'കാൻസർ ചികിത്സയിൽ ഭയമല്ല, ജാഗ്രതയാണ് വേണ്ടത്, രോഗിയുടെ മാനസികാവസ്ഥ പ്രധാനം'

തിരുവനന്തപുരം: കാൻസറിനെക്കുറിച്ചുള്ള ആശങ്കകളും സംശയങ്ങളും ചികിത്സാ രീതികളും ചർച്ച ചെയ്യാനുള്ള വേദിയൊരുക്കി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഏഴാം പതിപ്പ്. 'കാൻസർ: ധൈര്യം, പോരാട്ടം, പ്രതീക്ഷ' എന്ന ചർച്ചയിൽ ഡോ. ജോംസി ജോർജ്, ഡോ. അശ്വതി സോമൻ, ഡോ. പ്രശാന്ത് സി.വി എന്നിവരാണ് പങ്കെടുത്തത്. എംബിബിഎസ് വിദ്യാർഥി ഗിരിധർ ഗോപിനാഥ് ആയിരുന്നു മോഡറേറ്റർ.
കാൻസർ നേരത്തെ തിരിച്ചറിയുന്നത് ചികിത്സയിൽ ഗുണം ചെയ്യുമെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗിയുടെ മാനസികാവസ്ഥ ചികിത്സയിൽ പ്രധാനമെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു. കാണികളുടെ സംശയങ്ങൾക്ക്
മറുപടി പറഞ്ഞും അവരുടെ ആശങ്കകൾ ദൂരീകരിച്ചും ചർച്ച മുന്നേറി. ഡോക്ടർമാരുടെ വാക്കുകൾ നോക്കാം:
വിലപ്പെട്ട സമയം നമ്മൾ നഷ്ടപ്പെടുത്തരുത്- ഡോ. അശ്വതി സോമൻ
നമുക്ക് അസുഖം വരില്ലല്ലോ എന്ന ചിന്ത പലർക്കും ഉണ്ട്. അസുഖം തിരിച്ചറിഞ്ഞാൽ ഒരു ദേഷ്യം പലർക്കും വരാറുണ്ട്. പുകവലിയൊന്നും ഇല്ലാതെ അസുഖം വന്നല്ലോ എന്നൊരു ചിന്തയിലേയ്ക്ക് ആളുകൾ എത്തുന്നു. പലരും വിഷാദത്തിലേയ്ക്ക് പോകുന്നു. അസുഖം വന്നുവെന്നും ചികിത്സ സാധ്യമാണെന്നും തിരിച്ചറിയാൻ പലർക്കും സമയം എടുക്കുന്നുണ്ട്. രോഗിയോട് അസുഖം വെളിപ്പെടുതാതെ ഇരിക്കുന്ന ചിലരുണ്ട്. അവരുടെ വിലപ്പെട്ട സമയം നമ്മൾ നഷ്ടപ്പെടുത്തുകയാണ്. അത് രോഗിയോട് കാണിക്കുന്ന ദ്രോഹം കൂടിയാണ്.
നേരത്തെ രോഗം തിരിച്ചറിയുക എന്നത് പ്രധാനം-ഡോ. ജോംസി ജോർജ്
അസുഖത്തെ മാത്രമല്ല, രോഗിയെയും ചികിത്സിക്കണം. കാൻസർ രോഗിയോട് എന്താണ് പറയേണ്ടതെന്ന് പലർക്കും അറിയില്ല. രോഗിയെ നെഗറ്റിവിറ്റിയിൽ നിന്നും പോസിറ്റിവിറ്റിയിലേക്ക് കൊണ്ട് വരാൻ സാധിക്കണം. ഓരോ അവയവത്തിന് അനുസരിച്ചാണ് രോഗലക്ഷണം വരുന്നത്. അത് മനസിലാക്കണം. വർഷത്തിൽ ഒരിക്കൽ എങ്കിലും കാൻസർ സ്ക്രീനിങ്ങിന് തയ്യാറാകണം. നേരത്തെ രോഗം തിരിച്ചറിയുക എന്നതാണ് പ്രധാനം.
ഗൂഗിൾ അല്ല ഡോക്ടർ- ഡോ. പ്രശാന്ത് സി.വി
വളരെ വ്യക്തതയോടെ നിർണയിക്കേണ്ട ഒന്നാണ് കാൻസർ. അവിടെ വേഗതയിൽ അല്ല, വ്യക്തതയിലാണ് കാര്യം. കാൻസർ എന്നാൽ ഒരുകൂട്ടം രോഗമാണ്. കാൻസറിനെ മനസിലാക്കി വേണം ചികിത്സിക്കാൻ. സഹതാപം കേൾക്കാതെ ഇരിക്കാൻ വേണ്ടി ഇപ്പോൾ പലരും അസുഖം പുറത്ത് പറയാറില്ല. കാൻസറിനെ തടയാൻ സാധിക്കും എന്ന് മനസിലാക്കണം. നമ്മുടെ ശരീരത്തെക്കുറിച്ച് ഒരു ശ്രദ്ധ എപ്പോഴും ഉണ്ടാകണം. രോഗിയോട് അസുഖത്തെക്കുറിച്ച് പറയരുതെന്ന് പലരും പറയാറുണ്ട്. പക്ഷേ രോഗിക്ക് അത് അറിയാനുള്ള അവകാശമുണ്ട്. ഗൂഗിൾ അല്ല ഡോക്ടർ എന്നും രോഗികൾ മനസ്സിലാക്കണം. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. കാൻസർ സമൂഹത്തിൽ നിയന്ത്രിക്കാൻ സാധിക്കും. പുകവലിയും മദ്യപാനവും ഒഴിവാക്കണം, വ്യായാമം നിർബന്ധമാക്കണം. കാൻസർ കൃത്യ സമയത്ത് ചികിത്സിച്ചാൽ ചെലവ് കുറയും.
Content Highlights: At MBIFL 2026, medical experts emphasized that mental well-being and early detection are crucial in the fight against cancer. The session, titled 'Cancer: Courage, Struggle, Hope', focused on debunking myths and encouraging alertness over fear among patients and their families.