കേരള മനഃസാക്ഷിയുടെ ശബ്ദം

#ജോസഫ്‌ സി. മാത്യു
വി.എസ്. അച്യുതാനന്ദന്‍ | Photo: Mathrubhumi
വി.എസ്. അച്യുതാനന്ദന്‍ | Photo: Mathrubhumi

2006-ൽ വി.എസിന്‌ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട സന്ദർഭത്തിൽ നടന്ന ചർച്ചയിൽ അഭിപ്രായമായി ഞാൻ പറഞ്ഞത്‌ വി.എസ്‌. കേരള മനഃസാക്ഷിയുടെ ശബ്ദമാണ്‌, അതുകൊണ്ടുതന്നെ അത്‌ നിശ്ശബ്ദമാക്കാനാകില്ല എന്നാണ്‌. ഏതാണ്ട്‌ ഏഴുപതിറ്റാണ്ടിലധികം രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമാകുകയും നിരന്തരം വിലയിരുത്തപ്പെടുകയുംചെയ്ത വി.എസ്‌. ഇന്നും ആരോപണങ്ങൾക്കുപോലും അതീതനായി നിൽക്കുന്നുവെന്നത്‌ ആഘോഷാർഹമാണ്‌.

തനിക്കെതിരായ ഭൂമിദാനക്കേസിൽ യു.ഡി.എഫ്‌. സർക്കാരിന്റെ എഫ്‌.ഐ.ആർ. നിലനിന്നാൽ പ്രതിപക്ഷനേതൃസ്ഥാനം രാജിവെക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടാണ്‌ അദ്ദേഹം എഫ്‌.ഐ.ആർ. റദ്ദാക്കാൻ കോടതിയെ സമീപിച്ചത്‌. കുരിശും തയ്യാറാക്കി ആണിയുമൊരുക്കി ആളെ തേടുകയാണോയെന്ന്‌ സർക്കാരിനോട്‌ ചോദിച്ചുകൊണ്ടാണ്‌ ഹൈക്കോടതി എഫ്‌.­ഐ.ആർ. അന്ന്‌ റദ്ദാക്കിയത്‌. ജയിലിൽപ്പോയത്‌ പേഴ്‌സണൽ സ്റ്റാഫല്ലേ, പ്രിൻസിപ്പൽ സെക്രട്ടറിയല്ലേയെന്ന്‌ ന്യായംപറയുന്ന നാട്ടിൽ വി.എസ്‌. വ്യത്യസ്തനാകുന്നത്‌ സ്വയം തീരുമാനിച്ച ഇത്തരം അളവുകോലുകൾകൊണ്ടുകൂടിയാണ്‌.

2007-’08 കാലയളവിലെ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ മധ്യത്തിലും ഐ.ടി. രംഗത്ത്‌ വി.എസിന്റെ കാലത്തുനടന്നത്‌ കുതിച്ചുകയറ്റമാണ്‌. കയറ്റുമതിയുടെയും തൊഴിലുകളുടെയും കണക്കിലും ഐ.ടി. പാർക്കുകളുടെയും ഒറാക്കിൾ ഉൾപ്പെടെയുള്ള കമ്പനികളുടെ കടന്നുവരവിന്റെ കണക്കിലുമെല്ലാം. എന്നാൽ, ഒരു ഇളവും വാരിക്കോരി നൽകാൻ അദ്ദേഹം തയ്യാറായില്ല. ടെക്‌നോപാർക്ക്‌ മൂന്നും നാലും ഘട്ടം, ടെക്‌നോസിറ്റി, ഇൻഫോപാർക്ക്‌ വിപുലീകരണം, കുണ്ടറ, ചേർത്തല, കൊരട്ടി, കോഴിക്കോട് ഐ.ടി. പാർക്കുകൾ എല്ലാം അദ്ദേഹം സ്ഥലംകണ്ടെത്തി തുടങ്ങിയതാണ്‌. ആരെയും കുടിയിറക്കാതെ ഐ.ടി. വികസനത്തിന്റെ മറവിൽ ഭൂമി കൈവശപ്പെടുത്താൻവന്ന പ്രത്യേക സാമ്പത്തിക മേഖലകൾക്ക്‌ അദ്ദേഹം കടിഞ്ഞാണിട്ടു. ബംഗാളിലെ പാർട്ടിക്ക്‌ കീറാമുട്ടിയായ പ്രശ്നം എത്ര നിസ്സാരമായി അദ്ദേഹം പരിഹരിച്ചുവെന്നത്‌ പലപ്പോഴും വിസ്മരിക്കപ്പെടുന്നു. എന്നാൽ, ഈ നേട്ടങ്ങൾ വി.എസുപോലും ഒരിക്കലും പാടിനടന്നില്ല. കാരണം, ചെയ്തകാര്യങ്ങളുടെ ഉപകാരസ്മരണതേടുന്ന ഒരാളായിരുന്നില്ല മറിച്ച്‌, നിരന്തരപോരാട്ടത്തിലേർപ്പെടുന്ന യോദ്ധാവായിരുന്നു വി.എസ്‌.

ഭൂമിയും അതിന്റെ അടിസ്ഥാനസ്വഭാവത്തിൽ വരുത്തുന്നമാറ്റവും ഭൂവിനിയോഗവും കേരളത്തിന്റെ നിലനിൽപ്പിനെത്തന്നെ നിർണയിക്കുമെന്ന ഉറച്ചബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. വെട്ടിനിരത്തൽ സമരം, മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ, ഗാഡ്‌ഗിൽ റിപ്പോർട്ടിനോടുള്ള സമീപനം, പ്രളയത്തോടുള്ള പ്രതികരണം ഇതിലെല്ലാം ഈ നിലപാട്‌ വായിച്ചെടുക്കാം. അഴിമതിയോടും സ്ത്രീ പീഡനത്തോടുമെല്ലാം അദ്ദേഹം തുടർന്ന സന്ധിയില്ലാത്ത സമരം കേരളത്തിന്‌ മാർഗദർശിയായി. സംഘടനയെന്നത്‌ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനുള്ള ഉപകരണമാണെന്നും മറിച്ച്‌, സംഘടനയ്ക്കുവേണ്ടി രാഷ്ട്രീയം ഉപേക്ഷിക്കാനാവിെല്ലന്നുമുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പരിധിക്കുമുകളിൽ ഭൂമി വാരിക്കൂട്ടുന്ന ലാൻഡ്‌ ബാങ്ക്‌ വ്യവസായികൾ പാർട്ടിബന്ധുക്കൾ എന്ന്‌ വിലയിരുത്തിയപ്പോൾ അദ്ദേഹം കലഹിച്ചു. ഇന്ന്‌ അത്തരം ആൾക്കാർ ജനപ്രതിനിധികളായി വിലസുന്നു. ആർക്കും പ്രതിഷേധമില്ല. 

സഹകരണമേഖലയിലെ പ്രശ്നങ്ങൾ രാഷ്ട്രീയമുന്നണികൾ ഒത്തുതീർപ്പിലൂടെ പരിഹാരമായെന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. അനധികൃതസമ്പാദ്യത്തിന്‌ നികുതിയടച്ചാൽപ്പിന്നെ കുഴപ്പമിെല്ലന്നും വീടിനുള്ളിലേക്ക്‌ കൈ ചൂണ്ടപ്പെടരുതെന്നതും പുതിയ നിയമമായി വരുന്നു.  അധികാരസ്ഥാനത്തുള്ളവർ അവർക്കു തോന്നുമ്പോൾ നമ്മോടു സംസാരിക്കും. അപ്പോൾമാത്രം കേൾക്കാൻ അവകാശപ്പെട്ടവരായി വിവരാവകാശമുള്ള ജനം തരംതാഴ്‌ത്തപ്പെട്ടിരിക്കുന്നു. കാതടപ്പിക്കുന്ന മൗനം നമ്മെ ഉറക്കത്തിലേക്ക്‌ തള്ളിവിടുന്നു. പക്ഷാഘാതം ബാധിച്ചത്‌ ഒരു വ്യക്തിയെയാണോ നമ്മുടെ സമൂഹത്തെയാണോ എന്ന്‌ സംശയം. നമ്മുടെ മനഃസാക്ഷിയുടെ കാവലാളിനു പ്രതികരിക്കാതിരിക്കാനാവില്ല. ഒരു നൂറ്റാണ്ട്‌ നമ്മെ ഉദ്‌ബോധിപ്പിച്ച കാര്യം വി.എസ്‌. വീണ്ടും ഓർമപ്പെടുത്തുന്നു -സമരം തന്നെ ജീവിതം.
(വി.എസ്‌. സർക്കാരിന്റെ ഐ.ടി. ഉപദേശകനായിരുന്നു ലേഖകൻ)

Content Highlights: former it advisor joseph c mathew on vs achuthanandan