മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം സന്ധ്യ മേരിയുടെ 'മരിയ ജസ്റ്റ് മരിയ'ക്ക്

സന്ധ്യാ മേരി | ഫോട്ടോ: ബി.മുരളീകൃഷ്ണൻ
സന്ധ്യാ മേരി | ഫോട്ടോ: ബി.മുരളീകൃഷ്ണൻ

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ബുക്ക്‌ ഓഫ് ദി ഇയർ പുരസ്‌കാരം സന്ധ്യാ മേരി രചിച്ച 'മരിയ ജസ്റ്റ് മരിയ' എന്ന പുസ്തകത്തിന്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ആറാംപതിപ്പിന്റെ സമാപന വേദിയിൽ വെച്ച് മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പിവി. ചന്ദ്രൻ പുരസ്കാരം പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാരൻ എം. മുകുന്ദൻ പുരസ്കാരം സമ്മാനിച്ചു.

ഹാര്‍പ്പർ കോളിന്‍സാണ് 'മരിയ ജസ്റ്റ് മരിയ' എന്ന പുസ്തകം പുറത്തിറക്കിയത്. മലയാളത്തില്‍ മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'മരിയ വെറും മരിയ' എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് ഈ പുസ്തകം. ഈ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് ജയശ്രീ കളത്തിലാണ്. 2024-ലെ മികച്ച പരിഭാഷാ പുസ്തകത്തിനുള്ള ക്രോസ്​വേർഡ് പുരസ്കാരം ലഭിച്ചിരുന്നു. 2024-ലെ ജെ.സി.ബി. പുരസ്കാര പട്ടികയിൽ ഈ പുസ്തകം ഇടംപിടിച്ചിരുന്നു. 

 സന്ധ്യ മേരി  MBIFL ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം എം.മുകുന്ദനിൽ നിന്ന് ഏറ്റുവാങ്ങുന്നു

സന്ധ്യ മേരി എഴുതിയ ഈ പുസ്തകം ഒരു സ്ത്രീയുടേയും ബന്ധങ്ങളുടേയും കഥയാണ്. ഏറ്റവും സാധാരണമായ കാര്യങ്ങള്‍ ചിന്തിക്കുന്നതിലൂടെ, അത് തുറന്ന് പറയുന്നതിലൂടെ സമൂഹത്തില്‍ അസാധാരണക്കാരിയായി മാറുന്ന മരിയ എന്ന കഥാപാത്രത്തിന്റെ മാനസിക -ഭൗതിക സഞ്ചാരങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന നോവലാണ് മരിയ വെറും മരിയ. മനോരോഗ ആശുപത്രിയില്‍ വച്ച് മരിയ അവളുടെ ഓര്‍മ്മകള്‍ എഴുതിയെടുക്കുമ്പോള്‍ നോര്‍മല്‍ എന്ന് വിശ്വസിച്ച് അഹങ്കരിച്ചു നടക്കുന്ന സമൂഹത്തിന് ചിന്തിക്കേണ്ടതായ ഒത്തിരി കാര്യങ്ങളുണ്ട്. യാഥാസ്ഥിതിക മനോഭാവത്തെയും കുലസ്ത്രീ നിലപാടുകളെയും സദാചാരബോധത്തെയും എതിര്‍ത്ത് തികച്ചും തന്റേതായ ശരികളായിരുന്നു മരിയയ്ക്ക്. അതാണ് അവളെ അബ്നോര്‍മലാക്കിയതും. ദൈവം എന്നത് ഉദ്ദിഷ്ട കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മാത്രമുള്ള ഒരു ഏജന്‍സി അല്ലെന്നും ലിംഗനീതി എന്നത് പെണ്ണിനും ആണിനും ഒരുപോലെ നടപ്പാക്കേണ്ട കാര്യമാണെന്നും മരിയ ഓര്‍മ്മിപ്പിക്കുന്നു.

Read More: അബ്‌നോര്‍മാലിറ്റികളുടെ അന്തംവിട്ട ഘോഷയാത്രയുമായി മരിയ വെറും മരിയ
Read More: മരിയ വെറും മരിയ :ഘടനാപരമായ, രചനാപരമായ, വൈകാരികമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനം

Content Highlights: sandhya mary maria just maria mbifl 2025 award