സുരേഷ് ഗോപിയും ജോർജ് കുര്യനും ഇനി കേന്ദ്രമന്ത്രിമാര്‍; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

ജോർജ് കുര്യനും സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യുന്നു
ജോർജ് കുര്യനും സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യുന്നു

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. 70-ാമനായി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബി.ജെ.പി.യുടെ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുതവണയാണ് തൃശ്ശൂർ മണ്ഡലത്തിലെത്തിയത്. മോദി മുഖ്യാതിഥിയായെത്തിയ വനിതാസമ്മേളനം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം തന്നെയായി. 14 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വീണ്ടുമെത്തിയത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ്.

മോദിയുമായുള്ള അടുപ്പം കേന്ദ്രമന്ത്രിസഭയിലേക്കുള്ള വഴിതുറക്കുമെന്ന പ്രചാരണവും ശക്തമായിരുന്നു. ഇതോടെ തൃശ്ശൂരിനൊരു കേന്ദ്രമന്ത്രിയെന്ന പ്രചാരണവാക്യം കത്തിപ്പടർന്നു. 

മന്ത്രിസഭയിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ജോര്‍ജ് കുര്യന്റെ പദവി. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളും ബിജെപിക്ക് നിര്‍ണായകമായി. ഈ പശ്ചാത്തലത്തിലാണ് ജോര്‍ജ് കുര്യനെ കൂടി സുരേഷ് ഗോപിക്കൊപ്പം മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ സമാനമായ രീതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കി പരീക്ഷണം നടത്തിയിരുന്നു.

Content Highlights: bjp thrissur mp suresh gopi take oath