സച്ചിന് അന്നേ അറിയാമായിരുന്നു, ആ റെക്കോഡുകള്‍ കോലി തകര്‍ക്കുമെന്ന്

വര്‍ഷം 2012, സ്വന്തം മണ്ണില്‍ വിശ്വകിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നാകെ ആഘോഷത്തിമിര്‍പ്പിലായിരുന്നു. സീനിയര്‍ താരങ്ങളുടെ പടിയിറക്കവും യുവതാരങ്ങളുടെ വരവുമൊക്കെയായി ഇന്ത്യന്‍ ടീം പുതിയൊരു മാറ്റത്തിലേയ്ക്കുള്ള പാതയിലായിരുന്നു. അന്നൊരുനാള്‍ ഒരു സ്വകാര്യ ചടങ്ങില്‍ വലിയൊരു താരനിരയെ സാക്ഷ്യമാക്കി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറോട് ഒരു ചോദ്യം ചോദിച്ചു. 'താങ്കളുടെ റെക്കോഡുകള്‍ ആരെങ്കിലും എന്നെങ്കിലും തകര്‍ക്കുമോയെന്ന്?', ആ ചോദ്യത്തിന് ഒരു ചെറു പുഞ്ചിരിയോടെ സച്ചിന്‍ മറുപടി നല്‍കി, 'അതിന് സാധിക്കുന്നവര്‍ ഈ റൂമില്‍ തന്നെയുണ്ട്'. അതിനൊരു സാധ്യതയുമില്ലെന്ന് സല്‍മാന്‍ ഖാന്‍ ഉടന്‍ തമാശരൂപേണ മറുപടി പറയുമ്പോള്‍ സദസ്സ് ഒന്നാകെ പൊട്ടിച്ചിരിച്ചു. സച്ചിന്‍ തുടര്‍ന്നു, 'ഈ മുറിയില്‍ ഇരിക്കുന്ന ചെറുപ്പക്കാര്‍ക്ക് തീര്‍ച്ചയായും എന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു, വിരാടും രോഹിത്തുമാണ് അവര്‍. ഇന്ത്യക്കാര്‍ എന്റെ റെക്കോഡുകള്‍ തകര്‍ക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ'
11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് യുവതാരങ്ങളെ നോക്കി സച്ചിന്‍ നടത്തിയ പ്രവചനം ഇന്നിപ്പോള്‍ സത്യമായിക്കഴിഞ്ഞു. ഒരു ഇതിഹാസത്തിനാണോ ഭാവിയില്‍ രാജ്യത്തിന്റെ അഭിമാനമാകുമെന്ന് ഉറപ്പുള്ളവരെ കണ്ടെത്താന്‍ പ്രയാസം. ഇന്ത്യന്‍ ടീമിന്റെ നെടുംതൂണുകളായി അവര്‍ വളര്‍ന്നു. ഒടുവില്‍ ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ട് രോഹിത്തും കോലിയും ജനഹൃദയങ്ങളില്‍ കുടിയിരുന്നു. 2023-ല്‍ സച്ചിന്റെ ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ചുറിയെന്ന റെക്കോഡ് ഹിറ്റ്മാന്‍ രോഹിത്ത് തകര്‍ത്തുകഴിഞ്ഞു. റണ്‍ മെഷീന്‍ കോലിയാവട്ടെ ലക്ഷ്യം വെച്ചത് സച്ചിന്റെ സര്‍വകാല സെഞ്ചുറിയെന്ന റെക്കോഡിലാണ്. അതിലേയ്ക്കുള്ള പ്രധാന നാഴികക്കല്ലായ ഏകദിന സെഞ്ചുറിയില്‍ അര്‍ധ ശതകമെന്ന അത്യപൂര്‍വ റെക്കോഡ് ഇതാ സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോലി, ദി കിങ്, ഒരേയൊരു രാജാവ്.
2009 ഡിസംബര്‍ 24ന് ശ്രീലങ്കയ്ക്കെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്ക്കെതിരെയാണ് കോലി തന്റെ ആദ്യ സെഞ്ചുറി നേടിയത്. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 114 പന്തില്‍ 107 റണ്‍സ് നേടിയ വിരാട് 316 റണ്‍സ് എന്ന വലിയ ടാര്‍ഗറ്റ് പിന്തുടരാന്‍ ഇന്ത്യയെ സഹായിച്ചു. 2012-ല്‍ മിര്‍പൂരില്‍ നടന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ പാക്കിസ്താനെതിരെ 330 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതിനിടെയാണ് കോലിയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ഉയര്‍ന്ന സ്‌കോറായ 183 പിറന്നത്.
ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താനും പുതിയ റെക്കോഡ് തീര്‍ക്കാനുമുള്ള വിരാട് കോലിയുടെ യാത്ര വളരെ വേഗത്തിലുള്ളതായിരുന്നു. 49- സെഞ്ചുറികളെന്ന റെക്കോഡിലേക്കെത്താന്‍ കോലി 15 വര്‍ഷമാണ് എടുത്തത്. സച്ചിന്റെ ഏകദിന കരിയര്‍ 22 വര്‍ഷം നീണ്ടുനിന്നു. ഇപ്പോഴത്തെ കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടായിരത്തിലേറെ റണ്‍സിന്റെയും 18 സെഞ്ചുറികളുടെയും കുറവ് സച്ചിനുണ്ടായിരുന്നു. വിരമിക്കുമ്പോള്‍ സച്ചിന്റെ സമ്പാദ്യം 18426 റണ്‍സും 49 സെഞ്ചുറിയുമായിരുന്നു.
49 സെഞ്ചുറികള്‍ നേടിയത് വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ 5.65 ഇന്നിങ്‌സിലും കോലി ഒരു സെഞ്ചുറി നേടുമ്പോള്‍ സച്ചിന് ഓരോ 9.22 ഇന്നിങ്‌സ് എന്ന ആവറേജാണ് ഒരു സെഞ്ചുറി നേടാനായി എടുത്തിരുന്നത്. ആ വ്യത്യാസം വളരെ വലുതാണെന്ന് തോന്നുമെങ്കിലും, അതാത് കാലഘട്ടങ്ങളിലെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ സെഞ്ചുറി സ്‌കോറിംഗ് ഫ്രീക്വന്‍സി ഏകദേശം സമാനമാണ്.
ചേസ് മാസ്റ്റര്‍ എന്നൊരു വിളിപ്പേരുണ്ട് വിരാട് കോലിക്ക്. വലിയ വിജയലക്ഷ്യങ്ങള്‍ പിന്തുടരുന്ന ഘട്ടങ്ങളില്‍ ടീമിന് താങ്ങാകുന്ന ബാറ്റര്‍ തന്നെയാണ് കോലി. ഇന്ത്യ പിന്തുടര്‍ന്ന് വിജയിച്ച കളികളില്‍ 23 തവണയാണ് വിരാട് കോലി സെഞ്ചുറികള്‍ നേടിയിട്ടുള്ളത്. സച്ചിനാകട്ടെ 14 തവണയും. 49 സെഞ്ചുറികള്‍ വരെയുള്ള ഇരുവരുടെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ വിജയിച്ച കളികളില്‍ 41 സെഞ്ചുറികളാണ് കോലി നേടിയത്. സച്ചിനാകട്ടെ 33 സെഞ്ചുറികളും.
എങ്കിലും ഒരിക്കലും സച്ചിനെക്കാള്‍ മുകളിലോ താഴെയോ അല്ല കോലിയുടെ സ്ഥാനം. ഇരുവരും തങ്ങളുടെ കാലഘട്ടങ്ങളിലെ മികച്ച പോരാളികളായിരുന്നു.
വിരാട് കോലിയുടെ 50 ഏകദിന സെഞ്ചുറികളില്‍ 41 എണ്ണം ഇന്ത്യയുടെ വിജയത്തില്‍ വന്നതാണ്. 2020-നും 2022 ഓഗസ്റ്റിനും ഇടയില്‍ ഒരു മൂന്നക്ക സ്‌കോര്‍ പോലും രേഖപ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ കോലിയുടെ കാലം കഴിഞ്ഞു എന്ന് വിധിയെഴുതിയവര്‍ക്കുള്ള മറുപടിയായിരിന്നു 2022 ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരെ നേടിയ കന്നി ടി20 ഇന്റര്‍നാഷണല്‍ സെഞ്ചുറി. അതോടെ കിങ് കോലിയുടെ സെഞ്ചുറി വരള്‍ച്ച അവസാനിച്ചു. പിന്നീട് കണ്ടത് കോലിയുടെ ബീസ്റ്റ് മോഡാണ്. ഒന്നിനുപുറകെ ഒന്നായി സെഞ്ചുറികള്‍. ഒരു വര്‍ഷത്തിനിപ്പുറം സെഞ്ചുറികളിലെ അര്‍ധശതകം എന്ന അപൂര്‍വ്വ റെക്കോഡും ഇതാ കോലിയുടെ പേരില്‍. സച്ചിനെ പോലെ തന്നെ വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ടു മറുപടി കൊടുക്കുക എന്ന ശൈലി തന്നെയാണ് കോലിയുടേതും. മോശം സമയം എല്ലാവര്‍ക്കുമുണ്ടാകും എന്നാല്‍ പ്രതിഭ നഷ്ടപ്പെടില്ല എന്ന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് വിരാട് കോലി.
ഏകദിനത്തില്‍ 50 സെഞ്ചുറികളെന്ന റെക്കോഡുമല ആരും കീഴടക്കില്ലെന്ന് ഉറപ്പിച്ച ക്രിക്കറ്റ് പണ്ഡിതന്മാര്‍ക്ക് മുന്നിലേയ്ക്കാണ് കോലിയെന്ന ഇതിഹാസം തലയുയര്‍ത്തി നെഞ്ചുവിരിച്ച് ഒരു പുഞ്ചിരിയോടെ നില്‍ക്കുന്നത്. ഇതോടെ കരിയറിലെ ആകെ സെഞ്ചുറി നേട്ടം 80 ആയി.
ഗോട്ട് എന്ന് കോലിയെ ക്രിക്കറ്റ് ലോകം വാഴ്ത്തുമ്പോഴും സംശയത്തോടെ നോക്കുന്നവര്‍ക്ക് അര്‍ഹിച്ച് മറുപടി നല്‍കിക്കൊണ്ട് കോലി ചോദിക്കാതെ ചോദിക്കുകയാണ്, 'ഇനിയും ഞാന്‍ എന്താണ് ഈ ടീമിന് വേണ്ടി നല്‍കേണ്ടത്'. അതെ കോലി എന്താണ് ഇനി ഇന്ത്യന്‍ ടീമിന് വേണ്ടി ചെയ്യേണ്ടത് ? കൂടെയുള്ളവര്‍ വീണപ്പോഴും ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ചുമലിലേന്തി ഒരു വശത്ത് അവനുണ്ടായിരുന്നു രക്ഷകനായി. ചിലപ്പോഴൊക്കെ വീണുപോയപ്പോഴും യുദ്ധഭൂമിയിലെ പോരാളിയെപ്പോലെ കോലി ഉയര്‍ത്തെഴുന്നേറ്റു, രാജ്യത്തിനായി പൊരുതി, എതിരാളികളെ കീഴടക്കി. ഇത് കോലിയുടെ യുഗമാണ്, പോരാട്ടത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായ ഒരുവന്റെ കീഴടക്കലിന്റെ കാലം, അതെ രാജാവിന്റെ കാലം....
Content Highlights: unimaginable performance by virat kohli by scoring 50th century in ODI