മറുനാട്ടില് പൂക്കുന്ന ജന്മമായി മലയാളിയും മലയാളവും

കേരളമെന്ന ഞാറ്റുകണ്ടത്തില് മറുഭാഷകള്ക്കിടയിലെ കളയായിരിക്കുന്നു മാതൃമലയാളം. തൃശ്ശൂര് പൂരവും വള്ളംകളിയും ഞാറ്റുവേലയുമൊഴിച്ച് സര്വതും കയറ്റി അയക്കുന്ന മലയാളി മലയാളത്തെയും മറുനാട്ടില് കുടിവെച്ചു. അങ്ങനെ മറുനാട്ടില് പൂക്കുന്ന ജന്മമായി മലയാളിയും മലയാളവും. നിരക്ഷരരെ നട്ടുവളര്ത്തുന്ന സ്കൂളുകള്. പിന്നീട്, വൈകിയവേളയില് അവരെ സാക്ഷരരാക്കാന് സാക്ഷരതാമിഷന്!
മലയാളത്തോട് പ്രവാസികള് പുലര്ത്തുന്ന ഗൃഹാതുരത്വമെങ്കിലും നമ്മള് കണ്ടുപഠിക്കണം. മലയാണ്മയുടെയും മാതൃമലയാളത്തിന്റെയും ഹരിതച്ഛായകള് മരുനാട്ടില്പ്പോലും തണലേകുന്നു. ശ്രേഷ്ഠഭാഷാപദവി കിട്ടിയിട്ടും ലോകം മുഴുവന് പടര്ന്നിട്ടും മലയാളത്തിന് ജന്മദേശത്ത് ഗതികിട്ടുന്നില്ല. അക്ഷരമാലയെ പാഠപുസ്തകങ്ങളില്നിന്ന് തന്ത്രപൂര്വം മായ്ച്ചുകളഞ്ഞവരുടെ രാഷ്ട്രീയമെന്താണ്? എഴുത്തച്ഛനെയും ചെറുശ്ശേരിയെയും പൂന്താനത്തെയും ഉള്ളൂരിനെയും ജി.യെയും അക്കിത്തത്തെയുമൊക്കെ ചാപ്പകുത്തി വെട്ടിനിരത്തിയ പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായിരുന്നു അത്. ഇന്ന് മലയാളത്തിനുവേണ്ടി നെഞ്ചത്തടിച്ചു കരയുന്നവര് ഡി.പി.ഇ.പി. കാലം മുതല് പാഠ്യപരിഷ്കരണത്തിന്റെ ശര്ക്കരക്കുടത്തില് കൈയിട്ടവരില്പ്പെടുന്നുണ്ട്.
അക്ഷരമാലയെ മായ്ച്ചുകളഞ്ഞ്, പരീക്ഷയും പകര്ത്തും മനഃപാഠവും എഞ്ചുവടിയും അക്ഷരശ്ലോകവും പഴഞ്ചനെന്ന് മുദ്രകുത്തി, നിരക്ഷരരെ നൂറുശതമാനം വിജയിപ്പിച്ച്, എ പ്ളസ് ചാര്ത്തിക്കൊടുത്ത്, പൊതുവിദ്യാഭ്യാസത്തെ കുളംതോണ്ടിയവര് കാണാതെപോയ ചിലതുണ്ട്. പ്രൈമറിക്ളാസില് ശിവഭുജംഗ സ്തോത്രം മനഃപാഠമാക്കിക്കൊടുത്ത, മലയാളം മുന്ഷിയെ സദാനമസ്കരിക്കുന്ന, പലവട്ടം നൊബേല് സമ്മാനത്തിന് ശുപാര്ശചെയ്യപ്പെട്ട, ഇ.സി.ജി. സുദര്ശന്റെ വാക്കുകള് പ്രാതസ്മരണീയമാണ്. പ്രൈമറി മലയാളം അധ്യാപകര്ക്കും മലയാളം യോഗ്യത വേണ്ടന്നായി.
പാഠ്യപദ്ധതി-പാഠപുസ്തക പരിഷ്കരണങ്ങളുടെ നിരന്തരവ്യായാമങ്ങളിലും അധ്യാപകപരിശീലനത്തിന്റെ വാരിക്കുഴികളിലും പെട്ടുഴലുന്ന യുവ അധ്യാപകപ്രതിഭകളെ കുഴയ്ക്കുന്ന ഹിഡന് അജന്ഡകളാണ് ഡയറ്റുകളും എസ്.സി.ഇ. ആര്.ടി.യും. അക്ഷരവിരോധ പാഠ്യക്രമത്തിന്റെ അന്തകവിത്തുവിതച്ചത് ഇവരാണല്ലോ. കേന്ദ്ര വിദ്യാഭ്യാസഫണ്ടുകളുടെ കുത്തൊഴുക്കില്, അധ്യാപകസംഘടനകളുടെ നിക്ഷിപ്ത താത്പര്യങ്ങള്ക്കിടയില് വരുംതലമുറയുടെ അക്ഷരജ്ഞാനത്തെ മായ്ച്ചുകളഞ്ഞത് മലയാളി അറിയാതെപോവുകയായിരുന്നു. പഠനം പാല്പ്പായസമെന്നൊക്കെ പേരിട്ട്, അക്ഷരമാലയെ മായ്ച്ചുകളയുന്ന കയ്ക്കുന്ന യാഥാര്ഥ്യത്തെ എത്രനാള് മറയ്ക്കാനാവും? മലയാളത്തെ കുരുതികൊടുക്കുന്ന പാഠപുസ്തക പരിഷ്കരണങ്ങള്ക്കുപിന്നില് ചില മലയാളം അധ്യാപകരുടെ രാഷ്ട്രീയ സങ്കുചിത താത്പര്യങ്ങളും കുതന്ത്രങ്ങളും പ്രവര്ത്തിച്ചിരുന്നുവെന്നത് ഇനിയും വെളിപ്പെടാനിരിക്കുന്ന പിന്നാമ്പുറ യാഥാര്ഥ്യം!
അധികാരത്തിന്റെ മൂന്നാംതൃക്കണ്ണ് മലയാളത്തോടുകാണിച്ച ഈ അക്ഷരവിരോധത്തിനെതിരേ തുറക്കേണ്ടതുണ്ട്. മായരുത് മലയാളമെന്ന നല്ല വാക്കോതുവാന് ത്രാണിയുണ്ടാവട്ടെ മലയാളിക്ക്...
(എഴുത്തുകാരന്, സാഹിത്യ അക്കാദമി മുന് സെക്രട്ടറി)
Content Highlights: international mother language day 2022, malayalam