ലിസ്റ്റിൽ പത്തോളം മന്ത്രിമാർ, ആരും എത്തിയില്ല; സമാപന ചടങ്ങിന് പ്രണവിനെ ക്ഷണിക്കും

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഉദ്ഘാടനം വർണാഭമായപ്പോഴും ശ്രദ്ധേയമായി മന്ത്രിമാരുടെ അസാന്നിധ്യം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത മേളയിൽ മറ്റു മന്ത്രിമാരാരും പങ്കെടുത്തില്ല. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ, അത്യാവശ്യമായി ഡൽഹിയിൽ ഒരു യോഗത്തിൽ പങ്കെടുക്കാനുള്ളതിനാൽ അദ്ദേഹത്തിന് എത്തിച്ചേരാൻ കഴിയില്ലെന്ന് ഉദ്ഘാടന വേദിയിൽ സ്വാഗതപ്രാസംഗിക പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനും അടക്കം പത്തോളം മന്ത്രിമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ഇവരാരും ചടങ്ങിനെത്തിയില്ല. ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുമെന്ന് പറഞ്ഞിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എത്തിയില്ല.
ചടങ്ങിന്റെ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന മന്ത്രി പി. രാജീവ് എത്താത്തതിനാൽ ടി.ജെ. വിനോദ് എം.എൽ.എ.യാണ് അധ്യക്ഷ പദവിയിലിരുന്നത്.
പ്രണവിനെ ക്ഷണിക്കും, സമാപന ചടങ്ങിന്
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണമെത്തുമെന്ന പ്രതീക്ഷയില്‍ തിങ്കളാഴ്ച പ്രണവ് ആലത്തൂര്‍ കാത്തിരുന്നു. ഉച്ചകഴിഞ്ഞ് കൊച്ചിയിലെത്തിയോ എന്ന് 'മാതൃഭൂമി'യില്‍നിന്ന് വിളിച്ച് തിരക്കിയപ്പോഴാണ് പ്രണവിന് ക്ഷണം കിട്ടിയിട്ടില്ലെന്ന് വ്യക്തമായത്. ഇക്കാര്യം 'മാതൃഭൂമി' ഓണ്‍ലൈനില്‍ ഉടന്‍ വാര്‍ത്തയാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട ടി.ജെ. വിനോദ് എം.എല്‍.എയാണ് കാര്യം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ധരിപ്പിച്ചത്. തുടര്‍ന്ന്, പ്രണവിനെ സമാപന പരിപാടിയില്‍ ക്ഷണിക്കുമെന്ന് മന്ത്രി അറിയിച്ചു. ഫുട്‌ബോള്‍ കളിക്കുകയും ചിത്രം വരയ്ക്കുകയും നീന്തുകയും ചെയ്യുന്ന ഇച്ഛാശക്തിയുടെ പ്രതീകമായ പ്രണവാണ് മേളയ്ക്കുമുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ വീഡിയോയിലെ താരം. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ പങ്കെടുക്കുന്ന ആദ്യ മേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രണവ് ആലത്തൂര്‍ അതിഥിയായെത്തുമെന്നാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മാധ്യമസമ്മേളനത്തില്‍ നേരത്തെ അറിയിച്ചിരുന്നത്. ആലത്തൂര്‍ അരിങ്ങാട്ട് പറമ്പ് ദേവകീനിവാസില്‍ ബാലസുബ്രഹ്മണ്യന്റെയും സ്വര്‍ണകുമാരിയുടേയും മകനാണ് പ്രണവ്.
Content Highlights: Kerala school sports meet 2024- Invited ministers doesn't participates in Inauguration