കാലുകള് ഭൂമിയില് ഉറപ്പിച്ചു നിര്ത്തി, വെടിയും പുകയുമില്ലാതെ സൂപ്പര് സ്റ്റാറായ മധു സാര്

നവതിയുടെ നിറവില് മധു
മധുവിനോട് അത്ര മതിപ്പില്ലായിരുന്നു കുട്ടിക്കാലത്ത്. ആള് വീരശൂര പരാക്രമിയല്ലല്ലോ. കോട്ടും ടൈയും കൂളിങ് ഗ്ലാസ്സും റിവോള്വറും സൂട്ട്കേസുമൊക്കെയായി കേസന്വേഷണത്തിനെത്തുന്ന സി ഐ ഡിയും അല്ല. നല്ല നല്ല പാട്ടുകളൊക്കെ പാടുകയും സുന്ദരിമാര്ക്ക് പിറകെ ഓടുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും മൊത്തത്തില് ഒരു വീര്യക്കുറവ് പോലെ; വിസ്കി, ബ്രാണ്ടിയാദികള്ക്കു മുന്നില് ചെന്നുപെട്ട വൈനിന്റെ അവസ്ഥ.
ഞങ്ങള് കുട്ടികള്ക്ക് പ്രേംനസീറിനോടും വിന്സന്റിനോടും സുധീറിനോടും ജയനോടും ഒക്കെയാണ് അന്ന് മുടിഞ്ഞ ഭ്രമം. സത്യന് മാഷ് അപ്പോഴേക്കും ഓര്മ്മയായിരുന്നു. ആദ്യം ഒരു രസത്തിന് തോറ്റുകൊടുത്ത ശേഷം പിന്നീട് ശക്തമായി തിരിച്ചുവന്ന് കെ പി ഉമ്മര് - ജോസ് പ്രകാശ് - ഗോവിന്ദന് കുട്ടി - ജി കെ പിള്ള പരിഷകളെ ഇടിച്ചു പഞ്ചറാക്കുന്നതായിരുന്നു നസീര് ശൈലി. ക്ളൈമാക്സിലെ ഡിഷും ഡിഷും കണ്ട് കയ്യടിച്ചു മരിച്ചുപോകും നമ്മള്.
കണ്ടാല് പഞ്ചപാവമാണ് വിന്സന്റ്. ഫുള്ടൈം കോളിനോസ് പുഞ്ചിരിക്കാരന്. എന്നാല് അടിയിലും അക്രമത്തിലും തെല്ലുമില്ല ദാക്ഷിണ്യം. ജയന് പിന്നെയും മുന്നോട്ട് പോയി. നെഞ്ചു വിരിച്ചുള്ള നടത്തവും മസിലു പിടിത്തവും അര്ത്ഥഗര്ഭമായ മൂളലും ഒക്കെയായി ശരിക്കും ഒരു ഹെര്ക്കുലീസ് സ്റ്റൈല്.
ഇവര്ക്കിടയില് പാവം മധു സാര് ഒരു സാധാരണക്കാരന്. നിഷ്കളങ്കന്. ജീവിച്ചുപോട്ടെ എന്ന ഭാവം. ഒച്ചയും വിളിയും അട്ടഹാസവും ഇല്ല. ഒന്ന് പറഞ്ഞാല് രണ്ടാമത്തേതിന് അടിക്കാന് കയ്യോങ്ങുന്ന ഏര്പ്പാടില്ല. കഴിവതും മുണ്ടേ ഉടുക്കൂ. വില്ലന്മാര് വഷളത്തരം കാണിക്കുമ്പോള് കണ്ണും പൂട്ടി അടിക്കാന് പോവില്ല; പകരം സംസാരിച്ചു നന്നാക്കാന് നോക്കും.
പ്രേമത്തില് ഒട്ടും പിന്നിലല്ലായിരുന്നെങ്കിലും പല സിനിമകളിലും കാമുകിയെ ഒടുക്കം മറ്റാരെങ്കിലും കെട്ടിക്കൊണ്ടുപോകുന്നതായിരുന്നു പതിവ്. പിന്നെ കരച്ചിലായി, കടപ്പുറമായി, മദ്യസേവയായി, മാനസമൈനേ വരൂ, മംഗളം നേരുന്നു ഞാന് പോലുള്ള ഗദ്ഗദ ഗീതങ്ങളായി.... പരാജിതരെ അംഗീകരിക്കാനുള്ള വിശാലമനസ്കതയില്ല അന്ന് ഞങ്ങള് കുട്ടികള്ക്ക്. അതുകൊണ്ടു തന്നെ അത്തരം നായകരെ ഉള്ക്കൊള്ളാന് മടിച്ചു മനസ്സ്.
ഇടക്കൊരു ചേഞ്ചിന് ഓളവും തീരവും, ഉമ്മാച്ചു ഒക്കെ ഉശിരന് മധുക്കഥാപാത്രങ്ങളുമായി വന്നതായി കേട്ടിരുന്നെങ്കിലും വയനാട്ടിലെ ഞങ്ങളുടെ കൊച്ചു രോഷന് ടോക്കീസില് അത്തരം സീരിയസ് പടങ്ങളൊന്നും വരില്ല. സി ഐ ഡിമാരും കൊള്ളക്കാരും കുതിരകളും ഒന്ന് ഒഴിഞ്ഞുതന്നിട്ട് വേണ്ടേ?
അങ്ങനെയങ്ങനെ വഴക്കിനും വയ്യാവേലിക്കും മുതിരാതെ മധുവാഹിനി ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുമ്പോള് അതാ വരുന്നു 'ഇതാ ഇവിടെ വരെ.'' ചേവായൂര് ചന്ദ്രയില് ചെന്ന് ആ പടം കണ്ട രാത്രി മറക്കാനാവില്ല. അന്നാണ് മധുവാരാധനയുടെ തുടക്കം. ഫൈനലില് സോമനോട് തോല്ക്കാനാണ് മധു സാറിന്റെ പൈലി മാപ്ലയ്ക്ക് യോഗമെങ്കിലും ആ തോല്വിയില് പോലുമുണ്ടായിരുന്നു അന്തസ്സുള്ള ഒരു മധു ടച്ച്.
വെസ്റ്റേണ് കൗബോയ് സിനിമകളിലെ നായകനെപ്പോലുള്ള എന്ട്രി തന്നെ ബഹുകേമം. ഉറച്ച കാല്വെപ്പുകള്, പുരികം ഉയര്ത്തിയുള്ള തീക്ഷ്ണമായ നോട്ടം, വിറക്കുന്ന കവിള്ത്തടം, കത്തി കൊണ്ടുള്ള മീശ മിനുക്കല്, ചുണ്ടിന്റെ കോണില് തിരുകിവെച്ച ബീഡി.... അവിടെ തുടങ്ങുന്നു മറ്റൊരു മധുയുഗം.
പിന്നീടങ്ങോട്ട് അത്തരം റഫ് ആന്ഡ് ടഫ് കഥാപാത്രങ്ങള് നിരനിരയായി വന്നു. ഞാന് ഞാന് മാത്രം, ഇതാ ഒരു മനുഷ്യന്, ഈറ്റ, ശുദ്ധികലശം, രക്തം.... എല്ലാം സൂപ്പര് ഹിറ്റുകള്. പിന്നെ കുറേക്കാലം പോലീസ് വേഷങ്ങളുടെ അയ്യരുകളിയായിരുന്നു -- ഐ ജി, ഡി ഐ ജി, എസ് പി എന്നിങ്ങനെ. ഇടക്ക് തീക്കനല്, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഒരിക്കല് കൂടി, ഇത്തിരിപ്പൂവേ ചുവന്നപൂവേ തുടങ്ങി അഭിനയപ്രധാനമായ വേഷങ്ങള്... സംവിധായകനെന്ന നിലയില് മികവ് തെളിയിച്ച പടങ്ങള് വേറെ.
കുട്ടിക്കാലത്ത് കാണാതെ പോയ ബ്ലാക്ക് ആന്ഡ് വൈറ്റ് സിനിമകള് പലതും പിന്നീട് ആസ്വദിച്ച് കണ്ടിട്ടുണ്ട്: ഭാര്ഗവീനിലയം, ഓളവും തീരവും, വിത്തുകള്, ഉമ്മാച്ചു, ഇന്ക്വിലാബ് സിന്ദാബാദ്, പ്രിയ... പലതും കാലത്തിനു മുന്പേ പിറന്ന ചിത്രങ്ങള്. ആവര്ത്തനവിരസമായ സി ഐ ഡിപ്പടങ്ങള്ക്ക് പകരം ഇവയൊക്കെ കണ്ടിരുന്നെങ്കില് ആസ്വാദനശീലം തന്നെ മാറിപ്പോയേനെ അന്ന്. എങ്കിലും ദുഃഖമില്ല. യുട്യൂബില് ആ പടങ്ങള് മിക്കതും കാണാമല്ലോ ഇപ്പോഴും.
മധു സാറുമായി സംസാരിക്കുമ്പോള് മനസ്സ് മന്ത്രിക്കാറുണ്ട്: ഇതാ കാലുകള് രണ്ടും ഭൂമിയില് ഉറപ്പിച്ചു നിര്ത്തുന്ന ഒരു സൂപ്പര് സ്റ്റാര്. ചെയ്തതെല്ലാം മഹത്തരങ്ങളാണെന്ന വീരവാദമില്ല. അമിതമായ ഭൂതകാലക്കുളിരില്ല. ആത്മരതിയില്ല. പുതിയ എന്തിനോടുമുള്ള പുച്ഛമില്ല. ലജന്ഡുകള് എന്ന് സ്വയം വിശ്വസിക്കുന്നവര് പലരും മാതൃകയാക്കേണ്ട വ്യക്തിത്വം.
(പുന:പ്രസിദ്ധീകരണം)
Content Highlights: actor madhu birthday, Legendary actor malayalam cinema