ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം 'കിങ് ഓഫ് കൊത്ത'; ടീസർ പുറത്തിറക്കാൻ മഹേഷ് ബാബുവും ചിമ്പുവും

ഓരോ അപ്‌ഡേറ്റു കൊണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ദുൽഖർ സൽമാൻ നായകനാകുന്ന 'കിങ് ഓഫ് കൊത്ത'. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ ഒരുങ്ങുകയാണ്.
'കിങ് ഓഫ് കൊത്ത'യുടെ തെലുങ്ക് ടീസർ സൂപ്പർ സ്റ്റാർ മഹേഷ് ബാബു റിലീസ് ചെയ്യും. മലയാളത്തിലെ യുവനടന്മാരിൽ ആരെയാണ് ഇഷ്ടം എന്ന് ഒരു അഭിമുഖത്തിൽ മഹേഷ് ബാബുവിനോട് ചോദിച്ചിരുന്നു. അദ്ദേഹം നൽകിയ ഉത്തരം ദുൽഖർ സൽമാൻ എന്നായിരുന്നു. താൻ ഇഷ്ടപ്പെടുന്ന ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്റെ ടീസർ തെലുങ്ക് പ്രേക്ഷകരിലേക്ക് അദ്ദേഹം അവതരിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിന്റെ തമിഴ് ടീസർ റിലീസ് ചെയ്യുന്നത് ചിമ്പുവാണ്.
ദുൽഖറിനോടൊപ്പം തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ചിത്രത്തിന്റെ ടീസറിനായി ആരാധകർ കാത്തിരിക്കുകയാണ്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള മോഷൻ പോസ്റ്ററിനും അതിലെ ജേക്സ് ബിജോയ് ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്കോറിനും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും അഭിനന്ദനം ലഭിച്ചിരുന്നു. ജൂൺ 28-ന് വൈകുന്നേരം ആറ് മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ഷാൻ റഹ്മാനും ജേക്സ് ബിജോയും ചേർന്നാണ് ഗാനങ്ങൾ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം :നിമീഷ് രവി, തിരക്കഥ : അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റിങ്: ശ്യാം ശശിധരൻ, ആക്ഷൻ : രാജശേഖർ, മേക്കപ്പ് :റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വേഫേറെർ ഫിലിംസ്, പി.ആർ.ഒ- പ്രതീഷ് ശേഖർ.
Content Highlights: dulqar salman pan indian movie king of kotha mahesh babu and simbu to release teaser kok