ഒറ്റ പ്രസവത്തിലെ ഒമ്പത് കണ്‍മണികള്‍ക്ക് ഒന്നാം പിറന്നാള്‍; ആഘോഷമാക്കി അമ്മ

ഒമ്പത് കണ്‍മണികള്‍ | Photo: Instagram/ les_nonuples_arby
ഒമ്പത് കണ്‍മണികള്‍ | Photo: Instagram/ les_nonuples_arby

കുഞ്ഞുങ്ങളെ വളര്‍ത്തുക എന്നത് ഒരു ഹിമാലയന്‍ ടാസ്‌കാണ്. അപ്പോള്‍  ഒമ്പത് മക്കളെ ഒരുമിച്ചു വളര്‍ത്തേണ്ടി വന്നാലോ? അങ്ങനെയൊരു ബുദ്ധിമുട്ടേറിയ ജോലി എളുപ്പത്തില്‍ ചെയ്യുകയാണ് പശ്ചിമാഫ്രിക്കയിലെ മാലിയില്‍ നിന്നുള്ള ഹലീമ സിസ്സെ. 

കഴിഞ്ഞ വര്‍ഷം മെയ് നാലിന് 26-കാരിയായ ഹലീമ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ആ ഒമ്പത് കണ്‍മണികളുടേയും ഒന്നാം പിറന്നാളായിരുന്നു. അത് ഹലീമയും ഭര്‍ത്താവ് അബ്ദുല്‍ കാദര്‍ അര്‍ബിയും ആഘോഷമാക്കി. 

ഒമ്പത് പേരില്‍ അഞ്ചു ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണുള്ളത്. മുഹമ്മദ് ആറാമന്‍, ഔമര്‍, എല്‍ ഹാദ്ജി, ബഹ്, കാദിദിയ, ഫാത്തൂമ, ഹവ, അദാമ, ഔമൗ എന്നിങ്ങനെയാണ് ഈ പൊന്നോമനകളുടെ പേരുകള്‍. മൂന്നു വയസ്സുള്ള സൗദ എന്നു പേരുള്ള ഒരു മൂത്ത സഹോദരിയും ഇവര്‍ക്കുണ്ട്. 

മൊറോക്കോയില്‍വെച്ചാണ് ഹലീമ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പ്രത്യേക പരിചരണം ലഭിക്കുന്നതിനായി ദമ്പതികളെ മാലിയില്‍ നിന്ന് മൊറോക്കോയിലേക്ക് മാറ്റുകയായിരുന്നു. 30-ാമത്തെ ആഴ്ച്ചയില്‍ കുഞ്ഞുങ്ങളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. അന്ന് ഭാരം കുറവായിരുന്ന കുഞ്ഞുങ്ങള്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് അബ്ദുല്‍ കാദര്‍ പറയുന്നു. മാലിയില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയാണ് അബ്ദുല്‍ കാദര്‍. 

ഗിന്നസ് റെക്കോഡില്‍ കയറിപ്പറ്റിയ ഈ പ്രസവം മറ്റൊരു റെക്കോഡും സൃഷ്ടിച്ചു. ലോകത്ത് ജീവിച്ചിരിക്കുന്ന, ഒറ്റ പ്രസവത്തില്‍ ജനിച്ച ഒമ്പത് പേരെന്ന റെക്കോഡാണ് ഈ കുരുന്നുകള്‍ സ്വന്തമാക്കിയത്.
 

Content Highlights: world record nonuplets celebrate first birthday