എന്റെ മുത്തശ്ശൻ

ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ്‌ ആശ്രമത്തിൽ ഗാന്ധിജി താമസിച്ച വീടിനുമുന്നിൽ പൗത്രി ഇളാഗാന്ധിയും മകൾ ആശാ ഗാന്ധിയും I ഫോട്ടോ: പ്രകാശൻ പുതിയേട്ടി
ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ്‌ ആശ്രമത്തിൽ ഗാന്ധിജി താമസിച്ച വീടിനുമുന്നിൽ പൗത്രി ഇളാഗാന്ധിയും മകൾ ആശാ ഗാന്ധിയും I ഫോട്ടോ: പ്രകാശൻ പുതിയേട്ടി

ഗാന്ധിജിയുടെ രണ്ടാമത്തെ മകൻ മണിലാൽ ഗാന്ധിയുടെ മൂന്നു മക്കളിൽ ഇളയവളാണ് ദക്ഷിണാഫ്രിക്കയിൽ 10 വർഷത്തോളം പാർലമെന്റംഗംകൂടിയായ ഇളാ ഗാന്ധി. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച ഫീനിക്‌സ് ആശ്രമത്തിന്റെ ഡയറക്ടർ. മാതൃഭൂമി പ്രതിനിധി പ്രകാശൻ പുതിയേട്ടിക്ക് അനുവദിച്ച അഭിമുഖത്തിൽനിന്ന്
 

മുത്തശ്ശൻ മഹാത്മാഗാന്ധിക്കും അച്ഛൻ മണിലാൽ ഗാന്ധിക്കും ഒപ്പമുള്ള നാളുകൾ ഓർമിക്കാമോ ?

എന്റെ കുടുംബം 1945 അവസാനം ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കുപോയി. 1947 ഒക്ടോബറിലാണ് തിരിച്ചുവരുന്നത്. ഈ രണ്ടുവർഷക്കാലം മൂന്നുമാസത്തോളം മുത്തശ്ശനൊപ്പം സേവാഗ്രാമിലാണ് താമസിച്ചത്. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ മുത്തശ്ശൻ ചില പ്രകൃതിചികിത്സകൾ നിർദേശിച്ചതിനാലാണത്. അന്ന് ആറുവയസ്സേ എനിക്കുള്ളൂ. അന്ന് ഗാന്ധിജിയുടെ തിരക്കുകളെക്കുറിച്ചും മറ്റുമൊന്നും അറിയില്ലായിരുന്നു. ഖാൻ അബ്ദുൾ ഖാഫർഖാൻ ഉൾപ്പെടെയുള്ള വലിയ നേതാക്കളെല്ലാം അന്ന് മുത്തശ്ശനെ കാണാൻ വീട്ടിൽവരും. അവരെല്ലാം എന്നെ എടുത്തുനടക്കും. എങ്കിലും മുത്തശ്ശൻ നമ്മളോടും പല കാര്യങ്ങളും ചർച്ചചെയ്യാൻ സമയം കണ്ടെത്തും. കഥകളും മറ്റുമാണ് പറയുക. ഒരിക്കൽ ഞാൻ ചോദിച്ചു, ഈ സ്ഥലത്തിന് എന്താണ് സേവാഗ്രാം എന്നു പേരിട്ടതെന്ന്. അദ്ദേഹം അപ്പോൾ പറഞ്ഞു, അത് സേവനത്തിനുള്ള ഇടമാണെന്ന്. ആ മറുപടി പിന്നീടുള്ള എന്റെ ജീവിതത്തിന്റെ ഗതിയും രാഷ്ട്രീയബോധവും നിർണയിച്ചിട്ടുണ്ട്.

മരുമകൾ ഉമ ധുപേലിയ അച്ഛനെക്കുറിച്ച് ഒരു പുസ്തകം എഴുതിയല്ലോ -‘ഗാന്ധിജിയുടെ തടവുകാരൻ’ ? 

ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചുപോവുകയും അവിടെ സ്വാതന്ത്ര്യസമരമുഖത്തേക്കിറങ്ങുകയും ചെയ്തതോടെ അച്ഛന് ഇന്ത്യൻ ഒപ്പീനിയൻ പത്രമടക്കമുള്ള ദക്ഷിണാഫ്രിക്കയിലെ ഗാന്ധിജിയുടെ  പ്രവർത്തനങ്ങളെല്ലാം ഏറ്റെടുക്കേണ്ടിവന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ രാഷ്ട്രപിതാവിന്റെ മകൻ ദക്ഷിണാഫ്രിക്കയിൽ ജനകീയസമരം നയിച്ചതിന് പോലീസ് സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു. അവിടെ ആരും അതറിഞ്ഞില്ല. ഗാന്ധിജിയുടെ ഓർമകൾ ഇപ്പോഴും ദക്ഷിണാഫ്രിക്കയിൽ സജീവമായി നിൽക്കുന്നതിന് അച്ഛന്റെ പ്രവർത്തനങ്ങൾ കാരണമായി. ഉമ ധുപേലിയ കർമമണ്ഡലത്തിലെ തടവാണുദ്ദേശിച്ചത്.

മണിലാൽ ഗാന്ധിക്ക് 10 വയസ്സുള്ളപ്പോൾ  യാത്രപോകുമ്പോൾ വീട്ടിൽവെച്ച കണ്ണടയെടുക്കാൻ മറന്നു. ഇത്തരം സാധനങ്ങൾ മറന്നുവെക്കുന്നത് നമുക്ക് താങ്ങാനാവില്ലെന്നു പറഞ്ഞ് അഞ്ചുമൈൽ അച്ഛനെ നടത്തിച്ചു. നാട്ടിലേക്കു മടങ്ങുമ്പോൾ കമ്യൂണിറ്റിയിലെ ചിലർ കുട്ടികൾക്കും കസ്തൂർബയ്ക്കും നൽകിയ സമ്മാനം അദ്ദേഹം തിരിച്ചുകൊടുപ്പിച്ചു. മണിലാൽ ഗാന്ധി ഇംഗ്ലീഷുകാരെപ്പോലെ വസ്ത്രംധരിച്ചത് ഇഷ്ടപ്പെടാതെ മിണ്ടാതിരുന്നു. അങ്ങനെ കുറെ സംഭവങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

Content Highlights: Ela Gandhi on Martyrs Day 2023