ഏറംവെള്ളി ടി.എച്ച്. നാരായണക്കുറുപ്പ് വടകരയുടെ ആദ്യ സ്വന്തം ലേഖകൻ

വടകര: താലൂക്കിന്റെ പല ഭാഗത്തുനിന്നും പലരും പലവഴിക്ക് എത്തിച്ചിരുന്ന വാർത്തകൾ, അവയുടെ നിജസ്ഥിതി എന്തെന്ന് അറിയില്ല... നിജസ്ഥിതി മനസ്സിലാക്കി പത്രത്തിലേക്ക് അയച്ചുകൊടുക്കുകയെന്നത് ഏറെ ശ്രമകരമായ കാലം... പറഞ്ഞുവരുന്നത് മാതൃഭൂമിയുടെ ആദ്യനാളുകളെക്കുറിച്ചാണ്. അന്ന് ആ ദൗത്യം വളരെ ഭംഗിയായി നിർവഹിച്ച ലേഖകനുണ്ടായിരുന്നു വടകരയിൽ-ഏറംവെള്ളി ടി.എച്ച്. നാരായണക്കുറുപ്പ്. വടകരയിലെ മാതൃഭൂമിയുടെ ആദ്യ ലേഖകൻ, സാമൂഹിക-സാംസ്‌കാരികരംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വം...
ഈ അടുപ്പവും സഹോദരന്റെ പ്രേരണയുമാണ് ടി.എച്ച്. നാരായണക്കുറുപ്പിനെ മാതൃഭൂമിയുടെ ലേഖകനാകാൻ പ്രേരിപ്പിച്ചത്. കേളപ്പജിയുടെ അനുയായിയായിരുന്നു കുറുപ്പ്. കേളപ്പജിയുടെ ആവശ്യവും കൂടിയായപ്പോൾ നാരായണക്കുറുപ്പ് ആ ദൗത്യം ഏറ്റെടുത്തു. പിന്നീട് മരണംവരെ അദ്ദേഹമായിരുന്നു മാതൃഭൂമിയുടെ വടകര ലേഖകൻ. രോഗശയ്യയിലായപ്പോഴാണ് ഗാന്ധിയനും ബി.ഇ.എം. ഹൈസ്‌കൂൾ അധ്യാപകനുമായിരുന്ന എം.കെ. കുഞ്ഞിക്കൃഷ്ണക്കുറുപ്പിനെ ചുമതലയേൽപ്പിച്ചത്.
ഓരോ റിപ്പോർട്ടും സൂക്ഷ്മമായി പരിശോധിച്ച്, നന്നായി എഡിറ്റ് ചെയ്ത് വാർത്ത അയക്കുന്നതായിരുന്നു ടി.എച്ചിന്റെ ശീലം. പൊടിപ്പും തൊങ്ങലും വാർത്തയിൽ ചേർക്കുന്ന പതിവുമില്ല. ന്യൂസ് ഡെസ്‌കിൽ ടി.എച്ചിന്റെ വാർത്തകൾ ഒന്നുംനോക്കാതെ പ്രസിദ്ധീകരിക്കാൻ കഴിയുമായിരുന്നു.
അന്ന് വടകരയിൽ പ്രാദേശിക ലേഖകർക്ക് ആസ്ഥാനമൊന്നും ഇല്ലായിരുന്നു. വടകരയിലെ മാതൃഭൂമിയുടെ പ്രധാന ഏജന്റ് കേയെൻ കണ്ണന്റെ കൈത്തറി നൂൽവിൽപ്പന കേന്ദ്രമായിരുന്നു തട്ടകം. ടി.എച്ച്. സഹോദരൻമാരുടെ ആത്മമിത്രമായിരുന്നു കേയെൻ. മാതൃഭൂമിയുടെ വടകര മേഖലയിലെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരായിരുന്നു ഇവർ.
വടകര പാറേമ്മൽ സ്‌കൂൾ അധ്യാപകനായിരുന്ന നാരായണക്കുറുപ്പ് സഹകരണരംഗത്തെ മികച്ച സംഘാടകനും കൂടിയായിരുന്നുവെന്ന് ബി.കെ. തിരുവോത്ത് ഓർക്കുന്നു. വടകര പി.സി.സി. സൊസൈറ്റി, വടകര കോ-ഓപ്പറേറ്റീവ് ബാങ്ക്, വടകര കോ-ഓപ്പറേറ്റീവ് സ്റ്റോർ, ക്ഷീരസംഘം എന്നിവയ്‌ക്കെല്ലാം നേതൃത്വം നൽകി. കുറുമ്പ്രനാട് താലൂക്ക് സഹകരണ യൂണിയന്റെ ചെയർമാനും മദ്രാസ് സഹകരണ യൂണിയൻ നിർവാഹകസമിതി അംഗവുമായിരുന്നു. യൂണിയന്റെ മുഖപത്രമായ 'പരസ്പരസഹായി'യുടെ പത്രാധിപരുമായി. മടപ്പള്ളി ഗവ. കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിനും നേതൃത്വം നൽകി. കോളേജ്സ്ഥാപക കമ്മിറ്റിയുടെ രണ്ട് സെക്രട്ടറിമാരിൽ ഒരാളായിരുന്നു അദ്ദേഹം.
Content Highlights: Mathrubhumi 100 Years