പല 
ഭാഗങ്ങളില്‍നിന്നും സെക്രട്ടേറിയറ്റിലും മറ്റ് സ്ഥാപനങ്ങളിലും രാവിലെ ജോലിക്ക് വരുന്നവര്‍ക്ക് വീട്ടില്‍നിന്ന് ഉച്ചയ്ക്ക് ഊണെത്തിക്കുന്നത് ഇങ്ങനെയാണ്. സര്‍ക്കാരാപ്പീസുകളിലേക്ക് കൊണ്ടുപോകുന്നവഴിക്കുള്ള മറ്റ് സ്ഥാപനങ്ങളിലും ചോറ്റുപാത്രങ്ങള്‍ കൊടുത്ത് കൊടുത്ത് പോകും. നാഗപ്പന്‍മേസിരിയുടെ ഊണെത്തുന്നതും ഇങ്ങനെയാണ്. ഏത് തിരക്കിനിടയിലും ഇവരെയൊക്കെ കാണുമ്പോഴാണ് ഉച്ചയായല്ലോ എന്നോര്‍ക്കുന്നത്. 

തയ്യലുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മേസിരിയില്ലാത്ത സമയത്തുള്ള ഞങ്ങളുടെ ചര്‍ച്ചകള്‍. ഞായറാഴ്ച കാണുന്ന സിനിമകളെക്കുറിച്ചാണ് തുടര്‍ന്നുള്ള ദിവസങ്ങളിലെ പ്രധാന ചര്‍ച്ച. അത് ആ ആഴ്ചയുടെ അവസാനംവരെ നീണ്ടുനില്‍ക്കും. നാടകമാണെങ്കിലും സിനിമയാണെങ്കിലും  ഇനി കഥാപ്രസംഗമായാലും കടയില്‍ ഞങ്ങളാറുപേരേയുള്ളൂവെങ്കിലും രണ്ട് ചേരിയാണ്. 

അവരെല്ലാരും നസീര്‍പ്രേമികളാണ്. ഞാന്‍ മാത്രം മധു. ഞാന്‍ 'ആഭിജാത്യം' കണ്ടെന്നുപറഞ്ഞത് അവര്‍ക്കിഷ്ടപ്പെട്ടില്ല. ഉടനെ സദാനന്ദന്‍മേസിരി പറഞ്ഞു. നിര്‍ത്ത് നിര്‍ത്ത്... മധു, ശാരദ അല്ലേ. നല്ലൊരവധിദിവസം കളഞ്ഞു. പട്ടി മോങ്ങുംപോലെ പോയി മോങ്ങിയിട്ട് വന്നിരിക്കണ്. പോയാ 'ലങ്കാദഹന'മൊക്കെ കാണടാ.

ഞാമ്പറഞ്ഞു. അതെല്ലാം അടിപ്പടമല്ലേ... ഇത് സ്റ്റാന്‍ഡേഡ്. ഇതില് മധുവിന്റെ അഭിനയം ഒന്ന് കണ്ട്നോക്ക്. അങ്ങനെ മധുവിന്റെയും നസീറിന്റെയും സിനിമകളുടെയും അഭിനയത്തിന്റെയും മഹത്ത്വത്തെക്കുറിച്ച് തര്‍ക്കവും വെല്ലുവിളിയുമായി. അവരെല്ലാം ഒറ്റക്കെട്ട്. ഞാനൊറ്റ. ഇതിലൊരു മേസിരിമാത്രം എന്റെ സഹായത്തിനെത്തി. അയാളാണെങ്കില്‍ സിനിമയേ കണ്ടിട്ടില്ല. അവരെല്ലാം എന്നെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് കണ്ടിട്ടായിരിക്കും എന്റടുത്തൊരു സഹതാപം.

ഇതിനിടയ്ക്ക് സദാനന്ദന്‍മേസിരി മിഷ്യനിന്ന് ചാടിയെഴീച്ച് ഉടുപ്പിന്റെ ബട്ടണഴിച്ച് നെഞ്ച് തടവിക്കൊണ്ട് പറഞ്ഞു. ''ഇത് കണ്ടാ... ക്ലീനാ. നസീറിന്റെ നെഞ്ചുപോലെ...'' പ്രേംനസീറിന് ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീബുദ്ധനുമാകാം. കാരണമെന്താ നസീറ് കൃഷ്ണവംശക്കാരനാ... നെഞ്ചിലും ദേഹത്തുമൊന്നും ഒരു മുടിയുമില്ല. പിന്നേ... മധു.''
അയാളിലെ വാക്കിലെ പുച്ഛം എനിക്ക് തീരേ പിടിച്ചില്ല.

''നിന്റെ മധുവേ വാനരവംശമാ... നെഞ്ചിലും ദേഹത്തും മൊത്തം മുടിയാ... ഹനുമാനാവാന്‍ കൊള്ളാം വാലുമാത്രം വെച്ചാമതി...'' എന്ന് പറഞ്ഞതും ഒരു കൂട്ടച്ചിരിയുയര്‍ന്നു. എന്റെ മധുവിനെ അവര്‍ വാനരനാക്കിയപ്പം എനിക്ക് ദേഷ്യം അരിച്ചുകയറി. ദേഹം വിറയ്ക്കാന്‍തുടങ്ങി. തിണ്ണയില്‍ എന്റടുത്തിരുന്ന് ജോലിചെയ്തുകൊണ്ടിരുന്ന മോഹനന്‍ ചിരിയുടെ ആവേശത്തില്‍ ഞാനിരുന്ന സ്റ്റൂളിനൊരു ചവിട്ട്. കളി കാര്യമായി. സ്റ്റൂള് മറിഞ്ഞ് തിണ്ണയിന്ന് ഉരുണ്ട് ഞാന്‍ താഴെ റോഡില്‍ ചെന്ന് വീണു. ഞാന്‍ ചാടിയെഴുന്നേറ്റതും എനിക്ക് പിടിതരാതെ മോഹനന്‍ റോഡിലേക്കിറങ്ങിയോടി. ദൂരേക്ക് പോയി തിരിഞ്ഞ് എന്നെ നോക്കിനിന്നു.  

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന നടന്‍ ഇന്ദ്രന്‍സിന്റെ ആത്മകഥ 'ഇന്ദ്രധനുസ്സി'ല്‍ നിന്നും...)

Content Highlights: Actor Indrans writes memories about his mother