മഹാത്മാവിന്റെ അവസാന മണിക്കൂറുകള്‍

1948 ജനുവരി 29, വ്യാഴാഴ്ച : അന്നത്തെ ദിനംമുഴുവന്‍ ഗാന്ധിജി കര്‍മനിരതനായിരുന്നു. സന്ധ്യ ആയപ്പോഴേക്കും അദ്ദേഹം നന്നേ ക്ഷീണിച്ചു. എങ്കിലും തലപുകച്ചുകൊണ്ടിരുന്നു. കോണ്‍ഗ്രസിന്റെ ഭരണഘടനയാണ് വിഷയം. അതിന്റെ കരടുരൂപം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇതു മുഴുപ്പിക്കണമെന്ന് നെടുവീര്‍പ്പിട്ടു. 9.15-ന് ഉറങ്ങാനായി എഴുന്നേറ്റു. ഒരുപാട് അസ്വസ്ഥനായിരുന്നു അദ്ദേഹം. ഉറങ്ങുന്നതിനുമുമ്പ് മനുവിന് ഉറുദു ഈരടികള്‍ ചൊല്ലിക്കൊടുത്തു. 'ലോകമാകുന്ന പൂന്തോട്ടത്തിലെ വസന്തം കുറച്ചുദിവസം നീണ്ടുനില്‍ക്കും. നമുക്ക് ആ കാഴ്ചകള്‍ കുറച്ചുദിവസം കണ്ടിരിക്കാം' ഇതായിരുന്നു ആ ഈരടികളുടെ അര്‍ഥം.
ജനുവരി 30 വെള്ളിയാഴ്ച: രാവിലെ പതിവുപോലെ മൂന്നരയ്ക്ക് പ്രാര്‍ഥനയ്ക്കായി എഴുന്നേറ്റു. മരപ്പലകയില്‍നിന്ന് എഴുന്നേറ്റ് അദ്ദേഹം മറ്റു പാര്‍ട്ടിയംഗങ്ങളെ ഉണര്‍ത്തി. അവരില്‍ സഹായികളായ ബ്രിജ് കൃഷ്ണ ചാന്ദിവാല, മനു, ആഭ എന്നിവരും ഉണ്ടായിരുന്നു. സാധാരണയായി കൂടെ ഉണ്ടാവുന്ന അദ്ദേഹത്തിന്റെ ഫിസിഷ്യന്‍ സുശീല നയ്യാര്‍ ആ സമയം പാകിസ്താനില്‍ ആയിരുന്നു. മറ്റേതൊരു സാധാരണ ഇന്ത്യന്‍പൗരനെയുംപോലെ വേപ്പിന്‍ ചില്ലകൊണ്ട് അദ്ദേഹം പല്ലുവിളക്കി.
അവസാന 'വില്‍പ്പത്രം'
പ്രാര്‍ഥനയ്ക്കുശേഷം താന്‍ ഊന്നുവടികളായി കണക്കാക്കുന്ന മനുവിനും ആഭയ്ക്കുമൊപ്പം അകത്തെ മുറിയിലേക്ക് പതുക്കെ നീങ്ങി. അദ്ദേഹത്തിന്റെ കാലുകള്‍ മനു ഒരു ചൂടുള്ള കമ്പിളികൊണ്ട് പുതപ്പിച്ചു. ഗാന്ധിജി തന്റെ പകല്‍ജോലികള്‍ ആരംഭിച്ചപ്പോഴും പുറത്തു നല്ല ഇരുട്ടായിരുന്നു. തലേന്നു രാത്രി തയ്യാറാക്കിയ കോണ്‍ഗ്രസിന്റെ പുതിയ ഭരണഘടനയ്ക്കായുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ കരടില്‍ അദ്ദേഹം ചില തിരുത്തലുകള്‍ വരുത്തി. ഈ രേഖ രാഷ്ട്രത്തോടുള്ള അദ്ദേഹത്തിന്റെ അവസാന വില്‍പ്പത്രവും നിയമസംഹിതയുമായിരുന്നു. 4.45-ഓടെ തേനും നാരങ്ങയും പിഴിഞ്ഞ് ചെറു ചൂടുവെള്ളം കുടിച്ചു. ഒരു മണിക്കൂറിനുശേഷം പതിവ് ഓറഞ്ച് ജ്യൂസ്. ഉപവാസംകാരണമുള്ള ബലഹീനതകൊണ്ടാവണം ജോലിചെയ്യുന്നതിനിടയില്‍ വീണ്ടും ക്ഷീണിച്ചു. തുടര്‍ന്ന് അല്പസമയം മയങ്ങി.
'രാത്രിക്കുമുമ്പ് എന്തു സംഭവിക്കുമെന്നാര്‍ക്കറിയാം'
അരമണിക്കൂറിനുശേഷം ഉണര്‍ന്ന ഗാന്ധിജി തന്റെ കത്തിടപാടുകള്‍ അടങ്ങിയ ഫയല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഉപവാസം കൊണ്ടായിരിക്കണം, ഇടയില്‍ വല്ലാതെ ചുമച്ചുകൊണ്ടിരുന്നു. ഇത് മാറ്റാനായി ഗ്രാമ്പൂ പൊടിച്ചിട്ട് ഈന്തപ്പഴവും ശര്‍ക്കരയും ചേര്‍ത്ത ഔഷധഗുളിക കഴിക്കാറുണ്ട്. എന്നാല്‍, അന്നേദിവസം രാവിലെ നോക്കുമ്പോള്‍ ഗ്രാമ്പൂപൊടി തീര്‍ന്നിട്ടുണ്ടായിരുന്നു. റൂമിലൂടെ ഉള്ള ഉലാത്തലാണ് അദ്ദേഹത്തിന്റെ പ്രഭാതനടത്തം. ആ സമയം, മനു ഗ്രാമ്പൂപ്പൊടി തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ''ഞാന്‍ ഉടന്‍ വരാം, അല്ലാത്തപക്ഷം രാത്രി ചുമച്ചാല്‍ ബുദ്ധിമുട്ടാകും'' -മനു പറഞ്ഞു. ''രാത്രിയാകുന്നതിനു മുമ്പ് എന്തു സംഭവിക്കും എന്ന് ആര്‍ക്കറിയാം?. ഞാന്‍ ജീവിച്ചിരിക്കുമോ എന്നുപോലും അറിയില്ല. ഒരുപക്ഷേ, ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ അപ്പോള്‍ നിനക്ക് ഇത് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതേയുള്ളൂ'' -ഗാന്ധിജി മനുവിന് മറുപടി കൊടുത്തു.
109.5 പൗണ്ട് തൂക്കം
എട്ടുമണിയോടെ അദ്ദേഹം ഉഴിച്ചിലിനായി തയ്യാറായി. അതിനിടെ പ്യാരിലാലിന്റെ മുറിയിലേക്ക് പോവുകയും കഴിഞ്ഞ രാത്രി താന്‍ ഭാഗികമായി തയ്യാറാക്കിയ കോണ്‍ഗ്രസിന്റെ കരട് ഭരണഘടന അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. ''കടുത്തസമ്മര്‍ദത്തിന് ഇടയ്ക്കാണ് ഞാന്‍ ഇത് എഴുതിയത്. എന്തെങ്കിലും വിടവുകള്‍ നികത്താനുണ്ടെങ്കില്‍ അത് ചെയ്യണം. കരടുരേഖ ഒന്നുകൂടി പുനഃപരിശോധിക്കണം'' -അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം കുളിച്ചു. ശേഷം മനു അദ്ദേഹത്തിന്റെ ഭാരം പരിശോധിച്ചു (അഞ്ചടി അഞ്ച് ഇഞ്ച് ആയിരുന്നു ഉയരം). 109.5 പൗണ്ട് ആണ് അദ്ദേഹത്തിന്റെ തൂക്കം. നിരാഹാരം അവസാനിപ്പിച്ചതിനുശേഷം രണ്ടരക്കിലോ കൂടിയിട്ടുണ്ട്.
ബംഗാളിയും പ്രഭാതഭക്ഷണവും
ബംഗാളിഭാഷ എഴുതാനുള്ള ദൈനംദിന പരിശീലനത്തിനുശേഷം കൃത്യം ഒമ്പതരയ്ക്ക് പ്രഭാതഭക്ഷണം. നവഖാലിയില്‍ ഇതിഹാസപര്യടനം ആരംഭിച്ചതിനുശേഷം അദ്ദേഹം കൃത്യമായി തുടര്‍ന്നുപോരുന്ന പതിവാണിത്. 'ഭൈരബിന്റെ വീട് നൈഹാട്ടിയിലാണ്. ഷൈല അദ്ദേഹത്തിന്റെ മൂത്ത പുത്രിയാണ്. ഇന്ന് ഷൈല കൈലാഷിനെ വിവാഹം കഴിക്കുകയാണ്' ബംഗാളി ഭാഷയില്‍ അദ്ദേഹം എഴുതി. പന്ത്രണ്ട് ഔണ്‍സ് ആട്ടിന്‍പാല്‍, പാകം ചെയ്തതും അല്ലാത്തതുമായ പച്ചക്കറികള്‍, ഓറഞ്ച്, നാല് തക്കാളി, കാരറ്റ് ജ്യൂസ്, ഇഞ്ചിക്കഷായം, ചെറുനാരങ്ങ, കറ്റാര്‍വാഴ ഇവയൊക്കെ ചേര്‍ന്നതായിരുന്നു പ്രഭാതഭക്ഷണം. ഉച്ചയുറക്കത്തിനുശേഷം അദ്ദേഹം സന്ദര്‍ശകരെ കണ്ടു. ഡല്‍ഹിയില്‍നിന്ന് ചില മുസ്ലിം പുരോഹിതര്‍ വന്നിരുന്നു. അവര്‍ പോയപ്പോള്‍ പറഞ്ഞു: ''എന്റെ കത്തുകള്‍ കൊണ്ടുവരൂ, അവയ്‌ക്കൊക്കെയും ഇന്നുതന്നെ മറുപടി നല്‍കണം. നാളെ ഞാന്‍ ജീവനോടെ ഇരിക്കാം, ചിലപ്പോള്‍ ജീവന്‍ അറ്റിരിക്കാം.''
താരാസിങ്ങിന്റെ രോഷം
ജനുവരിയിലെ ഉച്ച. ഇളം തണുപ്പുള്ള സൂര്യപ്രകാശത്തില്‍ അടിവയറ്റില്‍ ചെളിപൊതിഞ്ഞ് അദ്ദേഹം കിടന്നു. മുഖത്ത് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ നവഖാലിയിലെ ഒരു കര്‍ഷകന്റെ കൈയില്‍നിന്നു വാങ്ങിയ മുളത്തൊപ്പി ധരിച്ചു. മനുവും ആഭയും അദ്ദേഹത്തിന്റെ കാലില്‍ അമര്‍ത്തിക്കൊണ്ടിരുന്നു. 1.30-ന് മാസ്റ്റര്‍ താരാസിങ്ങിന്റെ പ്രസ്താവന ബ്രിജ് കൃഷ്ണ ഗാന്ധിജിയെ വായിച്ചുകേള്‍പ്പിച്ചു. രോഷാകുലനായി ഗാന്ധിജിയോട് ഹിമാലയത്തിലേക്ക് പോകാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം ഒരു അഭയാര്‍ഥി നടത്തിയ സമാന പ്രതികരണവും അദ്ദേഹത്തെ ഞെട്ടിച്ചിരുന്നു. അത് അദ്ദേഹത്തില്‍ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയിരുന്നു.
അവസാന ഓട്ടോഗ്രാഫ്
സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. ഉച്ച പാതിയായി. സാധാരണദിവസങ്ങളില്‍ ഉണ്ടാകാറുള്ള പതിവ് കൂടിക്കാഴ്ചകള്‍ 2.15-ന് ആരംഭിച്ചു. സിലോണിന്റെ പ്രതിനിധി അദ്ദേഹത്തിന്റെ മകളുമായി ഗാന്ധിജിയെ കാണാന്‍ എത്തി. ഫെബ്രുവരി 14-ന് നടക്കുന്ന സ്വാതന്ത്ര്യദിനത്തിന് സന്ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. പെണ്‍കുട്ടി ഗാന്ധിജിയുടെ ഓട്ടോഗ്രാഫ് തേടി. അതായിരിക്കണം ഗാന്ധിജി നല്‍കിയ അവസാന ഓട്ടോഗ്രാഫ്. ഏകദേശം 3.15-ന് ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഹെന്‍ട്രി കാര്‍ട്ടിയര്‍ ബ്രേസണ്‍ അദ്ദേഹത്തിന് ഫോട്ടോഗ്രാഫുകള്‍ അടങ്ങിയ ആല്‍ബം സമ്മാനിച്ചു. നാലുമണിക്കുതന്നെ പട്ടേല്‍ അദ്ദേഹത്തിന്റ മകളും സെക്രട്ടറിയുമായ മണി ബെന്നിനൊപ്പം ഗാന്ധിജിയെക്കാണാന്‍ എത്തി. ഉടന്‍ ഇരുവരും തിരക്കിട്ട ചര്‍ച്ചയിലേക്ക് നീങ്ങി.
അവസാന ഭക്ഷണം
4.30-ന് ആഭ അദ്ദേഹത്തിന് ഭക്ഷണം കൊടുത്തു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന ഭക്ഷണം. ആട്ടിന്‍ പാല്‍, പാകംചെയ്തതും അല്ലാത്തതുമായ പച്ചക്കറികള്‍, ഓറഞ്ച്, ഇഞ്ചിക്കഷായം, ചെറുനാരങ്ങ, വെണ്ണയും കറ്റാറിന്റെ ജ്യൂസുമുള്‍പ്പെടെയുള്ളതായിരുന്നു വിഭവങ്ങള്‍. നിലത്തിരുന്നു ഭക്ഷണം കഴിച്ചുകൊണ്ട് ഗാന്ധിജി പട്ടേലിനോട് സംസാരിച്ചു. മണിബെന്നും ഒപ്പമുണ്ടായിരുന്നു. പിന്നീട് അദ്ദേഹം തന്റെ ചര്‍ക്ക ആവശ്യപ്പെട്ടു. അവസാനമായി അതിസ്‌നേഹത്തോടെ അത് പ്രവര്‍ത്തിപ്പിച്ചു. വൈകുന്നേരത്തെ പ്രാര്‍ഥനയ്ക്കുശേഷം മൗലാനാ ആസാദും ജവാഹര്‍ലാല്‍ നെഹ്രുവും അദ്ദേഹത്തെ കാണാനിരിക്കുകയായിരുന്നു.
വൈകലിന്റെ ആകുലതയില്‍
അഞ്ചു മണി ആയപ്പോള്‍ സമയമായെന്നു അദ്ദേഹത്തെ ആഭ ഓര്‍മിപ്പിച്ചു. ഗാന്ധിജി എഴുന്നേറ്റു. ചെരിപ്പ് ധരിച്ചു. ഒരു വശത്തെ വാതിലിലൂടെ മുറിക്ക് പുറത്തേക്കുകടന്നു. ഷാള്‍ പുതച്ചിരുന്നു. ''ഞാന്‍ എന്നെത്തന്നെ കീറിമുറിക്കണം'' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് അഭയ്ക്കും മനുവിനുമൊപ്പം പ്രാര്‍ഥനാമൈതാനത്തേക്ക് നീങ്ങി. പ്രാര്‍ഥനായോഗത്തില്‍ 10 മിനിറ്റ് വൈകിയെന്നു ആകുലപ്പെട്ടു. ''വൈകുക എന്നത് വെറുപ്പുളവാക്കുന്ന കാര്യമാണ്... ക്ലോക്കില്‍ അഞ്ചടിക്കുമ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടാവണമായിരുന്നു.'' -അദ്ദേഹം പിറുപിറുത്തു. അദ്ദേഹത്തിന്റെ ഇടതുഭാഗത്ത് ആഭയും വലതുഭാഗത്തു മനുവും അനുഗമിച്ചു. തന്റെ 200 അടി ദൂരമുള്ള അവസാന യാത്രയിലേക്ക് അവര്‍ക്കൊപ്പം അദ്ദേഹം നടന്നുനീങ്ങി. ഇലകളും വള്ളിപ്പടര്‍പ്പുകളുംകൊണ്ട് കമാനം തീര്‍ത്ത പതിവ് പാത ഉപേക്ഷിച്ച് മൈതാനത്തിന്റെ വലതുവശത്തുകൂടി നടന്നു. വൈകിയതിനാല്‍ പ്രാര്‍ഥനാ യോഗത്തില്‍ എളുപ്പമെത്താന്‍ പുല്‍ത്തകിടിയിലൂടെയുള്ള കുറുക്കുവഴി തിരഞ്ഞെടുത്തു.
അനശ്വരതയിലേക്കുള്ള ചുവടുവെപ്പ്
ഗാന്ധിജി ഏതാനും ചുവടുകള്‍ മുന്നോട്ടുവെച്ചു. മറ്റുരണ്ടു കൂട്ടാളികളെയും ഒഴിവാക്കി ഗോഡ്സെ മുന്നോട്ടുനീങ്ങി. ഗാന്ധിജിയുടെ അടുത്തെത്തിയപ്പോള്‍ കൈകൂപ്പി വണങ്ങി. വളരെ ചെറിയ ഇറ്റാലിയന്‍ ബരേറ്റ പിസ്റ്റള്‍, കൂപ്പിയ കൈകള്‍ക്കുള്ളില്‍ അയാള്‍ ഒളിപ്പിച്ചിരുന്നു. താണു വണങ്ങിക്കൊണ്ട് 'നമസ്‌തേ ഗാന്ധിജി' എന്നു പറഞ്ഞ് അഭിവാദ്യവും ചെയ്തു. ഗാന്ധിജിയും കൂപ്പുകൈയോടെ പ്രത്യഭിവാദ്യംചെയ്തു. മനു കരുതിയത് അയാള്‍ ഗാന്ധിജിയുടെ പാദംതൊട്ട് വന്ദിക്കാനാണ് ശ്രമിക്കുന്നതെന്നാണ്. അതാണെങ്കില്‍ മഹാത്മാവിന് ഇഷ്ടമല്ലാത്ത കാര്യവും. ''സഹോദരാ, ബാപ്പു പ്രാര്‍ഥനയ്ക്ക് ഒരുപാട് വൈകിയിരിക്കുന്നു. എന്തിനാണ് ഇങ്ങനെ ശല്യംചെയ്യുന്നത്'' എന്നുപറഞ്ഞ് മനു അയാളെ മാറ്റാന്‍ശ്രമിച്ചു. കൊലയാളി തന്റെ ഇടതു കൈകൊണ്ട് മനുവിനെ ബലമായി ഒരു വശത്തേക്ക് തള്ളിമാറ്റി. അപ്പോള്‍ അയാളുടെ വലതുകൈയില്‍ കരുതിയിരുന്ന തോക്ക് വെളിവായി. അവളുടെ കൈയിലുള്ള സാമഗ്രികളെല്ലാം താഴെവീണു. അവള്‍ അജ്ഞാതനായ കൊലയാളിയുമായി തര്‍ക്കിച്ചു. ഇതിനിടയില്‍ താഴെവീണ ജപമാല എടുക്കാന്‍ മനു കുനിഞ്ഞതും കൊലയാളി കാഞ്ചി വലിച്ചു. ശാന്തമായ പ്രാര്‍ഥനാന്തരീക്ഷത്തെ ഉലച്ചുകൊണ്ട് കാതടപ്പിക്കുന്ന ശബ്ദം. മൂന്ന് വെടിയുണ്ടകള്‍ ഗാന്ധിജിയുടെ നെഞ്ചിലും വയറിലുമായി തുളച്ചുകയറി. മൂന്നാമത്തെ വെടിയുണ്ട തറയ്ക്കുമ്പോഴും ഗാന്ധിജി കൈകള്‍ കൂപ്പിക്കൊണ്ടുതന്നെ നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ ഹേ റാം, ഹേ റാം എന്നു മന്ത്രിക്കുന്നുണ്ടായിരുന്നു... അദ്ദേഹം പതിയെ നിലംപതിച്ചു.
തയ്യാറാക്കിയത്: ഹര്‍ഷ സുരേന്ദ്രന്‍
Content Highlights: The last hours of Mahatma Gandhi