സ്റ്റഡിക്യാം, ഹെലിക്യാം, തത്സമയ സ്ലോമോഷന്‍ റിവ്യൂ; സംസ്ഥാന സ്‌കൂള്‍ കായികമേള ഹൈടെക് ആക്കാന്‍ KITE

കാസര്‍കോട് നിന്നും ആരംഭിച്ച കേരളാ സ്‌കൂള്‍ കായിക മേളയുടെ ദീപശിഖാ പ്രയാണത്തിന് മേളയുടെ ഭാഗ്യ ചിഹ്നമായ 'തക്കുടു അണ്ണാറക്കണ്ണന്' കോഴിക്കോട്ട് നല്‍കിയ സ്വീകരണം | ചിത്രം: കെ.കെ. സന്തോഷ്
കാസര്‍കോട് നിന്നും ആരംഭിച്ച കേരളാ സ്‌കൂള്‍ കായിക മേളയുടെ ദീപശിഖാ പ്രയാണത്തിന് മേളയുടെ ഭാഗ്യ ചിഹ്നമായ 'തക്കുടു അണ്ണാറക്കണ്ണന്' കോഴിക്കോട്ട് നല്‍കിയ സ്വീകരണം | ചിത്രം: കെ.കെ. സന്തോഷ്

കൊച്ചി: അടിമുടി പുതുമയിലാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ വരവ്. ഒളിമ്പിക്‌സ് മാതൃകയില്‍ അത്‌ലറ്റിക്‌സ് - ഗെയിംസ് മത്സരങ്ങള്‍ ആദ്യമായി ഒരുമിച്ച് നടത്തുന്നതിന് പുറമെ കായികോത്സവത്തിന്റെ നടത്തിപ്പും ദൃശ്യവും ഹൈടെക് സംവിധാനങ്ങളില്‍ ആയിരിക്കും. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ് - Kerala Infrastructure and Technology for Education - KITE) സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും, മത്സര പുരോഗതിയും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെ ലഭ്യമാകും. 

സ്‌പോര്‍ട്‌സ് പോര്‍ട്ടല്‍ 

സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ 730 മത്സര ഇനങ്ങളും  മത്സരം നടത്തിപ്പിന്റെ മുഴുവന്‍ വിശദാംശങ്ങളും കൈറ്റ് തയ്യാറാക്കിയ sports.kite.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായാണ് നടത്തുന്നത്. 17 വേദികളിലായി നടക്കുന്ന സംസ്ഥാന കായികമേളയുടെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും, മത്സര പുരോഗതിയും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെയാണ്  ലഭിക്കുക. ഫലങ്ങള്‍ ജില്ല, സ്‌കൂള്‍ തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയും  പോര്‍ട്ടലില്‍ ലഭ്യമാക്കും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്എസ് യു ഐഡി-യും (സ്‌കൂള്‍ സ്‌പോര്‍ട്‌സ് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) നിലവിലുണ്ട്. സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷനായി ഈ വര്‍ഷം പ്രത്യേകം മൊബൈല്‍ ആപ്പും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.

കൈറ്റ് വിക്ടേഴ്സ് 

എല്ലാ ദിവസവും രാവിലെ 6:30-ന് മത്സരങ്ങള്‍ ആരംഭിക്കുന്നത് മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന രാത്രി എട്ടുവരെ പ്രധാനപ്പെട്ട മൂന്നു വേദികളില്‍ നടക്കുന്ന ദൃശ്യങ്ങളാണു കൈറ്റ് വിക്ടേഴ്സ് തത്സമയ സംപ്രേഷണം നടത്തുക. ഇതിനു പ്രധാന വേദിയായ മഹാരാജാസ് സ്റ്റേഡിയത്തിലാണ് സ്റ്റുഡിയോ ഫ്‌ലോര്‍ സജ്ജീകരിക്കുന്നത്. ഇതിനുപുറമെ കടവന്ത്ര സ്‌പോര്‍ട്‌സ് ഹബ് , കോതമംഗലം എം.എ.  കോളേജ് എന്നീ കേന്ദ്രങ്ങളിലും വിപുലമായ കവറേജ് നടത്തും. മറ്റു വേദികളില്‍ നിന്നുള്ളവ ഡിഫേര്‍ഡ് ലൈവ് ആയിട്ടാകും സംപ്രേഷണം.

അഞ്ചാം വേദിയായ കണ്ടയ്‌നര്‍ റോഡില്‍ മൂന്നുകിലോ മീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന സൈക്ലിംഗ് സ്റ്റഡിക്യാമും ഹെലിക്യാമും ഉപയോഗിച്ച് തത്സമയ സംപ്രേഷണം നടത്തും. സ്പ്രിന്റ് ഇനങ്ങള്‍ പോലുള്ളവ ചിത്രീകരിക്കുന്നതിന് ഹെലിക്യാം ഉള്‍പ്പെടെ ഉണ്ടാകും. നാലാം തീയതി ഉദ്ഘാടനത്തോടുകൂടി ലൈവ്  ടെലികാസ്‌റ് ആരംഭിക്കും. മത്സരവിവരങ്ങളും, പോയിന്റ്  നിലകളും, വിജയികളെക്കുറിച്ചുള്ള വിവരങ്ങളും, അഭിമുഖങ്ങളും, ഫൈനലുകളുടെ സ്ലോമോഷന്‍ റിവ്യൂകളും കൈറ്റ് വിക്ടേഴ്സില്‍ നല്‍കും.

നാലുപതിറ്റാണ്ടായി സ്‌പോര്‍ട്‌സ് കമന്ററി മേഖലയിലുള്ള അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അനൗണ്‍സര്‍മാര്‍ ആയ ശ്രീകുമാരന്‍ നായര്‍, ഗ്രിസില്‍ഡ സേവിയര്‍ അഭിലാഷ്, സിമി മറിയം, മഹേഷ്   എന്നിവരുടെ ടീമാണ് കൈറ്റ് വിക്ടേഴ്‌സിനു വേണ്ടി മുഴുവന്‍ സമയ കമന്ററി നല്‍കുന്നത്. കൈറ്റ് വിക്ടേഴ്‌സ് ആപ്പിലും, victers.kite.kerala.gov.in/victers_live  സൈറ്റിലും കൈറ്റിന്റെ @itsvicters യൂട്യൂബ് ചാനലിലും, ഇ-വിദ്യ കേരളം ചാനലിലും മേള തത്സമയം കാണാവുന്നതാണ്. 

സ്‌കൂള്‍ വിക്കി, ലിറ്റില്‍ കൈറ്റ്‌സ് 

സ്‌കൂളുകളെ കോര്‍ത്തിണക്കി കൈറ്റ് തയ്യാറാക്കിയ സ്‌കൂള്‍ വിക്കി പോര്‍ട്ടലില്‍ (schoolwiki.in) എല്ലാ വേദികളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി ലഭ്യമാകും. ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിലാണ് ഡോക്യൂമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലിറ്റില്‍ കൈറ്റ്‌സ് കുട്ടികളുടെ പരിശീലനത്തിന്റെ ഭാഗമായി പ്രൊമോ വീഡിയോകള്‍ ഫില്ലറുകള്‍ സോഷ്യല്‍ മീഡിയക്കാവശ്യമായ റീല്‍സ് എന്നിവയും തയാറാക്കുന്നുണ്ട്. കേരള മീഡിയ അക്കാഡമിയിലെ വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കാളികളാകും.

മുന്‍ വര്‍ഷങ്ങളില്‍ പ്രധാന വേദി കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ ഈ മേളയുടെ 17 വേദികളുടെയും കവറേജ് നടത്തുന്നതിന് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എഴുപതോളം സാങ്കേതിക പ്രവര്‍ത്തകരെ സ്‌കൂള്‍ കായികോത്സവത്തിനായി കൈറ്റ്  വിന്യസിക്കുന്നുണ്ടെന്നും കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.  

Content Highlights: kerala state school sports meet 2024 high tech coverage by kite