നമ്മളില്‍ എത്രപേര്‍ അമ്മയ്ക്ക് എന്നു പറഞ്ഞ് സമയം ചെലവഴിക്കാറുണ്ട്?

വിശ്രമമെന്ന വാക്കിന്റെ അര്‍ഥം പോലും തിരിച്ചറിയാന്‍ വൈകിപ്പോകുന്ന ചിലരുണ്ട്. ആ വൈകിപ്പോകലുകളെ ആസ്വദിക്കുന്ന, രാവിലെ മുതല്‍ അടുക്കളയിലും തൊടിയിലും തന്റെ സാന്നിധ്യമറിയിച്ച് പാറി നടക്കുന്ന, ഇടയ്ക്ക് കിട്ടുന്ന നല്ല വാക്കുകളില്‍ ആനന്ദം കണ്ടെത്തുന്ന, കൊച്ചു കൊച്ചു വിഷമങ്ങള്‍ സാരിത്തുമ്പിലൊതുക്കുന്ന നമ്മുടെ അമ്മമാര്‍.
പ്രാര്‍ഥനയും വിശ്വാസവുമായി പലയിടങ്ങളിലും കുടുംബത്തിനു വേണ്ടി അവര്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്നു. കുടുംബത്തിലുണ്ടാവുന്ന കുഞ്ഞു കുഞ്ഞസ്വാരസ്യങ്ങളെ പറഞ്ഞു തീര്‍ക്കുകയോ, അതിലിടപെട്ട് ബലിയാടാകപ്പെടുകയോ ചെയ്യുന്ന നമ്മുടെ സ്‌നേഹബാങ്ക്. ഒരു മനുഷ്യായുസ്സില്‍ എത്രയെത്ര കാലഘട്ടങ്ങളിലൂടെയാണ് നാം ഓരോരുത്തരും കടന്നു പോകാറുള്ളത്, അപ്പോഴൊക്കെ നമ്മെ ആശ്വസിപ്പിക്കാനും, നമുക്ക് താങ്ങായും തണലായും നില്‍ക്കാനും മുന്‍കൈയെടുക്കുന്നവരാണവര്‍. നാം ആദ്യം കാണുന്ന, ആശീര്‍വാദം സ്വീകരിക്കുന്ന, നാം അറിയുന്ന നമ്മുടെ കണ്മുന്നിലുള്ള ദൈവം. 'അങ്കണതൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതന്‍ മടിത്തട്ടിലുതിര്‍ന്നു ചുടുകണ്ണീര്‍' വൈലോപ്പിള്ളിയുടെ ഈ വരികള്‍ ഓര്‍മ്മിക്കാതെ ഒരു അമ്മദിനവും മലയാളിക്കു മുന്നിലൂടെ കടന്നു പോകാനിടയില്ല. കാരണം ഒരമ്മയുടെ കണ്ണുനീരിന്റെ വില ചെറുപ്പത്തിലെ പറഞ്ഞു തന്ന വരികളാണത്.
നമ്മളില്‍ എത്രപേര്‍ അമ്മയ്ക്ക് എന്ന് പറഞ്ഞ് സമയം ചെലവഴിക്കുന്നുണ്ട്? അവരുടെ സ്‌നേഹത്തിന് വില കല്‍പ്പിക്കുന്നുണ്ട്? മക്കളെ സ്‌നേഹിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം അമ്മമാരുടെ ഉത്തരവാദിത്തമെന്ന നിലയ്ക്കാണ് പലരുടേയും പെരുമാറ്റം. ഒരു തരത്തില്‍ അത് നമ്മുടെ ശീലങ്ങളുടെ കുഴപ്പമാണ്. ജനിച്ചു വീണയുടനെ കൈക്കുമ്പിളില്‍ കോരിയെടുത്ത് ആവശ്യത്തിനും അനാവശ്യത്തിനും കൂടെനിന്ന് നമ്മെ അമിതലാളനയിലൂടെ വളര്‍ത്തിയപ്പോഴും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവരുടെ പങ്കു കൂടെ നമുക്ക് നല്‍കിയപ്പോഴും അവര്‍ പലതും മറന്നു. മുലപ്പാലിലൂടെ സ്‌നേഹവും കരുണയും അവര്‍ പകര്‍ന്നു. ശാസനയിലൂടെ തിരുത്തലും ചേര്‍ത്തു നിര്‍ത്തി കരുതലും നല്‍കാന്‍ ഈ ലോകത്ത് അവര്‍ക്ക് മാത്രമാണ് കഴിഞ്ഞത്. റിട്ടേണില്ലാത്ത മികച്ച ഇന്‍വെസ്റ്റ്‌മെന്റ് ആണവര്‍ ജീവിതത്തിലുടനീളം നടത്തിയതെന്ന് അവര്‍ തിരിച്ചറിയാന്‍ വൈകിയതോ മനസിലാക്കാഞ്ഞതോ ആവില്ല. പകരം മാതൃത്വമെന്ന മാന്ത്രികവലയത്തില്‍ കുടുങ്ങിപ്പോയതു കൊണ്ടാണ്.
പരിമിതികളോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി ചിലര്‍ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് പത്തരമാറ്റിന്റെ തിളക്കമുണ്ടാകും. ആ തിളക്കമാണ് ഏതിരുട്ടിലും നമ്മെ മുന്നോട്ടു നയിക്കാന്‍ പ്രേരിപ്പിക്കുന്നത്. അത് മറ്റൊന്നുമല്ല. അമ്മയെന്ന തിളക്കം. ആ ജ്യോതി മുന്നിലുള്ളിടത്തോളം നാമൊരിക്കലും തളര്‍ന്നു വീഴില്ല. വീഴാതെയാവര്‍ നമ്മെ കാക്കും. ആ തോളില്‍ ആശ്വസിക്കാനൊരിടമൊരുക്കും. അതൊക്കെ ഒന്നോര്‍ക്കാനും തിരിച്ചറിയാനും ഒരു നിമിഷം കണ്ണും കാതും അടച്ചു മനസ്സില്‍ അവരെപ്പറ്റി ഓര്‍ത്താല്‍ മതി. ഇന്നിപ്പോള്‍ അതിനൊരു ദിനം വേണമെങ്കില്‍ അതിലും തെറ്റില്ല.
സത്യത്തില്‍ കടന്നു പോകുന്ന ഓരോ മാതൃദിനവും ഓരോര്‍മ്മപ്പെടുത്തലാണ്. നമ്മുടെ അമ്മമാരെപ്പറ്റിയും അവരുടെ കരുതലിന്റെ കരുത്തില്‍ നാം വളര്‍ന്നതിനെപ്പറ്റിയുമുള്ള ഓരോര്‍മ്മപ്പെടുത്തല്‍. അമ്മമാരെ സ്‌നേഹിക്കാനും പരിചരിക്കാനും ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം ഇല്ല എന്നു തന്നെയാണ്. പക്ഷേ തിരക്ക് പിടിച്ച ഈ കാലഘട്ടത്തില്‍ അവരെ ഒന്നു വിളിക്കാനോ, പോയി കാണാനോ, അല്‍പനേരം കൂടെയിരിക്കാനോ പലര്‍ക്കും സമയമില്ല. സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കാന്‍ വേണ്ടിയൊരു ഫോട്ടോയെടുക്കാനെങ്കിലും ഈ ദിനത്തില്‍ അവരെ ഓര്‍മ്മിച്ചാല്‍ അത് തന്നെയവര്‍ക്ക് കിട്ടുന്ന പുണ്യമാണെന്ന് കരുതുന്ന കറുത്തകാലത്തിലൂടെയാണ് നാമിപ്പോള്‍ ജീവിക്കുന്നത്. പക്ഷെ അന്ന് ഒരു ദിവസമെങ്കിലും നാം അവരെ മനസ്സറിഞ്ഞ് സ്‌നേഹിക്കണം. സന്തോഷിപ്പിക്കാന്‍ ശ്രമിക്കണമെന്നു മാത്രം.
'അമ്മയല്ലാതൊരു ദൈവമില്ല' എന്ന വരികള്‍ ഇന്ന് റേഡിയോയിലും സമൂഹമാധ്യമങ്ങളിലും നിറയും. തരംഗമാവും. അമ്മയോടൊപ്പമുള്ള ആശംസ കാര്‍ഡുകള്‍ നിരക്കും. അതിനു പകരം അവര്‍ക്കൊപ്പം അല്‍പനേരം ചിലവഴിച്ചിരുന്നുവെങ്കില്‍, അവരുടെ മടിയില്‍ ചാഞ്ഞ് അല്‍പ്പനേരം പഴയ നല്ലോര്‍മ്മകള്‍ പങ്കു വയ്ക്കുമെങ്കില്‍, അവരെ ചേര്‍ത്തു പിടിച്ചൊരു ഉമ്മ കൊടുത്തെങ്കില്‍ ഒരുപക്ഷേ എല്ലാവര്‍ഷത്തേക്കാളും ഒരു മികച്ച മാതൃദിനമാണ് കടന്നുപോകുന്നത് എന്നോര്‍ത്ത് നമുക്കും സന്തോഷിക്കാം. 'കാലമിനിയുമുരുളും, ഋതുക്കള്‍ മാറും,പക്ഷേ ഈ മാതൃദിനം നമ്മുടെ ഓര്‍മ്മ പുസ്തകത്തില്‍ ഒരേടായി തങ്ങി നിന്നേക്കും'. നമുക്കും വേണ്ടേ ഓര്‍മ്മകള്‍. കോവിഡിനെപ്പോലും അതിജീവിക്കാന്‍ കരുത്തുള്ള ചില നല്ലോര്‍മ്മകള്‍.
Content Highlights: mothers day 2022 arunima krishnan