ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തന്‍, റാം മോഹന്‍ നായിഡു പ്രായം കുറഞ്ഞ കേന്ദ്രമന്ത്രി

നരേന്ദ്രമോദി നയിക്കുന്ന മൂന്നാമത് കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ടി.ഡി.പി എം.പി റാം മോഹന്‍ നായിഡു. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് നിന്നുള്ള എം.പിയാണ് 36 വയസ്സുകാരനായ കിഞ്ചരപു റാം മോഹന്‍ നായിഡു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ റാം മോഹന്‍ നായിഡു മൂന്നാംവട്ടമാണ് ഒരേ മണ്ഡലത്തില്‍ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെടുന്നത്. വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ തിലക് പെരാഡയ്‌ക്കെതിരേ 3.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റാം മോഹന്‍ നായിഡു വിജയിച്ചത്.
മുന്‍ കേന്ദ്രമന്ത്രിയും ടി.ഡി.പി നേതാവുമായ യേരന്‍ നായിഡുവിന്റെ മകനാണ് റാം മോഹന്‍ നായിഡു. നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട യേരന്‍ നായിഡു 1996 മുതല്‍ 1998 വരെ കേന്ദ്ര ഗ്രാമവികസന, തൊഴില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ല്‍ ദേവഗൗഡ സര്‍ക്കാരില്‍ മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായിരുന്നു യേരന്‍ നായിഡു. അന്ന് 39 വയസ്സായിരുന്നു യേരണ്ണയെന്ന് അറിയപ്പെട്ടിരുന്നു യേരന്‍ നായിഡുവിന്റെ പ്രായം. ഐ.കെ ഗുജ്‌റാള്‍ മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ യേരേന്‍ നായിഡു 2012ലുണ്ടായ കാറപകടത്തിലാണ് കൊല്ലപ്പെട്ടത്.
പിതാവിനെ പോലെ തന്നെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനാണ് റാം മോഹന്‍ നായിഡു. യേരന്‍ നായിഡുവിന്റെ മരണത്തിന് ശേഷം 2014ലാണ് റാം മോഹന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 2014ല്‍ ശ്രീകാകുളത്ത് നിന്ന് മത്സരിച്ച് 1.27 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 26 വയസ്സുകാരനായ റാം മോഹന്‍ നായിഡു വിജയിച്ചത്. പതിനാറാമത് ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയായിരുന്നു അദ്ദേഹം. ടിഡിപിയുടെ ലോക്‌സഭാകക്ഷി നേതാവായും തിരഞ്ഞെടുക്കപ്പെട്ടു. കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസംസ്‌കരണം, റെയില്‍വേ, ആഭ്യന്തരം, ടൂറിസം എന്നീ വകുപ്പുകളില്‍ സ്റ്റാന്റിങ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. 2019ല്‍ പതിനേഴാമത് ലോക്‌സഭയിലേക്കും ശ്രീകാകുളം മണ്ഡലത്തില്‍ നിന്ന് റാം മോഹന്‍ നായിഡു തിരഞ്ഞെടുക്കപ്പെട്ടു. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ ദുവാഡ ശ്രീനിവാസിനെതിരേ 6653 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2020ല്‍ മികച്ച എംപിക്കുള്ള സന്‍സദ് രത്‌ന പുരസ്‌കാരം നേടിയിട്ടുണ്ട്.
ആന്ധ്രയിലെ മുന്‍ മന്ത്രിയായിരുന്ന ബന്ദാരു സത്യനാരായണ മൂര്‍ത്തിയുടെ മകള്‍ ശ്രീശ്രവ്യയെ ആണ് റാം മോഹന്‍ നായിഡു വിവാഹം ചെയ്തിരിക്കുന്നത്. 2017ലായിരുന്നു വിവാഹം. 2021ല്‍ ബജറ്റ് സമ്മേളനത്തിനിടെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് പറ്റേണിറ്റി ലീവില്‍ പ്രവേശിച്ച റാം മോഹന്‍ നായിഡുവിന്റെ തീരുമാനം പാര്‍ലമെന്റില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പാര്‍ലമെന്റില്‍ ആര്‍ത്തവ ആരോഗ്യ വിദ്യാഭ്യാസത്തിനും ലൈംഗിക വിദ്യാഭ്യാസത്തിനും വേണ്ടി വാദിച്ച ആദ്യ എംപിമാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. സാനിറ്ററി പാഡുകളുടെ ജിഎസ്ടി ഒഴിവാക്കുന്നതിനായി സജീവമായി പ്രചാരണം നടത്തിയതും റാം മോഹന്‍ നായിഡുവാണ്.
അമേരിക്കയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ലോംഗ് ഐലന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട് റാം മോഹന്‍ നായിഡു. ഡല്‍ഹിയിലെ ആര്‍.കെ പുരത്തുള്ള ഡല്‍ഹി പബ്ലിക് സ്‌കൂളിലും ശ്രീകാകുളം സ്‌കൂളിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.
Content Highlights: Who Is Ram Mohan Naidu Three-Time TDP MP To Become Youngest Minister In Narendra Modi Cabinet