കായികമേളയ്ക്ക് ഗാനമൊരുക്കി ഡിഡിഇ; പാട്ടുപാടി അധ്യാപകര്‍: ഹണി ജി അലക്‌സാണ്ടര്‍

എറണാകുളം ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യൂക്കേഷന്‍ ഹണി ജി അലക്‌സാണ്ടര്‍ |ഫോട്ടോ: അഭിലാഷ് ചിറക്കടവ്‌
എറണാകുളം ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യൂക്കേഷന്‍ ഹണി ജി അലക്‌സാണ്ടര്‍ |ഫോട്ടോ: അഭിലാഷ് ചിറക്കടവ്‌

കൊച്ചി: ഒളിമ്പിക്‌സ് തീം ഉള്‍ക്കൊണ്ടാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ പ്രമോ സോങ് തയാറാക്കിയതെന്ന് പ്രമോ സോങ് എഴുതിയ എറണാകുളം ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യൂക്കേഷന്‍ ഹണി ജി അലക്‌സാണ്ടര്‍. എല്ലാവരും പങ്കെടുക്കണം പ്രോത്സാഹിപ്പിക്കണം എന്ന ആശയത്തിലാണ് ഗാനം തയാറാക്കിയതെന്നും ഹണി ജി അലക്‌സാണ്ടര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

സംസ്ഥാന സ്‌കൂള്‍ കായിക മേള ആദ്യമായി ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുകയാണ്. അതുകൊണ്ടു തന്നെ ഒളിമ്പിക്‌സ് തീം ഉള്‍ക്കൊണ്ടാണ് ഇത്തവണത്തെ കായികമേളയുടെ പ്രമോ സോങ് തയാറാക്കണമെന്ന ആഗ്രഹത്തിലാണ് എഴുതിക്കൊടുത്തത്. നന്നായി മ്യൂസിക് ചെയ്യുകയും പാടിയവര്‍ക്കുമാണ് അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത്. അവര്‍ അത് നന്നായി ചെയ്തു. അധ്യാപിക അനു മരിയ റോസ്, ജോസഫ് വരാപ്പുഴയും ചേര്‍ന്നാണ് പ്രമോ സോങ് ആലപിച്ചിരിക്കുന്നത്. മ്യൂസിക് ചെയ്തത് സെബി നായരമ്പലമാണ്. എല്ലാ കുട്ടികളും പങ്കെടുക്കണം, പ്രോത്സാഹിപ്പിക്കണം, കൈയടിക്കണമെന്നെല്ലാമുള്ള ആശയങ്ങളാണ് പ്രമോസോങിലൂടെ പങ്കുവെക്കുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ പ്രമോ സോങ് എഴുതി തീര്‍ക്കുകയായിരുന്നു.- ഹണി ജി അലക്‌സാണ്ടര്‍ പറഞ്ഞു. 

ഒരു ഗാലറിയില്‍ മനോഹരമായ പെയിന്റിങ് കണ്ട് ഇഷ്ടപ്പെടുന്ന ഒരു അറബിയും കൂട്ടുകാരിയും ചിത്രകാരനെ അന്വേഷിച്ചു പോകുന്നതാണ് വീഡിയോയുടെ പ്രമേയം. ചെല്ലുമ്പോള്‍ പ്രണവ് ഫുട്ബോള്‍ കളിച്ച ശേഷം നീന്തിക്കുളിക്കാന്‍ പോയെന്ന് കൂട്ടുകാര്‍ പറയുന്നു. ഒടുവില്‍ ഒരു ഭിത്തിയില്‍ മേളയുടെ ഭാഗ്യചിഹ്നമായ തക്കുടു എന്ന അണ്ണാറക്കണ്ണനെ വരക്കുന്ന പ്രണവിനെ അവര്‍ കണ്ടെത്തുന്നതോടെയാണ് വീഡിയോ സമാപിക്കുന്നത്. ഇച്ഛാശക്തിയുടെ പ്രതീകമായ പ്രണവാണ് സംസ്ഥാനസ്‌കൂള്‍ കായികമേളയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ വീഡിയോയിലെ നായകനായി എത്തിയത്.

Content Highlights: Kerala School Sports and Games 2024 Promo song; Honey G Alexander