തുടർച്ചയുടെ മുഖം, ലോക്സഭയിൽ എംപിമാരില്ലാത്ത പാർട്ടിക്കും മന്ത്രി; കാബിനറ്റ് പദവിയില്ലാതെ നാലാംകക്ഷി

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം | Photo: PTI, ANI
പ്രതീകാത്മക ചിത്രം | Photo: PTI, ANI

ന്യൂഡല്‍ഹി: രണ്ടാംമോദി സര്‍ക്കാരിന്റെ തുടര്‍ച്ചയെന്ന സന്ദേശമാണ്‌ മൂന്നാം എന്‍.ഡി.എ. മന്ത്രിസഭ നല്‍കുന്നതെങ്കിലും, പ്രധാനനേതാക്കള്‍ക്കുശേഷം വകുപ്പുകളില്‍നടന്നത് വലിയ അഴിച്ചുപണി. കാര്യമായി പരിഗണിച്ചപ്പോഴും അനുവദിച്ച വകുപ്പുകളിലും പദവികളും വലിയ അസമത്വംചൂണ്ടിക്കാട്ടി ഘടകകക്ഷികള്‍ തന്നെ രംഗത്തെത്തി. മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിസ്ഥാനം നിഷേധിച്ചതില്‍ അജിത് പവാര്‍ എന്‍.സി.പി. സത്യപ്രതിജ്ഞയ്ക്കുമുമ്പ് തന്നെ വെടിപൊട്ടിച്ചു. പിന്നാലെ കാബിനറ്റ് പദവി ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ഷിന്ദേ ശിവസേനയുമെത്തി.

മത്സരിച്ച മൂന്നുപേരില്‍ രണ്ടുപേര്‍ ജയിച്ച ജെ.ഡി.എസിലെ എച്ച്.ഡി. കുമാരസ്വാമിക്ക് കാബിനറ്റ് പദവിയോടെയാണ് കല്‍ക്കരി- ഖനി വകുപ്പുകള്‍ നല്‍കിയത്. എന്നാല്‍ ഏഴുപേരുള്ള ശിവസേനയില്‍ പ്രതാപ് റാവു ജാദവിന് സ്വതന്ത്രചുമതലയില്‍ ആയുഷ് വകുപ്പും ആരോഗ്യ- കുടുംബക്ഷേമവകുപ്പിന്റെ സഹമന്ത്രിസ്ഥാനംമാത്രമാണ്. ഒരംഗം മാത്രമുള്ള ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുടെ ജിതന്‍ റാം മാഞ്ചിക്ക് ക്യാബിനറ്റ് പദവിയില്‍ ചെറുകിട ഇടത്തരം സംരംഭമാണ് അനുവദിച്ചു. ലോക്‌സഭയില്‍ അംഗത്വമില്ലാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഏക രാജ്യസഭാംഗം രാംദാസ് അത്താവ്‌ലെക്ക് സാമൂഹിക നീതി ശാക്തീകരണത്തില്‍ സഹമന്ത്രിസ്ഥാനവും നല്‍കി. തോറ്റിട്ടും എല്‍ മുരുഗനേയും രവനീത് സിങ് ബിട്ടുവിനെയും മന്ത്രിമാരാക്കി. ഇതില്‍ മുരുഗന്‍ നിലവില്‍ രാജ്യസഭാംഗമാണ്. തമിഴ്‌നാട്, പഞ്ചാബ് പ്രാതിനിധ്യമാണ് ഇവരുവര്‍ക്കും പദവി ലഭിച്ചത്‌.

മാറ്റമില്ലാത്ത വകുപ്പുകള്‍

മന്ത്രിസഭയില്‍ രണ്ടാമതായി സത്യപ്രതിജ്ഞചെയ്ത രാജ്‌നാഥ് സിങ് പ്രതിരോധം നിലനിര്‍ത്തി. അമിത് ഷാ ആഭ്യന്തര- സഹകരണവും റോഡ് ഗതാഗത- ഹൈവേയും നിര്‍മലാ സീതാരാമന്‍ ധനകാര്യ- കോര്‍പ്പറേറ്റ്കാര്യവും ജയശങ്കര്‍ വിദേശകാര്യവും തുടര്‍ന്നും കൈയ്യാളും. ഈ വകുപ്പുകളില്‍ മാത്രമാണ് തുടര്‍ച്ചയുള്ളത്. പിന്നീട് വരുന്ന വകുപ്പുകളില്‍ ജ്യോതിരാദിത്യസിന്ധ്യക്കടക്കം വലിയ നഷ്ടമാണ് ഉണ്ടായത്.

നാലുപ്രധാനവകുപ്പുകളില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി (സി.സി.എസ്.) ഇപ്പോഴുള്ളതുപോലെ തുടരും. പ്രധാനമന്ത്രി അധ്യക്ഷനായ ഈ സമിതിയാണ് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലെ നിയമനം നടത്തുന്നത്.

സ്ഥാനം ലഭിച്ച മുഖ്യമന്ത്രിമാര്‍

ബി.ജെ.പി. ദേശീയ അധ്യക്ഷസ്ഥാനം ഒഴിയുന്ന ജെ.പി. നഡ്ഡക്ക് ആരോഗ്യവകുപ്പാണ് നല്‍കിയത്. 2014-ലെ മോദി സര്‍ക്കാരില്‍ അദ്ദേഹം കൈകാര്യംചെയ്തിരുന്ന വകുപ്പാണിത്. ഇതിന് പുറമേ രാസവളവകുപ്പും നല്‍കി. കഴിഞ്ഞസര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന ഡോ. മന്‍സൂഖ് മാണ്ഡവ്യയ്ക്ക് തൊഴില്‍, യുവജനകാര്യ, കായികവകുപ്പുകളാണ് ഇത്തവണ നല്‍കിയത്.

സംസ്ഥാനങ്ങളിലെ മുഖംമിനുക്കലിന്റെ ഭാഗമായി മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന ശിവരാജ് സിങ് ചൗഹാന് കൃഷി വകുപ്പാണ് നല്‍കിയത്. കര്‍ഷകപ്രതിഷേധം കെടാതെതുടരുകയും ഹരിയാണയിലടക്കം തിരിച്ചടിയാവുകയുംചെയ്ത സാഹചര്യത്തില്‍, ബി.ജെ.പിയുടെ സൗമ്യമുഖമായ ശിവരാജ് സിങ് ചൗഹാനെ മന്ത്രിയാക്കിയതില്‍ ബി.ജെ.പിക്ക് വലിയ ലക്ഷ്യങ്ങളുണ്ട്.

കഴിഞ്ഞതവണ പത്ത് സീറ്റിലും വിജയിച്ച ഹരിയാണയില്‍ ബി.ജെ.പിക്ക് ഇത്തവണ പാതി സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഇതില്‍ മൂന്നുപേര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചു. മുന്‍മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടറിന് പാര്‍പ്പിട- നഗരകാര്യവും ഊര്‍ജവകുപ്പുമാണ് നല്‍കിയത്. കര്‍ഷകസമരവും ഗുസ്തിതാരങ്ങളുടെ പ്രതിഷേധവും തിരഞ്ഞെടുപ്പിനെ ബാധിച്ച സംസ്ഥാനമാണ് ഹരിയാണ. ഇവിടെനിന്നുള്ള മറ്റ് മന്ത്രിമാരായ റാവു ഇന്ദര്‍ജീത് സിങ് സ്വതന്ത്ര ചുമതലയില്‍ സ്റ്റാറ്റിസ്റ്റിക്‌സ്- പ്രോഗ്രാം ഇപ്ലിമെന്റേഷന്‍, പ്ലാനിങ് വകുപ്പുകളും സാംസ്‌കാരിക വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും വഹിക്കും. മൂന്ന് തവണ കോണ്‍ഗ്രസ് എം.പിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ സര്‍ക്കാരില്‍ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാണ് തുടര്‍ന്നും കൈകാര്യംചെയ്യുക. മൂന്നാമന്‍ കൃഷ്ണപാല്‍ ഗുര്‍ജര്‍ സഹകരണവകുപ്പ് സഹമന്ത്രിസ്ഥാനം കൈകാര്യംചെയ്യും.

വിജയിച്ചിട്ടും മന്ത്രിസ്ഥാനം ലഭിക്കാത്ത മുന്‍മുഖ്യമന്ത്രിമാരാണ് കര്‍ണാടകയില്‍നിന്നുള്ള ജഗദീഷ് ഷെട്ടാറും ബസവരാജ് ബൊമ്മെയും. തലമുറമാറ്റത്തിന്റെ ഭാഗമായി ബി.എസ്. യെദ്യൂരപ്പയെ മാറ്റിയാണ് ബൊമ്മയെ മുഖ്യമന്ത്രിയാക്കിയത്. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കര്‍ണാടക ബി.ജെ.പിയെ കൈവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ പോയ ഷെട്ടാര്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചെത്തി. കര്‍ണാടകയില്‍നിന്ന് പുതുതായി സ്ഥാനം ലഭിച്ച വി. സോമണ്ണക്ക് ജല്‍ശക്തി, റെയില്‍വേ സഹമന്ത്രിസ്ഥാനമാണ് ലഭിച്ചത്. ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്രസിങ് റാവത്തിനും മന്ത്രിസ്ഥാനം ലഭിച്ചില്ല.

മാറ്റം

വിജയിച്ചിട്ടും മന്ത്രിസ്ഥാനം ലഭിക്കാതെ പോയ അനുരാഗ് ഠാക്കൂര്‍ നേരത്തെ കൈകാര്യംചെയ്തിരുന്ന വാര്‍ത്താവിനിമയ, റെയില്‍വേ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് പുറമേ അശ്വിനി വൈഷ്ണവ് കൈകാര്യംചെയ്യും. ഗുണയില്‍നിന്ന് വിജയിച്ച് ലോക്‌സഭയില്‍ എത്തിയിട്ടും ജ്യോതിരാദിത്യസിന്ധ്യയ്ക്ക് വ്യോമയാനം പോലെ പ്രധാനപ്പെട്ട വകുപ്പ് നഷ്ടമായി. ടെലികമ്മ്യൂണിക്കേഷന്‍- വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ മുഖമായിമാറിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയും സിന്ധ്യയെപ്പോലെ കോണ്‍ഗ്രസ് വിട്ടുവന്നതാണെന്നത് ശ്രദ്ധേയം. സിന്ധ്യ ഒഴിഞ്ഞ വ്യോമയാനം ടി.ഡി.പിയുടെ ക്യാബിനറ്റ് മന്ത്രി രാം മോഹന്‍ നായിഡുവിനാണ്. മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞമന്ത്രിയാണ് രാം മോഹന്‍ നായിഡു. അമേഠിയില്‍ പരാജയപ്പെട്ട സ്മൃതി ഇറാനി നേരത്തെ കൈകാര്യംചെയ്തിരുന്ന വകുപ്പുകള്‍ അന്ന പൂര്‍ണദേവി കൈകാര്യംചെയ്യും. വനിതാ- ശിശുക്ഷേമവകുപ്പാണ് ഇവര്‍ക്ക് ലഭിച്ചത്. 

മുന്‍ സര്‍ക്കാരില്‍ ജല്‍ശക്തി വകുപ്പ് കൈകാര്യംചെയ്തിരുന്ന ഗജേന്ദ്രസിങ് ഷെഖാവത്തിന് സാംസ്‌കാരിക- ടൂറിസം വകുപ്പാണ് നല്‍കിയത്. ബി.ജെ.പി. ഗുജറാത്ത് അധ്യക്ഷനായ സി.ആര്‍. പാട്ടീലാണ്‌ ജല്‍ശക്തിയുടെ കാബിനറ്റ് പദവിയുള്ള മന്ത്രി. നേരത്തെ, തമിഴ്‌നാട്ടില്‍നിന്നുള്ള എല്‍. മുരുഗന്‍ കൈകാര്യംചെയ്തിരുന്ന വകുപ്പുകളാണ് ജോര്‍ജ് കുര്യന് ലഭിച്ച ഫിഷറീസ്, മൃഗപരിപാലന, ക്ഷീരോത്പന്ന വകുപ്പുകള്‍. ഇതിന് പുറമേ ന്യൂനപക്ഷവകുപ്പും സഹമന്ത്രിയായ ജോര്‍ജ് കുര്യന്‍ കൈകാര്യം ചെയ്യും.

സുരേഷ്‌ഗോപിക്കൊപ്പം പുതുതായി എത്തിയ ബണ്ടി സഞ്ജയ് ആഭ്യന്തരം, മുന്‍കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ പ്രസാദ വാണിജ്യം- വ്യാപാരം, രവ്‌നീത് സിങ് ബിട്ടു ഭക്ഷ്യസംസ്‌കരണം, റെയില്‍വേ വകുപ്പുകളില്‍ സഹമന്ത്രിമാരാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തുകയും കേന്ദ്രമന്ത്രിയാക്കുകയും ചെയ്ത നാരായണ്‍ റാണെയെ ഇത്തവണ പുതിയ കാബിനറ്റില്‍ ഒഴിവാക്കപ്പെട്ടതാണ് ശ്രദ്ധേയം

സഖ്യകക്ഷികള്‍

ടി.ഡി.പിയുടെ ചന്ദ്രശേഖര്‍ പെമ്മസാനി ഗ്രാമവികസനസഹമന്ത്രിയാണ്. കാബിനറ്റ് പദവിയുള്ള ജെ.ഡി.യുവിന്റെ ലല്ലന്‍ സിങ്ങിന്‌ പഞ്ചായത്തീരാജ്- ഫിഷറീസ്, മൃഗപരിപാലനം, ക്ഷീരോത്പന്നം എന്നീ വകുപ്പുകളാണ് ലഭിച്ചത്. ജെ.ഡി.യുവില്‍നിന്ന് തന്നെയുള്ള രാംനാഥ് ഠാക്കൂര്‍ കൃഷി- കര്‍ഷകക്ഷേമ സഹമന്ത്രിയാണ്. ചിരാഗ് പസ്വാന്‍ കാബിനറ്റ് പദവിയുള്ള ഭക്ഷ്യസംസ്‌കരണവകുപ്പ് മന്ത്രിയാണ്. ആര്‍.എല്‍.ഡിയുടെ ജയന്ത് ചൗധരിക്കും അപ്‌നാദളിന്റെ അനുപ്രിയാ പട്ടേലിനും സഹമന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചത്.

Content Highlights: 3rd Modi cabinet-Important facts