തോടുചാട്ടവും നാരങ്ങവെള്ളവും ഒളിമ്പിക്‌സ് ബസും; ഒളിമ്പ്യൻ ടി.സി. യോഹന്നാന്റെ ഓർമ്മകൾ

#ടി.ജെ. ശ്രീജിത്ത്‌
ടി.സി. യോഹന്നാന്‍ | Photo: Mathrubhumi
ടി.സി. യോഹന്നാന്‍ | Photo: Mathrubhumi

എഴുകോണിനടുത്തുള്ള മാറനാട് ഗ്രാമത്തിലെ തടത്തുവിള ചാണ്ടപ്പിള്ളയുടെ വീട് അല്പം ഉയർന്നസ്ഥലത്തായിരുന്നു. അവിടെനിന്ന് ഇരുമ്പനങ്ങാട്ടെ സ്‌കൂളിലേക്കു പോകണമെങ്കിൽ താഴേക്കുനടക്കണം, തോടുകടക്കണം, പിന്നെ വയലും കുന്നും... അങ്ങനെ മൂന്നുകിലോമീറ്റർ...

ചാണ്ടപ്പിള്ളയുടെ ഏഴുമക്കളിൽ ഇളയവനായ നാലാംക്ലാസുകാരൻ യോഹന്നാൻ സ്‌കൂളിലേക്ക് പോകുംവഴി കൂട്ടുകാരൻ ജോർജുകുട്ടിയുമായി ബെറ്റുവെച്ചു. ഒറ്റച്ചാട്ടത്തിന് തോടുകടന്നാൽ വാസുപ്പിള്ളയുടെ കടയിൽനിന്ന് ‘നാരങ്ങവെള്ളം’!

യോഹന്നാൻ ചാടി... വീണത് ‘നാരങ്ങവെള്ള’ത്തിലല്ല, തോട്ടിലെ വെള്ളത്തിൽ! ആകെ നനഞ്ഞുകുളിച്ച് വീട്ടിലെത്തി അപ്പനോട് കാര്യം പറഞ്ഞു. ചാണ്ടപ്പിള്ള മകനെയുംകൂട്ടി തോട്ടുവക്കത്തെത്തി ചാടാൻ പറഞ്ഞു. അക്കരെയെത്തുംവരെ ചാടിച്ചു.

അതായിരുന്നു ഒളിമ്പ്യൻ ടി.സി. യോഹന്നാന്റെ ആദ്യത്തെ ജംപ്. ‘‘അപ്പന്റെ ആ പ്രചോദനം... എന്നെ സ്‌പോർട്‌സിലെത്തിച്ചു. സ്‌കൂളിലെ എല്ലാ മത്സരങ്ങളിലും വാശിയോടെ പങ്കെടുത്തു. സ്‌കൂളിലും ജില്ലയിലും അത്‌ലറ്റിക് ചാമ്പ്യനായി. സ്‌പോർട്‌സിനോട് താത്പര്യമുള്ള ഒരാൾക്ക് പിന്തുണയും പ്രചോദനവുമായി മാതാപിതാക്കളോ അധ്യാപകരോ സ്‌കൂളോ അങ്ങനെ ആരെങ്കിലുമുണ്ടാവണം, എന്നാലേ രക്ഷപ്പെടൂ...’’ തൃക്കാക്കര ഭാരതമാത കോളേജിനുസമീപത്തെ വീട്ടിലിരുന്ന് ടി.സി. യോഹന്നാൻ പറഞ്ഞു.

പരിശീലനത്തിന്റെ ഭിലായ്

യോഹന്നാന്റെ രണ്ടു ചേട്ടന്മാർ ഇന്നത്തെ ഛത്തീസ്ഗഢിലെ ഭിലായ് സ്റ്റീൽ പ്ലാന്റിലായിരുന്നു. പത്താംക്ലാസ് കഴിഞ്ഞതോടെ യോഹന്നാനും ഭിലായിലേക്കുപോയി. പിന്നെ പഠനം അവിടെയായിരുന്നു. ഭിലായ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ ചെയ്തു. അക്കാലത്ത് പരിശീലനം കാര്യമായി.

രാവിലെ എൻ.സി.സി. കഴിഞ്ഞാണ് ക്ലാസിലേക്ക് പോവുക. ശർമയെന്ന ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനോട് യോഹന്നാൻ ചോദിച്ചു: ‘‘എൻ.സി.സി. വേണ്ട, രാവിലെ ഒന്നരമണിക്കൂർ അത്‌ലറ്റിക്‌സ് പരിശീലിക്കട്ടെ...?’’ അദ്ദേഹം സമ്മതിച്ചു. ലോങ്ജംപും ട്രിപ്പിൾ ജംപും നൂറുമീറ്റർ ഓട്ടവുമെല്ലാമുണ്ട്. സ്റ്റീൽ പ്ലാന്റ്‌സ് സ്‌പോർട്‌സ് മീറ്റിൽ ലോങ്ജംപിലും ട്രിപ്പിൾ ജംപിലും ‌ഒന്നാമനായി. തുടർന്ന് ദേശീയമത്സരത്തിലും ജേതാവായി.

ദേശീയ ചാമ്പ്യൻ

‘‘ദിവസം ആറുമണിക്കൂർ പരിശീലനം എന്നനിലയിലേക്ക് മാറി. സിനിമയ്ക്കുപോലും പോകില്ലായിരുന്നു. പരിശീലനം മുടങ്ങുമെന്നതിനാൽ നാട്ടിലേക്കുള്ള വരവും കുറഞ്ഞു. സമ്പൂർണമായ സമർപ്പണമുണ്ടെങ്കിലേ എന്തെങ്കിലും നേടാനാകൂ എന്ന് തിരച്ചറിഞ്ഞു...’’ യോഹന്നാന്റെ ആദ്യ ദേശീയ മത്സരം അജ്‌മേറിലായിരുന്നു. ലോങ്ജംപിൽ നാലാമതും ട്രിപ്പിൾജംപിൽ അഞ്ചാമതുമായി. ശ്രീധർ ആൽവയുടെ 7.58 മീറ്റർ എന്ന ദേശീയറെക്കോഡ് 1972-ലെ ഒളിമ്പിക് ട്രയൽസിൽ യോഹന്നാൻ 7.60 ആയി തിരുത്തി. 1973-ൽ ദൂരം 7.78 മീറ്ററാക്കി.

ടെഹ്‌റാനിലെ 8.07

വലതുകാലിലെ തള്ളവിരലിന്റെ അസ്ഥി വളരുന്നുണ്ടായിരുന്നു. അതിന്റെ വേദനയും സഹിച്ചായിരുന്നു പരിശീലനം. അപ്പോഴാണ് 1974-ലെ ടെഹ്‌റാൻ ഏഷ്യൻഗെയിംസ് വരുന്നത്. വേദനസംഹാരി കുത്തിവെച്ച് ചാടി. അത് ചരിത്രത്തിലേക്കായിരുന്നു. 8.07 മീറ്റർ... ഇന്ത്യക്ക് ലോങ്ജംപിൽ റെക്കോഡോടെ സ്വർണം... രണ്ടുവർഷംകഴിഞ്ഞ് 1976-ലെ മോൺട്രിയാൽ ഒളിമ്പിക്‌സിൽ കാലാവസ്ഥയും പരിക്കും അലട്ടിയ യോഹന്നാന് 7.67 മീറ്ററേ ചാടാനായുള്ളൂ. 1978-ലെ കോമൺവെൽത്ത് ഗെയിംസിനുള്ള പരിശീലനത്തിനിടെ ഇടതുകാലൊടിഞ്ഞു. പിന്നെ തിരിച്ചുവരവ് അസാധ്യമായി.

ഒളിമ്പിക്‌സ് ബസ്

ജംഷേദ്പുർ ടെൽക്കോയിലാ(ഇപ്പോഴത്തെ ടാറ്റാ മോട്ടോഴ്‌സ്)യിരുന്നു ജോലി. പരിക്കേറ്റതോടെ കേരളത്തിലേക്ക് സ്ഥലംമാറ്റം വാങ്ങി. ടാറ്റാ വെഹിക്കിൾ സെയിൽസിന്റെ കേരളത്തിലെ ഇൻ ചാർജ് ആയി. അക്കാലത്താണ് ഒരു ബസ് വാങ്ങണമെന്ന മോഹമുദിച്ചത്. അക്കാലത്ത് ബസും ട്രക്കും കിട്ടണമെങ്കിൽ ബുക്കുചെയ്ത് നാലും അഞ്ചും കൊല്ലം കാത്തിരിക്കണം. മുൻഗണനവേണമെന്നാവശ്യപ്പെട്ട്, ജെ.ആർ.ഡി. ടാറ്റയ്ക്ക് അപേക്ഷനൽകി. അപേക്ഷ പരിഗണിച്ചു. അങ്ങനെ കൊല്ലത്ത് യോഹന്നാന്റെ ബസ് ഓടിത്തുടങ്ങി... പേര്, ‘ഒളിമ്പിക്‌സ്’.

Content Highlights: Olympian TC Yohannan recalls memories