വർണങ്ങളിൽ വിരിഞ്ഞ് സ്നോ ലോട്ടസ്: അപൂര്‍വ സൗഭാഗ്യമെന്ന് നോവലിസ്റ്റ്

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്റെ സ്‌നോ ലോട്ടസിനെ വിവിധ ചിത്രകാരന്മാര്‍ ചേര്‍ന്ന് കാന്‍വാസില്‍ പകര്‍ത്തി. നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാലാവസ്ഥ എന്ന പ്രമേയത്തിലായിരുന്നു ചിത്രരചന. നോവലിസ്റ്റും സ്വന്തം നോവലിനെക്കുറിച്ചുള്ള ചിത്രരചനയില്‍ പങ്കാളിയാകുന്ന അപൂര്‍വ്വതയ്ക്കും ക കോര്‍ണര്‍ വേദിയായി. സ്‌നോ ലോട്ടസില്‍ നിന്നുള്ള ഒരു ഭാഗം സോണിയ ചെറിയാന്‍ വേദിയില്‍ വായിച്ചു.
മഞ്ഞും മലകയറ്റവും താമരയും അലിഞ്ഞലിഞ്ഞ് പോകുന്ന ഹിമാലയവും യാക്കും ചിത്രരചനയ്ക്ക് പ്രമേയമായി. തന്റെ നോവലിന്റെ വിവിധ ഭാവങ്ങള്‍ കണ്ട് ആസ്വദിച്ച നോവലിസ്റ്റ് ചിത്രകാരന്‍മാര്‍ക്ക് നന്ദി പറഞ്ഞു. ഹൃദയത്തില്‍ തട്ടിയ അനുഭവമാണിതെന്നും എഴുത്തുകൊണ്ടു തന്ന മഹാഭാഗ്യങ്ങളിലൊന്നായി ഈ ചിത്രങ്ങളെ കൈ കൂപ്പി സ്വീകരിക്കുന്നതായും സോണിയ ചെറിയാന്‍ വ്യക്തമാക്കി.
ചിത്രകാരന്മാരായ ഗിരീഷ്‌കുമാര്‍ ടിവി, ഗിരീഷ് മക്രേരി, ഉത്തമരാജ് കെ.യു,ശില്‍പ ഖേയ്,ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റായ അലന്‍ പാപ്പി, ചാര്‍ക്കോള്‍ ആര്‍ട്ടിസ്റ്റായ ജോജി, എന്നിവര്‍ ചേര്‍ന്നാണ് ചിത്രമൊരുക്കിയത്. ആര്‍ട്ടിസ്റ്റുമാര്‍ നോവലിനെക്കുറിച്ചും ചിത്രരചനയെക്കുറിച്ചും സോണിയ ചെറിയാനുമായി സംവദിച്ചു.
നാലു നോവലുകളെ ആധാരമാക്കി നാല് വിഷയങ്ങളില്‍ ക കോര്‍ണര്‍ വേദിയില്‍ കലാകാരന്‍മാര്‍ ചിത്രമൊരുക്കുന്നുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ 100-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കര പ്രമേയമാക്കി അക്ഷരോത്സവ വേദിയുടെ ആദ്യദിനം കലാകാരന്‍മാര്‍ ചിത്രമൊരുക്കിയിരുന്നു. സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയെ ആസ്പദമാക്കി കടല്‍ എന്ന പ്രമേയത്തിലും ചിത്ര രചന നടന്നിരുന്നു. ആര്‍ രാജശ്രീയുടെ ആത്രേയകം എന്ന നോവലിലെ ആസ്പദമാക്കി കാട് എന്ന പ്രമേയത്തില്‍ അക്ഷരോത്സവത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ചിത്രരചനയുണ്ടാകും.
ചിത്രങ്ങള്‍ വരയ്ക്കുന്നത് നേരിട്ടു കാണാനും കലാകാരന്മാരുമായി സംവദിക്കാനും ക കോര്‍ണര്‍ വേദിയില്‍ അവസരമുണ്ട്.
Content Highlights: snow lotues , sonia cheriyan,MBIFL25