'മാതൃഭാഷ പ്രതികരണത്തെ ക്ഷണിക്കുന്നതാണ്, അന്യഭാഷ പേടിയെയും അനുസരണയേയും'

1. മലയാളം കേവലം ഭാഷയല്ല.കേരളജീവിതത്തിന്റെ സമഗ്രതയാണ് മലയാളം. ഇവിടത്തെ പ്രകൃതിയും അറിവും അദ്ധ്വാനവും അനുഭവവും ഓര്മ്മയും നന്മയും തിന്മയും കലര്ന്നു നില്ക്കുന്ന സാംസ്കാരികക്രമമാണത്.
2. മലയാളം എന്നത് അടിസ്ഥാനപരമായി ഭൂമിശാസ്ത്രപരമായ വാക്കാണെന്നോര്ക്കുക. ഈ സ്ഥലത്തുള്ളതൊക്കെ ചേര്ന്നതാണ് മലയാളം. മലയാളം എന്ന അനുഭവലോകമാണ് മലയാളം എന്ന ഭാഷയുടെ ഉറവ.
3. ശുദ്ധമലയാളം ഇല്ല. അത് ഉണ്ടാവുകയും ഇല്ല. മനുഷ്യാനുഭവം എന്നാല് ശുദ്ധതയല്ല, തനിമയല്ല.--- കലരലാണ്. കൊള്ളലും കൊടുക്കലുമാണ് സംസ്കാരം. തനിമലയാളം /ശരിമലയാളം എന്നത് ആഗ്രഹിക്കരുത്.അത് വേണ്ട. എല്ലാ ശുദ്ധിവാദങ്ങളും (സ്വത്വവാദങ്ങളും ) പോലെ, അത് ചരിത്രവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. അതേസമയം കേരളത്തിന്റെതായി കാണുന്ന പ്രകൃതിശീലങ്ങളുടെയും
ജീവിതവഴക്കങ്ങളടെയും ശാലയായി ഈ ഭാഷയെ കാണണം. ഇവിടെയുള്ള ഒന്ന് വേറൊരിടത്തു കാണുമ്പോള് അതിനെ ചരിത്രപരമായി മനസ്സിലാക്കുക. ഇവിടത്തെ അഭാവങ്ങളെയും അങ്ങനെത്തന്നെ കാണാം.
4. കേരളത്തിലെ ഏറ്റവും ബൃഹത്തും ജൈവവുമായ ചരിത്രപ്രതിനിധാനം മലയാളഭാഷയാണ്.ഇവിടെയുണ്ടായ എല്ലാ ചരിത്രനീക്കങ്ങളുടെയും കാല്പ്പെരുമാറ്റം ഭാഷയിലുണ്ട്.അങ്ങനെയാണ് ഭാഷ വളരുന്നത്. മലയാളത്തിന്റെ കാര്യവാഹകശേഷി ഏറുന്നത്. കേരള ചരിത്രപീനത്തിനുള്ള ഏറ്റവും പ്രാഥമികമായ സാമഗ്രി മലയാള ഭാഷയാണ്. പുതിയ വാക്കുകളും ശൈലികളും വാക്യക്രമങ്ങളും ഉണ്ടാവുന്നുണ്ട് --- മാറുന്ന ജീവിതത്തിന്റെ അടയാളങ്ങളായി.
5.ഭരണഭാഷ ശരിക്കും മാതൃഭാഷയായാലേ സര്ക്കാര് കാര്യക്രമം നേരായും ജനാധിപത്യത്തിലാവൂ. അങ്ങനെയായാല് അഴിമതിയും കാലതാമസവും കൈക്കൂലിയും ചുരുങ്ങും. മാതൃഭാഷയില് മിണ്ടുന്ന കാര്യാലയങ്ങള് പരസ്പര ധാരണയുടെ വെളിച്ചത്തില് തിളങ്ങും. മാതൃഭാഷ പ്രതികരണത്തെ ക്ഷണിക്കുന്നതാണ്. അന്യഭാഷ പേടിയെയും അനുസരണയേയും.
6. ഇന്ന് മലയാളത്തിന്റെ ശേഷിയും അഴകും അയവും പാഴാവുന്ന നിലയുണ്ട്. മിണ്ടാത്ത മലയാളികള് ഏറുന്നു. രണ്ടുതരം മിണ്ടായ്മകള് --- (ഒന്ന് ) ഒന്നിനോടും പ്രതികരിക്കാതെ ഒഴിഞ്ഞു മാറല് .
(രണ്ട്) ഔപചാരികഭാഷയില് മാത്രമുള്ള എവിടെയും തൊടാത്ത വര്ത്തമാനം. ഉള്ളറിഞ്ഞ് മിണ്ടാത്ത ആളുകള് നിറഞ്ഞ വീട്ടകങ്ങള്, കാര്യാലയങ്ങള്, സംഘടനകള് ,സ്ഥാപനങ്ങള് : ഇതെല്ലാം പെരുകുമ്പോള് മലയാളത്തിന്റെ വീറ് കുറയുകയാണ്. മിണ്ടാത്ത ജനതയാണ് ദുഷ്ടാധികാരികളുടെ മാതാപിതാക്കള് .രക്ഷിതാക്കള്. മിണ്ടിക്കൊണ്ട് ജനാധിപത്യം വളര്ത്തുക.
7. മിണ്ടുക, അറിഞ്ഞ് മിണ്ടുക, സൗന്ദര്യത്തിനായി, സൗഹൃദത്തിനായി ,വിശകലനത്തിനായി മിണ്ടുക. തിരിച്ചു മിണ്ടുക. സാഹിത്യത്തിലും ശാസ്ത്രത്തിലുമെല്ലാമുള്ള മലയാളത്തോട് മിണ്ടിയും കൂട്ടിച്ചേര്ത്തും കൂടുതല് മലയാളികളാവുക. നല്ല ഇംഗ്ലീഷ് പ്രയോഗിക്കാന് മലയാളം നന്നായി അറിയണം എന്നറിയുക.
8. മലയാളത്തെ സക്രിയമായി കാണലാണ്, പുതുക്കലാണ് മലയാളത്തെ ശ്രേഷ്ഠ ഭാഷയാക്കാനുള്ള ഒരേയൊരു വഴി. ബാക്കിയെല്ലാം അധികാരക്കളി - പണവേല.
Content Highlights: mother language day 2022, malayalam, e p rajagopalan