പത്രമെന്നാൽ മാധവൻനായർക്കു 'മാതൃഭൂമി'

എൻ. മാധവൻ നായർ
എൻ. മാധവൻ നായർ

ഹരിപ്പാട്: 'മാതൃഭൂമി' യെ ഹൃദയത്തോടു ചേർത്തുപിടിച്ച ഏജന്റായിരുന്നു കരിപ്പുഴവിളയിൽ മീനത്തേതിൽ എൻ. മാധവൻ നായർ. 1966-ൽ 60 പത്രത്തിൽ തുടങ്ങിയ മാധവൻ നായരുടെ 'ചെട്ടികുളങ്ങര ഏജൻസി' 1998-ൽ അദ്ദേഹം മരിക്കുമ്പോൾ 450-ലധികം പത്രമുള്ള ഏജൻസിയായി വളർന്നിരുന്നു.

കരിപ്പുഴയിൽ തുടർച്ചയായുണ്ടായ മൂന്നു കൊലപാതകങ്ങളുടെ വിശദാംശങ്ങൾ 'മാതൃഭൂമി'യിലൂടെ ലോകത്തെ അറിയിച്ചത് അദ്ദേഹമായിരുന്നു. വാർത്താവിനിമയ സംവിധാനങ്ങൾ പരിമിതമായിരുന്നകാലത്ത് മാവേലിക്കരയ്ക്കും ഹരിപ്പാട്ടിനും ഇടയിലുണ്ടാകുന്ന പ്രധാനസംഭവങ്ങളെല്ലാം മാതൃഭൂമിയുടെ ആലപ്പുഴ ഓഫീസിൽ നേരിട്ടെത്തിക്കുന്നത് അദ്ദേഹമായിരുന്നു.

എൺപതുകളിൽ മുട്ടത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചതുമായി ബന്ധപ്പെട്ട തർക്കം വിവാദമായിരുന്നു. സത്യാഗ്രഹവും പൊതുസമ്മേളനങ്ങളുമൊക്കെയായി ഏറെക്കാലം നീണ്ടുനിന്ന ഈ സമരത്തിന്റെ വാർത്തകൾ 'മാതൃഭൂമി' പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. വാർത്തകൾ ഓഫീസിൽ മുടങ്ങാതെ എത്തിച്ചിരുന്നത് മാധവൻ നായരായിരുന്നു. പത്രവിതരണത്തിനുശേഷം ബസിൽ ആലപ്പുഴയിലെത്തി വാർത്തനൽകി പുലർച്ചയോടെയാണു തിരികെയെത്തിയിരുന്നത്.

ആലപ്പുഴയിൽനിന്നു പുലർച്ചേ 4.30-നു പുറപ്പെടുന്ന തിരുവനന്തപുരം ഫാസ്റ്റ്പാസഞ്ചറിൽ നങ്ങ്യാർകുളങ്ങര കവലയിലായിരുന്നു അന്നു പത്രക്കെട്ട് എത്തിച്ചിരുന്നത്. നാലുമണിയോടെ കരിപ്പുഴയിൽനിന്ന് സൈക്കിളിൽ പുറപ്പെടുന്ന മാധവൻനായർ നങ്ങ്യാർകുളങ്ങരയിൽ കാത്തുനിൽക്കുന്നുണ്ടാകും. മക്കളായ ഭാനുക്കുട്ടനും ഗോപകുമാറും വിതരണത്തിനുസഹായിക്കും. സ്‌കൂളിൽ പഠിക്കുമ്പോൾമുതൽ ഇരുവരും അച്ഛനൊപ്പം മാതൃഭൂമി വിതരണം ചെയ്യുന്നുണ്ടായിരുന്നു. നങ്ങ്യാർകുളങ്ങരയിൽനിന്നാരംഭിച്ച് പള്ളിപ്പാട്, മുട്ടം, ഏവൂർ, കരിപ്പുഴ, പേള, കടവൂർ തുടങ്ങിയയിടങ്ങളിൽ പത്രവിതരണം നടത്തി മാധവൻ നായർ വീട്ടിലെത്തുമ്പോഴേക്കും വൈകുന്നേരമാകുമായിരുന്നു.

'മാതൃഭൂമി' മാത്രമേ വിതരണം ചെയ്യൂവെന്നതായിരുന്നു മാധവൻ നായരുടെ നയം. മറ്റു പത്രങ്ങളുടെ ഏജൻസിയെടുക്കാൻ അദ്ദേഹം തയ്യാറായില്ല. ഗ്രന്ഥശാലകളിലേക്കു പത്രവും ആനുകാലിക പ്രസിദ്ധീകരണങ്ങളും സൗജന്യമായി നൽകുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു. മൂത്തമകൻ ഭാനുക്കുട്ടന് 1980-ൽ സൈന്യത്തിൽ ജോലികിട്ടി. ഇതോടെ ഇളയമകൻ ഗോപകുമാർ അച്ഛനൊപ്പം പത്രവിതരണത്തിനിറങ്ങി.

മാധവൻനായർക്കൊപ്പം വിതരണക്കാരായെത്തിയവരാണു പിന്നീട് ഈ പ്രദേശത്തു വിവിധ പത്രങ്ങളുടെ ഏജന്റുമാരായത്. സഹോദരൻ ചെല്ലപ്പൻനായരുടെ മകൻ സി. കൃഷ്ണൻകുട്ടി മുട്ടം-മാവേലിക്കര എന്ന പേരിൽ ഏജൻസിയെടുത്തു. ഇപ്പോൾ കൃഷ്ണൻകുട്ടിയുടെ സഹോദരൻ സി. ഗോപിനാഥൻനായരാണ് കരിപ്പുഴയിലെ 'മാതൃഭൂമി' ഏജൻസി നടത്തുന്നത്.

എൻ. മാധവൻ നായർ

Content Highlights: Mathrubhumi 100 Years