25 വർഷത്തിനുശേഷം അച്ഛന്റെ നേട്ടം ആവർത്തിച്ച് നിവേദ്, വേഗരാജാവായി അൻസ്വാഫ്, സ്വർണംനേടി രഹ്ന

കൊച്ചി: സ്കൂൾ കായികമേളയുടെ ഗ്ലാമർ ഇനമായ നൂറ് മീറ്റർ ഓട്ടമത്സരത്തിൽ കാണികളുടെ നെഞ്ചിടിപ്പേറ്റി താരങ്ങൾ. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ കിരീടം ആതിഥേയ ജില്ല നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ കിരീടം തലസ്ഥാനത്തേക്കും കൊണ്ടുപോയി. വേഗരാജാവും റാണിയുമായി അന്‍സ്വാഫ്.കെ.അഷ്‌റഫും രഹ്നാ രഘുവും കിരീടധാരണം ചെയ്തു.
കോതമംഗലം കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അന്‍സ്വാഫ്.കെ.അഷ്‌റഫ് 10.81 സെക്കന്‍ഡിലാണ് ലക്ഷ്യം കണ്ടത്. തിരുവനന്തപുരം ജി.വി. രാജാ സ്‌പോര്‍ട്‌സ് അക്കാദമിയിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയായ രഹ്ന രഘു 12.62 സെക്കന്‍ഡിലായിരുന്നു സ്വർണമണിഞ്ഞത്. അതേസമയം 100 മീറ്റർ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ശ്രേയ.ആർ സ്വർണവും അതിഥി വെള്ളിയും കരസ്ഥമാക്കി. സീനിയർ വിഭാഗത്തേക്കാർ മികച്ച സമയം കുറിച്ചു. ശ്രേയ 12.54 സെക്കൻഡിലും അനന്യ 12.58 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ അന്‍സ്വാഫ് 100 മീറ്ററിൽ സ്വര്‍ണം നേടിയിരുന്നു. തിങ്കളാഴ്ച 200 മീറ്ററിലും മത്സരിക്കുന്നുണ്ട്. കോതമംഗലം കാവുങ്കല്‍ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ അഷ്‌റഫിന്റെയും റിട്ട. അധ്യാപിക സുബൈദയുടെയും മകനാണ്.
കാസര്‍കോട് ഉദുമ ഇരട്ടപ്പനയ്ക്കല്‍ ബിസിനസുകാരനായ രഘു ഇ.പി.യുടെയും ആശാ വര്‍ക്കര്‍ റോഷ്‌നയുടെയും മകളാണ് രഹ്ന രഘു. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗം 100 മീറ്ററില്‍ വെള്ളി നേടിയിരുന്നു.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടിന്റെ നിവേദ് കൃഷ്ണയാണ് (10.98) ഒന്നാമത്. നിവേദ്കൃഷ്ണ അച്ഛന്റെ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. പാലക്കാട് ചിറ്റൂര്‍ ഗവ. എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നിവേദ് 10.98 സെക്കന്റിലാണ് ഒന്നാമതെത്തിയത്. എറണാകുളം കളമശ്ശേരിയില്‍ നടന്ന 1997ലെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്ററിലും 200 മീറ്ററിലും നിവേദിന്റെ അച്ഛന്‍ എസ് ജ്യോതിപ്രകാശ് സ്വര്‍ണം നേടിയിരുന്നു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ആര്‍. ശ്രേയ ഓട്ടക്കാരി മാത്രമല്ല നല്ലൊരു കഥകളി കലാകാരി കൂടിയാണ്. 12.54 സെക്കന്‍ഡ് എന്ന തന്റെ മികച്ച സമയം കൂടി കണ്ടെത്തിയാണ് ശ്രേയ അതിവേഗ ട്രാക്കില്‍ ഒന്നാമതെത്തിയത്. ആലപ്പുഴ സെന്റ്. ജോസഫ് ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നാലാം വര്‍ഷമാണ് സംസ്ഥാന കായികമേളയില്‍ പങ്കെടുക്കുന്നതെങ്കിലും ആദ്യമായിട്ടാണ് സുവര്‍ണനേട്ടം.
സബ് ജൂനിയർ വിഭാഗത്തിൽ കാസർകോടിന്റെ നിയാസ് അഹമ്മദും (12.40) ഇടുക്കിയുടെ ദേവപ്രിയയുമാണ് (13.17) വേഗമേറിയ താരങ്ങൾ. കാസർകോട് ജില്ലയിലെ താരങ്ങളെ ഇപ്പോഴും പരിഗണിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പരിശീലനത്തിനടക്കം വേണ്ട സൗകര്യങ്ങളില്ലാതെയാണ് കുട്ടികൾ മത്സരത്തിനെത്തുന്നതെന്നാണ് പരാതി.
Content Highlights: Kerala School Games: Record-Breaking Sprints in 100m Race