മുത്തച്ഛന്‍ ചരണ്‍സിങ്ങിന് ഭാരത രത്‌ന, ഇപ്പോള്‍ പേരമകന്‍ ജയന്തിന് മന്ത്രിസ്ഥാനം

#സി.പി.ശ്രീഹര്‍ഷന്‍
ജയന്ത് ചൗധരി. ഫോട്ടോ: കമല്‍ കിഷോര്‍ | പി.ടി.ഐ
ജയന്ത് ചൗധരി. ഫോട്ടോ: കമല്‍ കിഷോര്‍ | പി.ടി.ഐ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി രാജ്യം ശ്രദ്ധിച്ച രാഷ്ട്രീയ ചുവടുമാറ്റങ്ങളായിരുന്നു നിതീഷ് കുമാറിന്റെ ഐക്യ ജനതാദളും ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളും പ്രതിപക്ഷ സഖ്യം വിട്ട് എന്‍.ഡി.എയിലേക്ക് ചേക്കേറിയത്.

ഒന്നര പതിറ്റാണ്ടോളം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു അന്തരിച്ച മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങിന്റെ കൊച്ചുമകന്‍ കൂടിയായ ജയന്ത് ചൗധരിയും അദ്ദേഹം അധ്യക്ഷനായുള്ള രാഷ്ട്രീയ ലോക്ദളും.

പടിഞ്ഞാറന്‍ യു.പിയിലെ ജാട്ട് കര്‍ഷകമേഖലയില്‍ മരണാനന്തരവും ചൗധരി ചരണ്‍സിങിനും മകന്‍ അജിത് സിങിനുമുള്ള സ്വാധീനമെന്തെന്ന കൃത്യമായ ബോധ്യം ബി.ജെ.പിക്കുണ്ടായിരുന്നു. കര്‍ഷകസമരത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ജാട്ട് സമുദായങ്ങളിലുള്ള അതൃപ്തി മറികടക്കാന്‍ ചരണ്‍സിങിന്റെ കുടുംബത്തെ പാട്ടിലാക്കുകയെന്ന രാഷ്ട്രീയകൗശലം ബി.ജെ.പി പ്രയോഗിച്ചു.

ചരണ്‍സിങിന് മരണാനന്തര ബഹുമതിയായി ഭാരത രത്‌ന രണ്ടാം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പിന്നാലെ ജയന്ത് ചൗധരിയും കൂട്ടരും ഇന്ത്യാ സഖ്യം വിട്ട് എന്‍.ഡി.എ പാളയത്തിലെത്തി.

എസ്.പിയുമായി ആറ് സീറ്റുകളില്‍ മത്സരിക്കാന്‍ പ്രാഥമിക ധാരണയിലെത്തിയ ശേഷമുണ്ടായ ജയന്തിന്റെ ചുവടുമാറ്റം രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിക്കാതിരുന്നില്ല. എസ്.പി സഖ്യത്തില്‍ നിന്നപ്പോള്‍ മത്സരിച്ച സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും എന്‍.ഡി.എ പാളയത്തില്‍ ജയന്ത് ചൗധരിക്ക് പിഴച്ചില്ല. മത്സരിക്കാന്‍ ലഭിച്ച സീറ്റുകളുടെ എണ്ണക്കുറവ് അല്പം നിരാശയുണര്‍ത്തിയെങ്കിലും രാഷ്ട്രീയ ലോക്ദള്‍ മത്സരിച്ച രണ്ടിടത്തും വിജയിച്ച് നൂറുമേനി കൊയ്തു.

ബാഗ്പതും ബിജ്നോറും വിജയിച്ച രാഷ്ട്രീയ ലോക്ദളിന്റെ കൂടി സംഭാവനയാണ് യു.പിയില്‍ എന്‍.ഡി.എയെ പരിക്കില്ലാത്ത നിലയിലെത്തിച്ചത്. അതിനുള്ള പാരിതോഷികം കൂടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജയന്തിന്റെ മന്ത്രിസ്ഥാനം.

2022 മുതല്‍ രാജ്യസഭാംഗമാണ് ജയന്ത് ചൗധരി. യു.പിയില്‍ നിന്ന് പ്രതിപക്ഷ ക്വാട്ടയിലാണ് രാജ്യസഭയിലേക്കെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് സമാജ് വാദിയെ കൈവിട്ട് എന്‍.ഡി.എ ചേരിയില്‍ ഔദ്യോഗികമായി ചേക്കേറിയത്. ചരണ്‍സിങിന്റെ മകനും മുന്‍മന്ത്രിയുമായ ചൗധരി അജിത് സിങിന്റെയും രാധിക സിങിന്റെയും മകനായ ജയന്ത് ചൗധരി ജനിച്ച് യു.എസിലെ ടെക്‌സാസ് ഡാലസിലാണ്. പടിഞ്ഞാറന്‍ യു.പിയിലെ ബുലന്ദ്ശഹറിലുള്ള ഭടോണയാണ് നാട്.

2009 ലാണ് രാഷ്ട്രീയപ്രവേശം. മഥുരയില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലേക്ക് ആ വര്‍ഷം ജയന്ത് ജയിച്ചുകയറി. എന്നാല്‍ 2014 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി ബോളിവുഡ് താരം ഹേമമാലിനി എത്തിയപ്പോള്‍ അവരോട് വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. 2009 ല്‍ ലോക്‌സഭാംഗമായിരിക്കെ ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച സ്വകാര്യബില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുകയുണ്ടായി ജയന്ത്. ഫാഷന്‍ ഡിസൈനര്‍ ചാരു സിങ് ആണ് ഭാര്യ. രണ്ട് മക്കള്‍. 

Content Highlights: Grandfather Charan singh got Bharat Ratna now grandson Jayant got ministership