കുട്ടികളുടെ മന്ത്രിയപ്പൂപ്പനെന്ന വിളി ഇഷ്ടം, കായികമേള ഒരുക്കങ്ങളെല്ലാം പൂർത്തിയായി- വി. ശിവൻകുട്ടി

ഇത്തവണത്തെ കായികമേള നടത്തിപ്പിനായി വലിയ പ്രയത്നമാണ് ചെയ്യേണ്ടി വന്നതെന്നും കായിക മേളക്കായി കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി രണ്ടാഴ്ച ക്യാമ്പ് ചെയ്യുന്നതും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉദ്ഘാടനത്തിനും സമാപനത്തിനും വന്ന് പോവുകയാണ് ചെയ്യാറുള്ളത്. കലോത്സവം നടത്തുന്നതിനായി സാധാരണ മന്ത്രിമാർ ക്യാമ്പ് ചെയ്യാറുണ്ട്. എന്നാൽ ഇതാദ്യമായാണ് ഒരു മന്ത്രി കായിക മേളക്കായി ക്യാമ്പ് ചെയ്യുന്നത്. മന്ത്രി മാത്രമല്ല എറണാകുളം ജില്ലയിലെ എല്ലാ എം എൽ എ മാരും എം പിമാരും കോർപറേഷൻ മേയർ, ജനപ്രതിനിധികൾ എല്ലാവരും ഒരേ മനസോടെ കായികമേളക്കായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കായിക മേളയോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ കായിക മേള
കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന മേള തന്നെയാണ് കായികമേള. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് ഏറ്റവും കൂടുതൽ മേളകൾ നടക്കുന്നത്. ശാസ്ത്രമേള, സ്കൂൾ കായികമേള, യുവജനോത്സവം, പ്രവർത്തിപരിചയമേള, ടി ടി സി ഉത്സവം അങ്ങനെ മേളകളും ഉത്സവങ്ങളുമായി നടത്താറുണ്ട്. കായികമേളയെ സംബന്ധിച്ച് ഈ കായികമേളയിലൂടെയാണ് രാജ്യവും ലോകവും അറിയുന്ന കായിക താരങ്ങളെ നമ്മൾ സംഭാവന ചെയ്യുന്നത്. കായികതാരത്തെ കണ്ടുപിടിക്കുന്നത് ഈ സ്കൂൾ കാലഘട്ടത്തിലാണ്. ഒരു വ്യക്തിയെ സൃഷ്ടിക്കുന്നത് അവസരങ്ങളും പ്രോത്സാഹനങ്ങളും ആണ്. എന്നാൽ ഈ കുട്ടികൾക്ക് യാതൊരുവിധ പ്രോത്സാഹനവും ലഭിക്കുന്നില്ല. കായികമേളയ്ക്ക് മാധ്യമങ്ങൾ പോലും മതിയായ പ്രാധാന്യം നൽകാറില്ല. ഇത്തവണ പതിനേഴ് വേദികളിലായി 24 ,000 കായിക പ്രതിഭകളും 1562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14, 17, 19 കാറ്റഗറികളിലായി ഗൾഫ് സ്കൂളുകളിൽ നിന്നു 50 കുട്ടികളും പങ്കെടുക്കും. മറ്റൊന്ന് ഭിന്നശേഷി കുട്ടികളുടെ പ്രാതിനിധ്യമാണ്. അത് സർക്കാരിന്റെ അവരോടുള്ള സമീപനമാണ് വ്യക്തമാക്കുന്നത്. ആദ്യമായാണ് സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും ഗൾഫ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളെയും സംസ്ഥാന സ്കൂൾ കായിക മേളയ്ക്കു ഒരുമിച്ചു പങ്കെടുപ്പിക്കുന്നത്. ലോകത്തും രാജ്യത്തും ആദ്യത്തെ സംഭവമാണിത്. മുൻ വർഷങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി വെറുതേ മത്സരം സംഘടിപ്പിക്കുക മാത്രമായിരുന്നു. ആ കുഞ്ഞുങ്ങളൊക്കെ വരുകയും മത്സരിച്ച് പോവുകയും ചെയ്യും. അവരുടെ ശാരീരികവും മാനസികവുമായ വികസനത്തിന് ഇത് സഹായകമാകും. ഇത്തവണ അവർക്കും തുല്യപരിഗണന നൽകുകയാണ് ചെയ്യുന്നത്. ലോകകേരള സഭ നടന്നപ്പോൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഗൾഫ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളെയും പരിഗണിക്കണമെന്നത്. ഇത്തവണ അത് സാക്ഷാത്കരിച്ചിരിക്കുകയാണ്. കുറച്ച് സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെങ്കിലും കുട്ടികളുടെ നന്മയും വളർച്ചയും മുന്നേറ്റവുമാണ് സർക്കാരിന്റെ ലക്ഷ്യം.
ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പരിഗണിക്കുന്ന മേള
പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും സഹപാഠികളായ മറ്റു കുട്ടികളെയും ഉൾപ്പെടുത്തി തുല്യത ഉറപ്പാക്കും വിധം തയ്യാറാക്കിയ ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിൻ്റെ അടിസ്ഥാനത്തിലാണു വിവിധ അത്‌ലറ്റിക്സ് ഗെയിംസ് ഇനങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ചിട്ടുള്ളത്. പെൺകുട്ടികൾക്കുള്ള ഹാൻഡ് ബോൾ, ആൺകുട്ടികൾക്കുള്ള ഫുട്ബോൾ, മിക്സഡ് ബാഡ്മിൻ്റൻ , 4 x 100 മീറ്റർ മിക്സഡ് റിലേ, 100 മീറ്റർ ഓട്ടം, സ്റ്റാൻഡിംഗ് ജംബ്, സ്റ്റാൻഡിംഗ് ത്രോ എന്നീ ഇനങ്ങളിൽ 14 ജില്ലകളിൽ നിന്നായി 1500 ലധികം കുട്ടികൾ പങ്കെടുക്കും.
വേണ്ടിവന്നത് വലിയ പ്രയത്നം
ഇത്തവണത്തെ കായികമേള നടത്തിപ്പിനായി വലിയ പ്രയത്നമാണ് ചെയ്യേണ്ടി വന്നതെന്നും കായിക മേളക്കായി കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി രണ്ടാഴ്ച ക്യാമ്പ് ചെയ്യുന്നത്. ഉദ്ഘാടനത്തിനും സമാപനത്തിനും വന്ന് പോവുകയാണ് ചെയ്യാറുള്ളത്. കലോത്സവം നടത്തുന്നതിനായി സാധാരണ മന്ത്രിമാർ ക്യാമ്പ് ചെയ്യാറുണ്ട്. എന്നാൽ ഇതാദ്യമായാണ് ഒരു മന്ത്രി കായിക മേളക്കായി ക്യാമ്പ് ചെയ്യുന്നത്. മന്ത്രി മാത്രമല്ല എറണാകുളം ജില്ലയിലെ എല്ലാ എം എൽ എ മാരും എം പിമാരും കോർപറേഷൻ മേയർ, ജനപ്രതിനിധികൾ എല്ലാവരും ഒരേ മനസോടെ കായികമേളക്കായി പ്രവർത്തിക്കുകയാണ്. തൊട്ടടുത്ത് വലിയ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുമ്പോഴും അവിടെ എതിർ ചേരികളായി തിരിഞ്ഞ് പോരാടുമ്പോൾ ഇവിടെ തിരികെ എത്തി കായിക മേളക്ക് വേണ്ടി തോളിൽ കൈയിട്ട് പ്രവർത്തിക്കുകയാണ്.
ചീഫ് മിനിസ്റ്റേഴ്സ് എവറോളിങ് ട്രോഫി
കായിക മേളയിൽ പങ്കെടുത്ത് ഏറ്റവും കുടൂതൽ പോയിന്റ് നേടുന്നവർക്കാണ് ചീഫ് മിനിസ്റ്റേഴ്സ് എവറോളിങ് ട്രോഫി നൽകുന്നത്. മുഖ്യമന്ത്രി അവരെ അംഗീകരിക്കുന്നു, ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജില്ലക്കാരെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഈ ട്രോഫി കൊണ്ട് മനസ്സിലാക്കേണ്ടത്. ഇത്തവണ കിട്ടാതെ പോകുന്നവർ അടുത്ത തവണ അത് വാങ്ങുന്നതിന് വേണ്ടി പരിശ്രമിക്കും. ഇതൊക്കെയാണ് ചീഫ് മിനിസ്റ്റേഴ്സ് എവറോളിങ് ട്രോഫി നൽകുന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
കായിക താരങ്ങൾക്ക് സർക്കാർ പ്രോത്സാഹനവും പിന്തുണയും
നമ്മുടെ കായിക സ്കൂളുകൾ ഉണ്ട്. കായിക താരങ്ങൾക്ക് വേണ്ട മതിയായ പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ട്. ഇത്തരം കായിക മേളകളിൽ വിജയിച്ചുവരുന്ന കുട്ടികൾക്ക് ഇനിയും മുന്നേറുന്നതിന് വേണ്ടി എത്തരത്തിൽ പിന്തുണ നൽകാം എന്നതിനെക്കുറിച്ച് സർക്കാർ ആലോചനയിലാണ്.
ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ സഹായിക്കുന്നതും സ്കൂളിലെ വിദ്യാർഥികളുടെ എഴുത്തുകളുമെല്ലാം കുട്ടികളുടെ മന്ത്രി അപ്പൂപ്പൻ ഫെയിസ്ബുക്ക് പേജിലൂടെ പങ്കുവെക്കാറുണ്ട്. എന്താണ് അങ്ങനയൊരു ആശയത്തിലേക്ക് എത്താൻ കാരണം
നമ്മുടെ സ്കൂളുകളിലെ കുട്ടികൾ, അവരുടെ കല സാഹിത്യ പരമായ കഴിവുകളെല്ലാം കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. അതൊന്നും പക്ഷേ ആരും അറിയാറില്ല. എന്നാൽ ഇതൊക്കെ എന്റെ ഫെയിസ്ബുക്ക് പേജിലൂടെ പങ്കുവെക്കുമ്പോൾ അത് ലോകം മുഴുവൻ അറിയും. രണ്ടാം ക്ലാസുകാരനായ കുട്ടിയുടെ കവിത, ജീവചരിത്ര രചനയൊക്കെ അത്ഭുതപ്പെടുത്തുന്നതാണ്. നമ്മുടെ സ്കൂളിലെ കുട്ടികൾ മിടുക്കരാണെന്ന് ലോകമറിയണം. അതാണ് ഉദ്ദേശം. കുട്ടികളുടെ മന്ത്രി അപ്പൂപ്പനെന്ന് അറിയാനാണ് താത്പര്യം. അങ്ങനെ വിളിക്കുന്നതും വളരെ ഇഷ്ടമാണ്.
ഒരുക്കങ്ങളെല്ലാം പൂർത്തിയായി
കായികമേളക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടുകൂടി തന്നെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. മഴ കൂടി മാറി നിന്നാൽ എല്ലാം ഭംഗിയാകും.
സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം നവംബർ നാലിനു വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ പി ആർ ശ്രീജേഷും ചേർന്നു ദീപശിഖ തെളിയിക്കുന്നതോടെ മേളയ്ക്ക് ഔപചാരിക തുടക്കമാകും. റീജണൽ സ്പോർട്സ് സെന്റർ കടവന്ത്ര, ജി.എച്ച്.എസ്.എസ്. പനമ്പള്ളി നഗർ, വെളി ഗ്രൗണ്ട് ഫോർട്ട് കൊച്ചി, പരേഡ് ഗ്രൗണ്ട് ഫോർട്ട് കൊച്ചി, കണ്ടെയ്നർ റോഡ്, മഹാരാജാസ് കോളേജ് സ്റ്റേഡിയം, സെന്റ് പീറ്റേഴ്സ് കോളേജ് , സെന്റ് പീറ്റേഴ്സ് വി.എച്ച്.എസ്.എസ് കോലഞ്ചേരി, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് തേവര, എം.ജി.എം.എച്ച്.എസ്.എസ് പുത്തൻകുരിശ്, ജി.ബി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ, രാജീവ് ഗാന്ധി സ്റ്റേഡിയം തോപ്പുംപടി, ജി.എച്ച്.എസ്.എസ്. കടയിരുപ്പ്, മുൻസിപ്പൽ ടൌൺഹാൾ കളമശ്ശേരി, എറണാകുളം ടൌൺഹാൾ, സെന്റ്.പോൾസ് കോളേജ് ഗ്രൗണ്ട് കളമശ്ശേരി, പാലസ് ഓവൽ ഗ്രൗണ്ട് തൃപ്പൂണിത്തുറ, എം.എ.കോളേജ് കോതമംഗലം എന്നിവിടങ്ങളിലാണു വേദികൾ.
Content Highlights: Kerala School Sports Meet Minister v shivankutty