'അപ്പാ, ഒരു ബൂട്ടുവേണം'; കണ്ണുകെട്ടി ഓടി, പരിമിതിയെ കരുത്താക്കി ഗ്രീറ്റിയ നേടിയത് ഒന്നാംസ്ഥാനം

ഫോട്ടോ ഫിനിഷിലേക്കെത്തുന്ന ഗ്രീറ്റിയ| ഫോട്ടോ: അഭിലാഷ് ചിറക്കടവ്
ഫോട്ടോ ഫിനിഷിലേക്കെത്തുന്ന ഗ്രീറ്റിയ| ഫോട്ടോ: അഭിലാഷ് ചിറക്കടവ്

'അപ്പാ, എനിക്കൊരു ബൂട്ട് വേണം. എല്ലാവരും ബൂട്ട് ഇട്ടാണ് ഓടുക' -സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സെലക്ഷൻ ലഭിച്ച സന്തോഷം അറിയിച്ചതോടൊപ്പം ​ഗ്രീറ്റിയ ബൂട്ടിന്റെ കാര്യവുംകൂടി അച്ഛനെ ഓർമിപ്പിച്ചു. പഠിച്ചിരുന്ന കാലത്ത് തനിക്ക് എത്തിപ്പിടിക്കാൻ കഴിയാതിരുന്ന നേട്ടത്തിൽ മകളെത്തിയതിന്റെ നിർവൃതിയിലായിരുന്നു അച്ഛൻ ബിജു അപ്പോൾ. മകൾ ആവശ്യപ്പെട്ട ഉടൻതന്നെ അദ്ദേഹം ബൂട്ട് വാങ്ങിക്കാനുള്ള ഏർപ്പാട് നടത്തി. 

അങ്ങനെ സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യമായി ​ഗ്രീറ്റിയ ബൂട്ടിട്ട് ഓടി. ആ ഓട്ടം ചെന്നു നിന്നതാവട്ടെ, ഒന്നാംസ്ഥാനത്ത്. ഇൻക്ലൂസീവ് വിഭാ​ഗം 14 വയസ്സിന് താഴെയുള്ള (ജൂനിയർ) പെൺകുട്ടികളുടെ നൂറുമീറ്റർ ഓട്ടമത്സരത്തിൽ ​ഗ്രീറ്റിയ ബിജുവിനാണ് ഒന്നാംസ്ഥാനം. അച്ഛൻ ആദ്യമായി വാങ്ങിത്തന്ന ബൂട്ടിന് പ്രത്യുപകാരമായി നൽകാൻ അവൾക്ക് ഒന്നാംസ്ഥാനം എന്നതിൽപ്പരം ഒരു സമ്മാനമുണ്ടായിരുന്നില്ല. എറണാകുളം ജില്ലയിലെ അയിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് ​ഗ്രീറ്റിയ. 

സംസ്ഥാന സ്കൂൾ കായികമേളയിൽ പൊതുവിഭാ​ഗത്തിനൊപ്പം ഇത്തവണ ഭിന്നശേഷി വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇൻക്ലൂസീവ് മേളയും സംഘടിപ്പിച്ചിരുന്നു. കാഴ്ചപരിമിതിയുള്ളവർക്കായിരുന്നു നൂറുമീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കാനാവുമായിരുന്നത്. കാഴ്ചാ വെല്ലുവിളിയുള്ളവർ എങ്ങനെ ട്രാക്ക് തെറ്റാതെ നേരാംവണ്ണം ഓടും എന്ന് ആശങ്കപ്പെടേണ്ട. കാഴ്ചയുള്ള ഒരു ​ഗൈഡ് റണ്ണറുണ്ടാവും കൂടെ. മത്സരാർഥിയുടെ കണ്ണ് മൂടിക്കെട്ടും. അതേ പ്രായപരിധിയിൽത്തന്നെയുള്ള​ ​ഗൈഡ് റണ്ണറുടെ സഹായത്താലാണ് ഓടേണ്ടത്. ​മത്സരാർഥിയുടെ ഒരു കൈ, ​ഗൈഡ് റണ്ണറുടെ കൈയുമായി തുണികൊണ്ടോ മറ്റോ കൂട്ടിക്കെട്ടിയിട്ടുണ്ടാവും. ​തുടർന്ന് ഇരുവരും ഓടുന്നതാണ് മത്സരം. ​ഗൈഡ് റണ്ണർ ഒരിക്കലും മുന്നിൽ ഓടാൻ പാടില്ല. മത്സരാർഥിയുടെ വേ​ഗത്തിനനുസരിച്ച് ഒപ്പത്തിനൊപ്പമോ തൊട്ടുപിറകിലോ വരുന്ന വിധത്തിലായിരിക്കണം ​ഗൈഡ് റണ്ണറുടെ സ്ഥാനം.

​ഗ്രീറ്റിയയിലേക്കു തന്നെ വരാം. അവളുടെ അതേ സ്കൂളിലെ കൂട്ടുകാരിയായ അഞ്ജലിയാണ് ​ഗൈഡ് റണ്ണറായി ഓടിയത്. സംസ്ഥാന സ്കൂൾ കായികമേളയിലേക്ക് സെലക്ഷൻ നടക്കുമ്പോൾത്തന്നെ ​ഗ്രീറ്റിയ അച്ഛനെ അറിയിച്ചിട്ടുണ്ടായിരുന്നു, എല്ലാവരും ബൂട്ടിട്ടാണ് ഓടുന്നതെന്ന്. അവൾക്ക് ബൂട്ടുണ്ടായിരുന്നില്ല. അന്ന് എന്നല്ല, അക്കാലംവരെ അവൾക്ക് സ്വന്തമായി ബൂട്ടുണ്ടായിരുന്നില്ല. സെലക്ഷൻ സമയത്ത് തത്കാലം സുഹൃത്ത് ഉപയോ​ഗിച്ച ബൂട്ട് വാങ്ങി ഓടി. അവൾക്കായി ഓൺലൈനിൽ ഓർഡർ ചെയ്ത ബൂട്ട് അന്ന് എത്തിയിരുന്നില്ല. എങ്കിലും സുഹ‍ൃത്തിന്റെ ബൂട്ട് ഉപയോ​ഗിച്ച് ഓടി സംസ്ഥാന സ്കൂൾ കായികമേളയിലേക്ക് യോ​ഗ്യത നേടി. ഒരു മത്സരത്തിനായി അന്ന് ആദ്യമായാണ് അവൾ ബൂട്ടിട്ട് ഓടുന്നത്. 

അതിന് മുൻപ് നടന്ന മത്സരങ്ങൾക്കോ പരിശീലനത്തിനോ അവൾ ബൂട്ടിട്ടുണ്ടായിരുന്നില്ല. ന​ഗ്നപാദയായിത്തന്നെ മറ്റുള്ളവരെ ഓടിത്തോൽപ്പിച്ചു. അന്നൊന്നും ഒരിക്കലും ബൂട്ട് വേണമെന്ന് മകൾ ആവശ്യപ്പെട്ടിരുന്നില്ലെന്നും അച്ഛൻ പറയുന്നു. അതിന് കാരണമായി അച്ഛൻ പറയുന്ന ഒരു കാര്യമുണ്ട്. അവൾ ചെറുപ്പംതൊട്ടേ അസാമാന്യ പക്വത കാണിച്ചിരുന്നുവത്രേ... മറ്റുള്ള കുട്ടികളിൽ കളിപ്പാട്ടങ്ങൾ കാണുമ്പോൾ അവൾ അത് വേണമെന്ന് ആവശ്യപ്പെട്ട് വാശിപിടിച്ചിരുന്നില്ല. സ്കൂളിൽനിന്ന് ടൂർ പോകുമ്പോൾ തന്റെ കൈയിൽ പൈസയില്ല എന്നറിയാവുന്നതുകൊണ്ട് അവൾ തന്നെ ഇങ്ങോട്ട് ‌സാന്ത്വനിപ്പിക്കും, സാരമില്ല അപ്പാ, നമുക്ക് അടുത്ത വർഷം പോകാമെന്ന്. അച്ഛൻ അങ്ങോട്ട് പറയേണ്ട വാക്കുകൾ അവൾ ഇങ്ങോട്ട് പറഞ്ഞ് അദ്ഭുതപ്പെടുത്തിയിരുന്നുവെന്ന് മകളെക്കുറിച്ച് അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു. 

ടാക്സി ഓടിക്കലായിരുന്നു അച്ഛൻ ബിജുവിന് ജോലി. പ്രളയം വന്നതോടെ ആ ജോലി നഷ്ടപ്പെട്ടു. പിന്നീട് പെയിന്ററായി. പൊരിവെയിലത്ത് ചുമരുകളിൽ വലിഞ്ഞുകയറി പെയിന്റ് ചെയ്ത് ലഭിക്കുന്ന സമ്പാദ്യംകൊണ്ടായിരുന്നു ആ കുടുംബത്തിന്റെ ഉപജീവനം. അച്ഛന്റെ കഷ്ടപ്പാടുകളെയും ഇല്ലായ്മകളെയും ​ഗ്രീറ്റിയ നന്നായി മനസ്സിലാക്കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് വ്യക്തം. ഇപ്പോൾ അമ്മയ്ക്കും ചെറിയ ജോലിയുണ്ട്. 

ചെറുപ്പംതൊട്ടേ ​ഗ്രീറ്റിയ അതിഭയങ്കര ഓട്ടക്കാരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് അച്ഛൻ. അയൽപക്കത്തൊക്കെ എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ വീട്ടിൽനിന്ന് ഇറങ്ങിത്തുടങ്ങുമ്പോഴേക്ക് അവൾ അവിടെയെത്തിയിരിക്കും. പരിചിതമായ വഴികളിലെ കല്ലും കുഴിയും ഒക്കെ നല്ലപോലെ നിശ്ചയമുണ്ട് അവൾക്ക്. സ്കൂളിലേക്ക് പോവാൻ വാഹനം വരുമ്പോൾ വീട്ടിൽനിന്ന് ഓടുന്ന ഒരു ഓട്ടമുണ്ട്. ഒരിക്കൽ പോയ വഴി പിന്നീട് അവൾ വളരെ കൃത്യമായി ഓർത്തെടുക്കുന്നത് കണ്ട് തങ്ങൾ അദ്ഭുതപ്പെട്ടിട്ടുണ്ടെന്നും അച്ഛൻ പറയുന്നു. ബാഡ്മിന്റൺ നന്നായി കളിക്കാൻ കഴിയുന്ന അവൾക്ക് പക്ഷേ, ഷട്ടിൽകോക്ക് കണ്ടെത്തുക പ്രയാസമായതോടെ  ആ വഴിക്ക് മുന്നേറാനായില്ല. ചെറുപ്പം മുതലേ അവളെ ഓടിച്ചുപിടിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നെന്നും അച്ഛൻ പറഞ്ഞു. 

ബിജു - റസീന ദമ്പതികളുടെ മകളാണ്. ഇരുവർക്കും കാഴ്ചാപരമായ പ്രശ്നങ്ങളില്ല. എന്നാൽ ഗ്രീറ്റിയക്കും അനിയത്തിക്കും കാഴ്ചാപരിമിതിയുണ്ട്. ഇരുവരും ഒരേ സ്പെക്സ് വെക്കുന്നവരാണ്. നിലവിൽ ചികിത്സയുണ്ട്. സ്കൂളിൽ പോയിത്തുടങ്ങിയതോടെയാണ് ഗ്രീറ്റിയക്ക് കാഴ്ചയ്ക്ക് പ്രശ്നമുള്ളതായി മനസ്സിലായതെന്ന് അച്ഛൻ വ്യക്തമാക്കുന്നു. ബോർഡിലേക്ക് കാണാത്ത പ്രശ്നങ്ങൾ ഉൾപ്പെടെ സംഭവിച്ചപ്പോൾ പരിശോധനയ്ക്ക് വിധേയമാക്കി. അങ്ങനെയാണ് ഡിസബിലിറ്റി തിരിച്ചറിഞ്ഞത്. 

Content Highlights: Blind Athlete Wins Gold at kerala State School Games: Greety`s Inspiring Story