'രാത്രി വൈകിയാലും അടുക്കള വൃത്തിയാക്കുമ്പോള്‍ അമ്മയെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ!'

#കെ.ആര്‍ അനുകുല്‍
വി.വി രുഗ്മിണി രണ്ടുകാലഘട്ടങ്ങളില്‍ | Photo: Special Arrangement
വി.വി രുഗ്മിണി രണ്ടുകാലഘട്ടങ്ങളില്‍ | Photo: Special Arrangement

മലയാള സാഹിത്യത്തില്‍ വേറിട്ട ശബ്ദമായി നിന്നിരുന്നു വി.വി. രുഗ്മിണി എന്ന എഴുത്തുകാരി. എഴുത്ത് തന്നെ സംബന്ധിച്ചിടത്തോളം സൂകരപ്രസവമല്ലെന്ന് എഴുതിയ കൃതികളുടെ ഗുണം കൊണ്ട് തെളിയിച്ച എഴുത്തുകാരി. എഴുത്തിനേക്കാള്‍ വായനയുടെ പരന്ന ലോകത്തില്‍ വിഹരിച്ചയാള്‍. 'മൃഗം' എന്ന നോവലിലൂടെ എഴുത്തിന്റെ മര്‍മം വായനക്കാര്‍ക്കു കാണിച്ചുകൊടുത്ത, 'അതെന്താ' എന്ന കഥാസമാഹാരത്തിന്റെ സ്രഷ്ടാവായ വി.വി രുഗ്മിണിയെക്കുറിച്ച് മകന്‍ കെ.ആര്‍. അനുകുല്‍ 'അമ്മയോര്‍മ്മകള്‍' എഴുതുന്നു 

'അമ്മേ' എന്ന വിളിയുടെ സ്നേഹതാളത്തെക്കുറിച്ച് കുട്ടിക്കാലത്തേ അമ്മ പറയാറുണ്ടായിരുന്നു. അടുത്ത വീട്ടിലും ഞങ്ങളുടെ (ഞാനും ഏട്ടന്‍ കെ.ആര്‍ അജയകുമാറും) അച്ഛനമ്മമാരെ പോലെ അധ്യാപക ദമ്പതികള്‍ തന്നെയാണ് താമസിച്ചിരുന്നത്. അവരുടെ ഇളയ മകന്‍ ജിതേഷേട്ടന്റെ 'അമ്മേ' വിളിക്കുള്ളത്ര ഹൃദ്യത എന്റെയും ഏട്ടന്റെയും 'അമ്മേ' വിളിക്കില്ലെന്ന് അമ്മ തമാശയായി പറയാറുണ്ടായിരുന്നു. അന്ന് ഞാന്‍ മൂന്നിലും ഏട്ടന്‍ അഞ്ചിലും പഠിക്കുന്ന കാലം. അമ്മ പഠിപ്പിക്കുന്ന തലശ്ശേരിക്കടുത്ത പാലയാട് ഗവ. ഹൈസ്‌കൂളിനടുത്തു തന്നെയുള്ള വാടകവീട്ടിലാണ് താമസം. അമ്മയുടെ പരാതി ഏറെക്കുറേ ശരിയുമായിരുന്നു, ഞങ്ങളുടെ അമ്മേ വിളി മിക്കപ്പോഴും എടുത്തിടും പോലുള്ള ഒന്നായിരുന്നു. എന്തായാലും മാറ്റത്തിനൊന്നും ശ്രമിക്കാതെ ഞങ്ങള്‍ ആ വിളി തുടര്‍ന്നു.

അമ്മയുടെ ഹൈസ്‌കൂളിലേക്കുള്ള വഴി ഞങ്ങളുടെ യു.പി. സ്‌കൂള്‍ വഴിയായിരുന്നു. അമ്മ സ്‌കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴുമെല്ലാം എന്റെയും ഏട്ടന്റെയും കൂട്ടുകാര്‍ അജയന്റമ്മ, അനുകൂലിന്റമ്മ എന്ന് കോറസായി വിളിക്കാറുണ്ടായിരുന്നു. കൊച്ചുകുട്ടികളുടെ ഈ കുരുത്തക്കേട് പക്ഷേ അമ്മ ഏറെ ഇഷ്ടപെട്ടിരുന്നു. അമ്മയുടെ മരണത്തെത്തുടര്‍ന്ന് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയത് 'തലശേരിയിലെ എന്റെ അമ്മ പോയി' എന്നായിരുന്നല്ലോ.

അമ്മയുടെ അമ്മയെ ഞങ്ങള്‍ വിളിച്ചിരുന്നത് 'എന്റമ്മ' എന്നായിരുന്നു. (ഞാന്‍ രണ്ടാം ക്ലാസിലുള്ളപ്പോള്‍ തന്നെ എന്റമ്മ മരിച്ചുപോയിരുന്നു). അമ്മ വിളിക്കുന്നതു കേട്ട് തീരെ കുഞ്ഞുങ്ങളായ ഞങ്ങളും അമ്മയുടെ അമ്മയെ അമ്മ എന്ന് തന്നെ വിളിച്ചുതുടങ്ങിയപ്പോള്‍ 'അത് എന്റ അമ്മയാ' എന്ന് തിരുത്തിയപ്പോള്‍ വിളി എന്റമ്മേ എന്നായി. കുറച്ചുകൂടി ഉറപ്പിച്ചുള്ള ആ അമ്മ വിളി അമ്മയ്ക്ക് ഇഷ്ടമായതുകൊണ്ടാവും വീണ്ടും അമ്മമ്മ എന്ന് വിളിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല.

വീട്ടിലെത്തുന്ന എല്ലാവര്‍ക്കും ഒരു ചെറിയ സമ്മാനമെങ്കിലും നല്‍കാന്‍ അമ്മ ശ്രദ്ധിച്ചിരുന്നു. കര്‍ച്ചീഫ് മുതല്‍ പുസ്തകങ്ങള്‍വരെ അതിലുള്‍പ്പെട്ടിരുന്നു. കൂട്ടുകാരാരെങ്കിലും മുന്നറിയിപ്പില്ലാതെ എന്തെങ്കിലും ആവശ്യത്തിന് വീട്ടില്‍ തങ്ങി മടങ്ങുമ്പോള്‍ 'അവനിപ്പെന്താ കൊടുക്കാ' എന്ന് പറഞ്ഞ് സങ്കടപ്പെടുമ്പോള്‍ 'അവനെന്ത് കൊടുക്കാന്‍' എന്ന് പറഞ്ഞ് പലപ്പോഴും അമ്മയോട് ദ്വേഷ്യപ്പെടാറുണ്ട്.

പാഠം ഒന്ന് ലിംഗ സമത്വം

ജെന്‍ഡര്‍ ഇക്വാലിറ്റി അഥവാ ലിംഗസമത്വം എന്നത് ഇക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്ന്. എന്നാല്‍ 40-45 വര്‍ഷം മുമ്പ് ഇത് ഈ വാക്കുകളിലൂടെ അല്ലെങ്കിലും ഞങ്ങളെ പഠിപ്പിച്ചത് അമ്മയാണ്. ഒന്ന്- രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന കാലം തൊട്ടേ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്ന ശീലം ഉണ്ടാക്കിയെടുത്താണ് ഇതിന്റെ തുടക്കം. വീട്ടില്‍ അമ്മയല്ലാതെ വേറെ പെണ്‍വര്‍ഗമില്ല, ഞങ്ങള്‍ രണ്ട് ആണ്‍മക്കളും അച്ഛനും മാത്രം. ഞങ്ങള്‍ക്ക് ഓര്‍മ്മവെച്ച കാലം മുതലേ വാടകവീട്ടിലും മറ്റുമായി നാലു പേര്‍ മാത്രമായി കഴിയുകയായിരുന്നു. രാവിലെ വീട്ടുപണികള്‍ എടുത്ത് മടങ്ങുന്ന സഹായികളൊന്നും ചിത്രത്തിലേ ഇല്ലാത്ത കാലം. എല്ലാ ജോലിയും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും കൂടി ചെയ്യുക എന്നത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത് അമ്മ പഠിപ്പിച്ച ശീലങ്ങളിലൂടെയാണ്.  

ഇടക്കാലത്ത് ഞങ്ങള്‍ അമ്മയുടെ കോടിയേരിയിലെ വീട്ടില്‍ താമസിച്ചിരുന്നു. വലിയ നടയും വിശാലമായ മുറ്റവുമുള്ള വീടായിരുന്നു അത്. ഇതൊക്കെ രാവിലെ എഴുന്നേറ്റ് ഈര്‍ക്കില്‍ ചൂല്‍ കൊണ്ട് അടിച്ചുവാരുകയെന്ന 'ഭാരിച്ച ചുമതല' അന്ന് എട്ടാം ക്ലാസുകാരനായിരുന്ന എനിക്കായിരുന്നു. ഒരു ദിവസം നട അടിച്ച് കഴിഞ്ഞ് കോണി (ഇരുവശവും ഇരിപ്പിടവുമായി വീട്ടിലേക്കുള്ള സിമന്റ് പടി ) വൃത്തിയാക്കുമ്പോള്‍ താഴെ റോഡിലൂടെ പോകുന്ന ഒരു പ്രായമുള്ള മനുഷ്യന്‍, മോനേ ഇവിടെ പെണ്‍കുട്ടികളാരുമില്ലേയെന്ന് ചോദിച്ചത് ഇപ്പഴും ഓര്‍ക്കുന്നു. 'ആന്താ, ആണ്‍കുട്ടികള്‍ക്ക് മുറ്റമടിച്ചു കൂടെ'യെന്ന എന്റെ മറുചോദ്യം അമ്മയെന്ന അധ്യാപിക 'പഠിപ്പിക്കാതെ പഠിപ്പിച്ച' ലിംഗസമത്വ ക്ലാസിന്റെ പിന്‍ബലത്തിലായിരുന്നു.

സ്വന്തം പാത്രം കഴുകുന്നതിലൂടെ തുടങ്ങിയ ശീലം വീട് വൃത്തിയാക്കല്‍, വസ്ത്രം കഴുകല്‍ തുടങ്ങിയവയിലൂടെ പാചകത്തില്‍വരെയെത്തി. കുട്ടിക്കാലം മുതലേ രാവിലെ കണ്ണുതിരുമ്മി എഴുന്നേറ്റ് വരുമ്പോള്‍ കുളിച്ച് കുറിയിട്ട് 'കുലസ്ത്രീ 'അടുക്കളയില്‍ പണിയെടുക്കുന്ന കാഴ്ചയല്ല ഞങ്ങള്‍ കണ്ടത്. അച്ഛനും അമ്മയും ലോകത്തിലുള്ള സകലകാര്യങ്ങളും സംസാരിച്ച് ഇടക്ക് പൊട്ടിച്ചിരികളുമായി അടുക്കളയില്‍ തിരക്കിട്ട് ജോലി ചെയ്യുന്നതായിരുന്നു ഞങ്ങളുടെ പ്രഭാതകാഴ്ച.

അമ്മ ശുദ്ധ സസ്യഭുക്കായിരുന്നു. അച്ഛനാവട്ടെ ഒത്താല്‍ രണ്ട് ഫുള്‍ ചിക്കന്‍ ബിരിയാണിയൊക്കെ ശാപ്പിടുന്ന കക്ഷിയും. പക്ഷേ, മത്സ്യം നിര്‍ബന്ധമൊന്നുമില്ല, എല്ലാം നന്നായി പാചകവും ചെയ്യും. അതൊന്നുമല്ല ഞങ്ങളെ അത്ഭുതപ്പെടുത്തിയ കാര്യം. പാത്രങ്ങളിലെ ഏത് ചെറിയ മീന്‍ നാറ്റവും മണത്തുപിടിച്ച് വൃത്തിക്ക് കഴുകിവെക്കാത്തതിന് ഞങ്ങളോട് ദ്വേഷ്യപ്പടുന്ന അമ്മ നല്ല രുചിയോടെ വടക്കന്‍ ശൈലിയില്‍ തേങ്ങയരച്ചും മുളകിട്ടും മീന്‍കറി വെക്കുമെന്നതാണ്. ഓംലെറ്റ് പോലും കഴിക്കാത്ത അമ്മ, ഒരിത്തിരിപ്പോലും തൊട്ടുനാവില്‍ വെച്ചുനോക്കാതെ അവധി ദിവസങ്ങളില്‍  ഉണ്ടാക്കിത്തരാറുള്ള മീന്‍കറിയുടെ രുചി ഇപ്പഴും നാക്കിന്‍തുമ്പിലുണ്ട്. അച്ഛനും കോളേജ് കാലം മുതല്‍ ഏട്ടനും മീനും മാംസവുമൊക്കെ ഇഷ്ടം പോലെ ഉണ്ടാക്കാറുണ്ടെങ്കിലും മീന്‍ കൂട്ടാത്ത അമ്മയുടെ മീന്‍കറിയുടെ അടുത്തെങ്ങുമെത്താറില്ല.

വൃത്തിയുടെ കാര്യത്തിലും അമ്മ കണിശക്കാരിയായിരുന്നു. ആ ശീലവും എനിക്കും ഏട്ടനും കുറേയൊക്കെ പകര്‍ന്നു കിട്ടിയിട്ടുണ്ട്. അടുക്കളയും ശുചിമുറിയുമെല്ലാം സ്വീകരണമുറി പോലെ തന്നെ ദിവസവും വൃത്തിയാക്കേണ്ടതാണെന്ന് അമ്മയെന്ന രുഗ്മിണി ടീച്ചര്‍ പഠിപ്പിച്ച ബാലപാഠങ്ങളില്‍ ഒന്നാണ്. നാളേക്ക് കഴുകാനായി അടുക്കളയില്‍ അമ്മ പാത്രങ്ങള്‍ കൂട്ടിയിടാറില്ല. നാല് വര്‍ഷം മുമ്പ് മലപ്പുറത്ത് മാറ്റമായപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം താമസിച്ച വീടിന്റെ അടുക്കള രാവിലെ ഭക്ഷണം തയ്യാറാക്കുന്ന ചേച്ചി വരും മുമ്പ് വൃത്തിയാക്കുന്നത് എനിക്ക് നിര്‍ബന്ധമുള്ള കാര്യമായിരുന്നു. ചേച്ചി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ അമ്മയെ കണ്ടു പഠിച്ചതാണെന്ന് പറഞ്ഞുകൊടുത്തു. പഠന കാലത്ത് കാക്കനാട്ടെ പ്രസ് അക്കാദമി (ഇന്നത്തെ മീഡിയ അക്കാദമി) ഹോസ്റ്റലിലെ എന്റെ ചുളിവില്ലാതെ കിടക്കവിരി കണ്ട് സഹജീവികള്‍ വല്യവൃത്തിക്കാരനെന്ന് പരിഹസിക്കുന്നത് നാട്ടിലെത്തി അമ്മയോട് പറഞ്ഞ് ചിരിക്കാറുണ്ട്. ഇപ്പോള്‍ മൂന്ന് വര്‍ഷത്തോളമായി അമ്മയില്ലാത്ത വീട്ടില്‍ ഞാനും ഭാര്യയും മകളും മാത്രമായപ്പോള്‍ രാത്രി വൈകിയാലും അടുക്കള വൃത്തിയാക്കുമ്പോള്‍ അമ്മയെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ!

ചുക്കും ഗെക്കും

വളരെ ചുരുങ്ങിയ കാലം മാത്രമേ അച്ഛനും അമ്മയും ഒരുമിച്ചല്ലാതെ താമസിക്കേണ്ടി വന്നിട്ടുള്ളൂ. അന്ന് ഞാനും ഏട്ടനും തീരെ ചെറിയ കുട്ടികളായിരുന്നു. എനിക്ക് അഞ്ചു വയസാവുന്നതേയുള്ളൂ. ഞാനും ഏട്ടനും തമ്മില്‍ ഒന്നര വയസിന്റെ വ്യത്യാസമേയുള്ളൂ. അച്ഛന്‍ ബംഗാളി പഠിക്കാന്‍ ഭുവനേശ്വറിലേക്ക് പോയപ്പോഴായിരുന്നു ആ വിട്ടുനില്‍ക്കല്‍. ബംഗാളിനോടുള്ള താല്‍പ്പര്യം മൂലം, ഇന്ത്യന്‍ ഭാഷകള്‍ പരിശീലിപ്പിക്കുന്ന ഭുവനേശ്വറിലെ കേന്ദ്ര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ബംഗാളി പഠിക്കാന്‍ അച്ഛന്‍ ചേര്‍ന്നത്. രാജ്യത്തെ ഭാഷാധ്യാപകരെ മറ്റ് ഭാഷകള്‍ പഠിപ്പിക്കുന്ന ആറ് മാസത്തെ പരിശീലന പരിപാടിയായിരുന്നു അത്. അന്നത്തെ യാത്രാസൗകര്യത്തിന്റെ പരിമിതി മൂലമാവാം ആറ് മാസം പൂര്‍ത്തിയാക്കി കോഴ്സ് കഴിഞ്ഞ ശേഷമേ അച്ഛന്‍ വന്നുള്ളൂ. അന്ന് തീരെ ചെറിയ കുട്ടികളായ ഞങ്ങളെ നോക്കിയതിനെക്കുറിച്ച് നേരിയ ഓര്‍മകളേ ഉള്ളൂ. അക്കാലത്തെ ഓര്‍മകളില്‍ പിന്നീട് ഏട്ടന്‍ എടുത്തുപറഞ്ഞ ഒന്ന് രസകരമാണ്.

കുറച്ചുകൂടി വളര്‍ന്നപ്പോള്‍ വായിച്ച ചുക്കും ഗെക്കും എന്ന റഷ്യന്‍ കഥയുമായി താരതമ്യം ചെയ്താണ് അച്ഛന്‍ നാട്ടിലില്ലാത്തപ്പോഴുള്ള അമ്മയെക്കുറിച്ച് ഏട്ടന്‍ പറഞ്ഞത്. ചുക്കിന്റെയും ഗെക്കിന്റെയും അച്ഛന്‍ ദൂരെ പട്ടാളക്യാമ്പിലാണ്. അച്ഛന്‍ എപ്പോള്‍ വീട്ടില്‍ വരുമെന്ന് ചോദിക്കുന്ന കുട്ടികളോട് അമ്മ പറയുന്നതുപോലുള്ള ഉത്തരമായിരുന്നത്രേ ഞങ്ങളോട് അമ്മയും പറഞ്ഞത്. അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന വാടകവീടിന്റെ മുന്നിലത്തെ പറമ്പില്‍ ഒരു വാകമരം ഉണ്ടായിരുന്നു. അത് പൂക്കുമ്പോഴേക്കും അച്ഛനിങ്ങെത്തുമെന്നാണ് അമ്മ ഞങ്ങളോട് പറഞ്ഞിരുന്നത്.

എഴുത്തിന്റെ ലോകം

2006-ലാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപിരിയുന്നത്. അത് അമ്മയെ വല്ലാതെ തളര്‍ത്തിയിരുന്നു. അതിനു ശേഷം വളരേ കുറച്ചേ അമ്മ എഴുതിയിട്ടുള്ളൂ. അത് തന്നെ വല്ലവരുടെയും നിര്‍ബന്ധം മൂലം എഴുതേണ്ടി വന്ന ഓര്‍മ്മക്കുറിപ്പുകള്‍ പോലുള്ളവ മാത്രം. എഴുത്തിന്റെ കാര്യത്തില്‍ നല്ലൊരു കോമ്പിനേഷന്‍ അച്ഛനും അമ്മയും തമ്മിലുണ്ടായിരുന്നു എന്നതാണ് അച്ഛന്റെ മരണശേഷം എഴുത്തിന്റെ കാര്യത്തില്‍ അമ്മ പിന്നോട്ടടിക്കാന്‍ കാരണം. എഴുതുന്നതെല്ലാം അച്ഛന്‍ വായിക്കണമെന്നും പറ്റുമെങ്കില്‍ വേണ്ട തിരുത്തലുകള്‍ വരുത്തണമെന്നും അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുപോലെ ബംഗാളിയില്‍നിന്ന് അച്ഛന്‍ വിവര്‍ത്തനം നടത്തുമ്പോള്‍ എക്കാലവും ആദ്യവായനക്കാരി അമ്മ തന്നെയായിരുന്നു. മിക്കപ്പോഴും അച്ഛന്‍ നേരിട്ട് എഴുതുകയല്ല ചെയ്യാറ്. ഞാനും ഏട്ടനും കൂട്ടിക്കാലം മുതലേ കാണുന്ന ഒരു കാഴ്ച അച്ഛന്‍ ബംഗാളി കൃതി നോക്കി മലയാളം പറയുന്നതും അമ്മ അത് കേട്ടെഴുതുന്നതുമാണ്. അമ്മയ്ക്ക് തോന്നുന്ന നിര്‍ദേശങ്ങള്‍ പറഞ്ഞ് വാക്യങ്ങള്‍ അതനുസരിച്ച് മാറ്റിയാവും എഴുത്ത്. അച്ഛന് എഴുത്തിന് പ്രത്യേക സമയമൊന്നുമില്ല. എന്നാല്‍, അമ്മയുടെ എഴുത്തെല്ലാം അതിരാവിലെ എഴുന്നേറ്റാണ്.

ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയത്താണ് ദേശാഭിമാനി വാരികയില്‍ അമ്മയുടെ നോവല്‍ 'മൃഗം' പ്രസിദ്ധീകരിക്കുന്നത്. പരീക്ഷാസമയത്ത് (അന്ന് റെറ്റിങ്ങ് പാഡ് കുട്ടികള്‍ ഉപയോഗിക്കാത്ത അപൂര്‍വ വസ്തുവായിരുന്നു) വെച്ചെഴുതാന്‍ വാരിക കൊണ്ടുപോയപ്പോള്‍ ടീച്ചര്‍മാര്‍ നോവല്‍ വായിക്കാറുള്ളത് ഒന്നാം ക്ലാസുകാരന്റെ ഓര്‍മ്മയിലുണ്ട്. അടുത്ത ദിവസം വരുമ്പോള്‍  പഴയ ലക്കങ്ങള്‍ കൊണ്ടുചെല്ലാന്‍ ടീച്ചര്‍മാര്‍ പറഞ്ഞത് അമ്മയോട് പറഞ്ഞപ്പോള്‍ 'ഇങ്ങനെയെങ്കിലും അവരിത് വായിക്കുന്നണ്ടല്ലോയെന്ന്' ചിരിച്ചുകൊണ്ട് പറഞ്ഞത് മറക്കാനാവില്ല.

അച്ഛന്റെ മരണശേഷം അമ്മയുടെ എഴുത്ത് കുറഞ്ഞങ്കിലും അത് വായനയെ ഒട്ടും ബാധിച്ചില്ല. അമ്മയുടെ വായനയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസില്‍ ആദ്യമെത്തുക അവകാശികള്‍ എന്ന നോവലാണ്. മലയാളത്തിലെ ഏറ്റവും വലിയ നോവലായ (അതോ ഇന്ത്യന്‍ ഭാഷകളിലെ തന്നെയോ) വിലാസിനി എന്ന എം.കെ. മേനോന്റെ അവകാശികള്‍. ഞാനന്ന് യു.പി. ക്ലാസിലാണ്. അച്ഛന്‍ ഏതോ ലൈബ്രറിയില്‍നിന്ന് സംഘടിപ്പിച്ചതാണ് അവകാശികള്‍. നാലു വലിയ വാല്യങ്ങളായുള്ള 4000-ത്തോളം പേജുള്ള ആ പുസ്തകം അമ്മ വായിച്ചുതീര്‍ത്ത് അതിലെ ഉള്ളടക്കം അച്ഛനുമായി സംസാരിക്കുന്നതും ഓര്‍മ്മയിലുണ്ട്. 1980-ലാണ് അവകാശികള്‍ പുറത്തിറങ്ങുന്നത്. ഒട്ടും താമസിയാതെ തന്നെ അമ്മ അത് വായിക്കുകയും ചെയ്തു. എല്ലാം ആദ്യം ചെയ്യുക എന്നതും അമ്മയുടെ ഒരു ശീലമായിരുന്നു. ചിലപ്പോഴത് വാശി പോലെയാകുന്നതും അപൂര്‍വ്വമല്ല.

തെരഞ്ഞെടുപ്പിന് ബൂത്തില്‍ നേരത്തെയെത്തി ആദ്യം വോട്ടുചെയ്യുകയെന്നതും അമ്മയുടെ ശീലമായിരുന്നു. അവസാനകാലത്ത് ഇത് സാധിക്കാതെ വരുമ്പോള്‍ അമ്മയ്ക്ക് ഭയങ്കര ദേഷ്യവുമായിരുന്നു. ഉച്ചക്കു ശേഷം തിരക്ക് കുറയുമ്പോള്‍ പോയി വോട്ട് ചെയ്താല്‍ പോരെയെന്ന് ചോദിച്ച് അമ്മയുമായി പലപ്പോഴും വഴക്കിടേണ്ടി വന്നിട്ടുമുണ്ട്. സുഹൃത്തുക്കളുടെ പുസ്തകങ്ങളും വാരികകളിലും മറ്റും വരുന്ന അവരുടെ രചനകള്‍ വായിച്ച് ആദ്യം അഭിപ്രായം അറിയിക്കാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു. കവിയും അമ്മയുടെ സഹപ്രവര്‍ത്തകനുമായിരുന്ന അണ്ടലൂര്‍ സുകുമാരന്‍ മാസ്റ്റര്‍ ഇക്കാര്യം പറയാറുണ്ട്-- തന്റെ കവിത ഏതെങ്കിലും വാരികയില്‍ വന്ന കാര്യം രുഗ്മിണി ടീച്ചറുടെ ഫോണ്‍ വിളി എത്തുമ്പോഴാണ് അറിയുകയെന്ന് .

വി.വി രുഗ്മിണിയും ഭര്‍ത്താവും വിവര്‍ത്തകനുമായ എം.പി കുമാരനും | Photo: Special Arrangement

വിചിത്രമായ ഇഷ്ടങ്ങള്‍

ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്ന രണ്ട് ഇഷ്ടങ്ങള്‍ അമ്മയ്ക്കുണ്ടായിരുന്നു. അതിലൊന്ന് കൈ തൊടാത്ത നോട്ടിനോടുള്ള താല്‍പര്യമായിരുന്നു. വലിയ പൈസയുടെ നോട്ടുകളല്ല, ആദ്യകാലത്ത് ഒന്നിന്റെയും രണ്ടിന്റെയും പിന്നീട് 20,50,100 ന്റെയും പുത്തന്‍ നോട്ടുകള്‍. ബസിന് കൊടുക്കാനും മറ്റുമായി അച്ഛന്‍ ബാങ്കില്‍നിന്നു മാസാദ്യം തന്നെ ചില്ലറയാക്കി കൊണ്ടുവരുന്നതാണ് ഒരു രൂപ, രണ്ട് രൂപ പുത്തന്‍ നോട്ടുകള്‍. അത് അമ്മ പൂഴ്ത്തി വെക്കുന്നതും പിന്നീട് മാസാവസാനം പിടിച്ചെടുക്കപ്പെടുന്നതും പതിവ് കാഴ്ചയായിരുന്നു. വല്ലപ്പോഴും കൈമാറി കിട്ടുന്ന മുഷിയാത്ത നോട്ടുകള്‍ ഹാന്‍ഡ് ബാഗുകളില്‍ സൂക്ഷിക്കുന്നതില്‍ കുട്ടിത്തം വിടാത്ത അമ്മയെയാണ് ഞങ്ങള്‍ക്ക് കാണാനായത്.

പെര്‍ഫ്യൂമുകളോടുള്ള പ്രിയമായിരുന്നു അമ്മയുടെ മറ്റൊരു കുട്ടിത്തം. അധികം സുഗന്ധമില്ലാത്ത പെര്‍ഫ്യൂം മാത്രമേ ഉപയോഗിക്കുകയുള്ളൂവെങ്കിലും അമ്മയുടെ ശേഖരത്തില്‍ രൂക്ഷഗന്ധമുള്ളവയുമുണ്ടായിരുന്നു. അമ്മ സുഹൃത്തുക്കളോട് ചോദിച്ചുവാങ്ങുന്ന ഏക സാധനവും പെര്‍ഫ്യൂം ആയിരുന്നു.

പകര്‍പ്പവകാശത്തിന് പിറകേ

അമ്മയുടെ നിശ്ചയദാര്‍ഢ്യം എന്തെന്ന് മനസിലാക്കാന്‍ കഴിഞ്ഞ സംഭവമാണ് 'ഒരേ കടല്‍' സിനിമയുടെ തിരക്കഥയുടെ അവകാശത്തെക്കുറിച്ചുള്ള കേസ്. അച്ഛന്‍ വിവര്‍ത്തനം ചെയ്ത പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായുടെ 'ഹീരക് ദീപ്തി' എന്ന നോവലിന് 2003-ലെ വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. ഈ കഥയെ അടിസ്ഥാനമാക്കിയാണ് ശ്യാമപ്രസാദ് 'ഒരേ കടല്‍' എന്ന സിനിമ സംവിധാനം ചെയ്യുന്നത്. അച്ഛന്‍ വിവര്‍ത്തനം ചെയ്ത നോവലിലെ അതേ സംഭാഷണങ്ങളടക്കം സിനിമയില്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്നാണ് പകര്‍പ്പവകാശ നിയമ ലംഘനത്തിന് ശ്യാമപ്രസാദിനും നിര്‍മ്മാതാവ് വിന്ധ്യനുമെതിരേ അമ്മ കേസ് കൊടുക്കുന്നത്. 

നഷ്ടപരിഹാരമൊന്നും വേണ്ട, തിരക്കഥയ്ക്ക് കടപ്പാടായി അച്ഛന്റെ പേര് (എം.പി. കുമാരന്‍) എഴുതി കാണിച്ചാല്‍ മതിയെന്നായിരുന്നു അമ്മയുടെ നിലപാട്. പക്ഷേ, സിനിമ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ അതുണ്ടായില്ല, പിന്നീടാണ് അമ്മയുടെ സുഹൃത്തും കഥാകൃത്തുമായ അഡ്വ. കെ.കെ രമേശ് മുഖേന നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുന്നത്. ഒടുവില്‍ ശ്യാമപ്രസാദ് നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി. ഇതിനിടയില്‍ സിനിമയുടെ നിര്‍മ്മാതാവായ വിന്ധ്യന്റെ ആകസ്മിക മരണം അമ്മയെ ഏറെ വേദനിപ്പിച്ചിരുന്നു.

ഇതില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒരു പകര്‍പ്പവകാശത്തിന്റെ കഥ കൂടി ഓര്‍മയിലുണ്ട്. ഞാനന്ന് തൃശൂരിലാണ് ജോലി ചെയ്യുന്നത്. അവിടത്തെ ഒരു സഹപ്രവര്‍ത്തകന്‍ അവന്റെ സുഹൃത്തുക്കള്‍ കൂടി പുറത്തിറക്കിയ 'അടിയന്തരാവസ്ഥ കഥകള്‍' എന്ന പുസ്തകം വാങ്ങിക്കാന്‍ എന്നെ സമീപിച്ചു. അത് വെറുതെ മറിച്ചുനോക്കുമ്പോള്‍ അമ്മയുടെ 'രാജ്ഞി' എന്ന കഥയും അതിലുണ്ട്. ഏകാധിപതിയായ ഭരണാധികാരിയെക്കുറിച്ചെഴുതിയ ഒരു മിനിക്കഥയായിരുന്നു അത്. ഇങ്ങനെയൊരു പുസ്തകത്തിന്റെ കാര്യം അമ്മ അറിഞ്ഞിട്ടേയുണ്ടായിരുന്നില്ല. ഫോണ്‍ വിളിച്ച് അമ്മയോട് കാര്യം പറഞ്ഞപ്പോള്‍ 'പിള്ളേര്‍ക്ക് അത്രയെങ്കിലും ചെയ്യാന്‍ തോന്നിയല്ലോ, നല്ല കാര്യം' എന്നായിരുന്നു പ്രതികരണം.

എഴുതാതെ പോയ ഭൂട്ടാന്‍ സ്മരണ

ഭൂട്ടാനിലെ ജീവിതാനുഭവങ്ങള്‍ വെച്ചുള്ള നോവല്‍ എഴുതുകയെന്നത് അമ്മയുടെ നടക്കാതെ പോയ ഒരാഗ്രഹമാണ്. അതിന് തുടക്കമിടാനല്ലാതെ പല കാരണങ്ങളാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാനായില്ല. അമ്മയുടെ സഹോദരന്‍ മുരളീധരന്‍ ഭൂട്ടാനില്‍ അധ്യാപകനായിരുന്നു. സഹപ്രവര്‍ത്തകയായ ഒരു നേപ്പാളി യുവതിയെയാണ് മാമന്‍ വിവാഹം കഴിച്ചത്. 2004- ല്‍ നേപ്പാളില്‍ വെച്ചു തന്നെ മാമന്‍ മരിച്ചു. 1998-ല്‍ മാമന്റെ കൂടെ ഒരു മാസത്തോളം അമ്മ ഭൂട്ടാനിലുണ്ടായിരുന്നു. ഇല്ലായ്മയും വയ്യായ്മയും ഏറെ ഉണ്ടായിരുന്നെങ്കിലും അവിടത്തെ ജീവിതം അമ്മ നന്നായി ആസ്വദിച്ചിരുന്നു.

ഭൂട്ടാനില്‍ ഏറെക്കാലം അധ്യാപകനായിരുന്ന ജി. ബാലചന്ദ്രന്റെ ഭൂട്ടാന്‍ പശ്ചാത്തലത്തിലുള്ള നോവല്‍ മാതൃഭൂമി വാരികയില്‍ ഖണ്ഡശ്ശയായി അതിനും കുറച്ചുവര്‍ഷം മുമ്പ് വന്നിരുന്നു. അക്കാലത്ത് അമ്മയോട്, 'ധൈര്യമുണ്ടെങ്കില്‍ ഭൂട്ടാനിലേക്ക് വന്ന് നോവലെഴുതൂ' എന്ന് പറഞ്ഞ് മാമന്‍ കളിയാക്കുമായിരുന്നു. പിന്നീട് മാമന് അസുഖമായപ്പോള്‍ കൂടെ നില്‍ക്കാനാണ് ഭൂട്ടാനിലേക്ക് പോകേണ്ടി വന്നത്. ആ സാഹചര്യത്തില്‍ എഴുത്തിനുള്ള മൂഡ് ഉണ്ടായിരുന്നില്ല. മാമന്‍ മരിച്ചതും സംസ്‌കാരം നടത്തിയതുമെല്ലാം നേപ്പാളില്‍ തന്നെയായിരുന്നു. കുറിപ്പുകളൊക്കെ തയ്യാറാക്കിയിരുന്നെങ്കിലും ഭൂട്ടാന്‍ പശ്ചാത്തലത്തില്‍ ഒരു കഥ പോലും അമ്മയ്ക്ക് പിന്നീട് എഴുതാനായില്ല.

അമ്മയുടെയും അച്ഛന്റെയും പ്രണയലേഖനങ്ങള്‍ ഇപ്പോഴും ഞങ്ങളുടെ വീട്ടിലുണ്ട്. അതിനെ പ്രണയലേഖനങ്ങള്‍ എന്ന് വിളിക്കുന്നത് ശരിയാവില്ല. 1964 - 67 കാലത്ത് ഗവ. ബ്രണ്ണന്‍ കോളേജില്‍ മലയാളം ഡിഗ്രി ക്ലാസുകളില്‍ പഠിച്ചിരുന്ന രണ്ട് പേര്‍ എഴുതിയ കത്തുകള്‍ എന്ന് പറയാം. അതില്‍ പ്രണയമുണ്ട്, പക്ഷേ അതിലുപരി അന്നത്തെ സാഹിത്യ- രാഷ്ട്രീയ വിശേഷങ്ങളാണ് പരാമര്‍ശിച്ചിരുന്നത്. അന്ന് അവരുടെ അധ്യാപകരായിരുന്ന എം.എന്‍. വിജയന്‍, ഡോ. എം.എസ്. മേനോന്‍, ആറ്റൂര്‍ രവിവര്‍മ്മ തുടങ്ങിയ പ്രശസ്തരുടെ ക്ലാസുകളെക്കുറിച്ചുള്ള വിവരണങ്ങളും ഇതില്‍ കാണാം. ഈ കത്തുകള്‍ പുസ്തകമാക്കണമെന്നതും അമ്മയുടെ ആഗ്രഹമായിരുന്നു. അതിന് വേണ്ടി കുറേ കംപോസ് ചെയ്യിപ്പിച്ചിട്ടുമുണ്ടായിരുന്നു. പക്ഷേ, അതിപ്പോഴും പണിപ്പുരയില്‍ തന്നെയാണ്.

മനുഷ്യരുടെ ഇടയിലേക്ക്...  

കോവിഡ് കത്തിനില്‍ക്കുന്ന സമയത്തായിരുന്നു അമ്മയുടെ മരണം, ആളൊഴിഞ്ഞ മരണം. ആ ദിവസത്തെപ്പറ്റി അതിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അത് അമ്മയെ ഏറെ സങ്കടപ്പെടുത്തുമായിരുന്നുവെന്ന് ഞാന്‍ വെറുതെ ആലോചിക്കാറുണ്ട്. കാരണം എപ്പോഴും മനുഷ്യരോട് ഇടപഴകാനാണ് അമ്മ എന്നും ഇഷ്ടപ്പെട്ടത്. അതില്‍ വലുപ്പചെറുപ്പമൊന്നും ഇല്ലായിരുന്നു. സുഹൃത്തുക്കളോട് എഴുത്തും വായനയുമെല്ലാം സംസാരിക്കുന്ന അമ്മ സാധനങ്ങള്‍ വില്‍ക്കാന്‍ വീട്ടില്‍ വരുന്നവരുമായും ഏറെ നേരം അവരുടെ വീട്ടുകാര്യമൊക്കെ അന്വേഷിച്ച് ഇരിക്കുന്നത് കാണാറുണ്ട്. ആളില്ലാ സമയത്ത് മോഷണം നടത്താന്‍ വീട് നോക്കിവെക്കുന്ന കള്ളന്മാരൊക്കെ അക്കൂട്ടത്തില്‍ ഉണ്ടാവുമെന്ന് പറഞ്ഞ് പേടിപ്പിച്ചാലും അമ്മയ്ക്ക് കുലുക്കമില്ല. 'കക്കുന്നവര്‍ കട്ടോട്ടെ' എന്നൊക്കെയായിരിക്കും പ്രതികരണം.

ആവശ്യമൊന്നുമില്ലെങ്കിലും ഇത്തരക്കാരുടെ കൈയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതും പതിവായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചാല്‍ 'ഇതൊന്നും ആരെങ്കിലും വാങ്ങിക്കാതെ അവരെങ്ങനെയാടാ ജീവിക്കുക' എന്നാവും തിരിച്ച് ചോദിക്കുക. അമ്മ  മരിച്ചതറിയാതെ പിന്നീട് വീട്ടിലെത്തിയ ഇത്തരക്കാരെ പലപ്പോഴും പിണക്കേണ്ടി വന്നിട്ടുണ്ട്. 'ടീച്ചറുണ്ടെങ്കില്‍ എന്തെങ്കിലും വാങ്ങിയേനെ' എന്ന് പരിഭവിച്ച് അവര്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുക പതിവായി.

എത്ര നിര്‍ബന്ധിച്ചിട്ടും എ.ടി.എം. കാര്‍ഡ് ഉപയോഗിക്കാനും അമ്മ കൂട്ടാക്കിയിരുന്നില്ല. 'എനിക്ക് ബേങ്കില്‍ പോയി മനുഷ്യരോട് സംസാരിച്ച് കാശ് വാങ്ങിയാല്‍ മതി' എന്നാണ് അതിനുള്ള ന്യായീകരണം. ഒടുവില്‍ 2020 ഏപ്രില്‍ 13-ന്റെ വിഷുദിനത്തില്‍ അമ്മ പോയതും മനുഷ്യരുടെ ഇടയിലേക്ക് തന്നെയാവും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

Content Highlights: ammayormakal kr anukul son of vv rugmini and mp kumaran