കുട്ടികള്‍ ദേശീയ ലെവലിലാണ്, ഇവരിലൂടെ കേരളം മുന്നേറുമെന്നുറപ്പ്-ജോര്‍ജ് തോമസ്

സംസ്ഥാന സ്‌കൂള്‍ കായികമേള കാണാനെത്തിയ ഇന്ത്യന്‍ മുന്‍ ബാഡ്മിന്റണ്‍ താരം ജോര്‍ജ് തോമസാണ് മാതൃഭൂമിക്കൊപ്പം സെലിബ്രിറ്റി ടോക്കില്‍. തിരുവനന്തപുരം സീനിയര്‍ ടീമംഗമായ എസ്. സഞ്ജനയാണ് ജോര്‍ജ് തോമസിനൊപ്പം ബാഡ്മിന്റണ്‍ മത്സരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയ്ക്കായെത്തിയത്.
സഞ്ജന: സര്‍, മത്സരങ്ങള്‍ കണ്ടിരുന്നോ...
ജോര്‍ജ് തോമസ്: കണ്ടു. എല്ലാം നല്ല നിലവാരമുള്ള മത്സരങ്ങള്‍. കുട്ടികള്‍ ദേശീയ ലെവലിലാണ് മത്സരിക്കുന്നത്. ഇതുപോലുള്ള കളികള്‍ കാണുമ്പോള്‍ കേരളം ഇനി ധാരാളം മുന്നേറുമെന്നുറപ്പാണ്. അതിനുള്ള സൗകര്യം സംസ്ഥാനം ഏര്‍പ്പെടുത്തി നല്‍കിയാല്‍ മാത്രം മതി. കുട്ടികളൊക്കെ മെഡല്‍ കൊണ്ടുവരാന്‍ തയ്യാറായാണ് നില്‍ക്കുന്നത്.
സഞ്ജന: നല്ല കോര്‍ട്ടായതിനാല്‍ നന്നായി കളിക്കാനായെന്ന് കൂടെ കളിച്ചവരെല്ലാം പറഞ്ഞു.
ജോര്‍ജ് തോമസ്: രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം രാജ്യത്തെ തന്നെ ഏറ്റവും നിലവാരമുള്ള കോര്‍ട്ടാണ്. ഇവിടെ കളിക്കാന്‍ സാധിക്കുന്നത് ഭാഗ്യം കൂടിയാണ്. സിമന്റ് തറകളിലൊക്കെ മുന്‍പ് മത്സരങ്ങള്‍ നടന്നിട്ടുണ്ട്. അവിടെ പരിക്കേല്‍ക്കാന്‍ സാധ്യതയേറെയാണ്. ഇവിടെ കളിക്കുമ്പോള്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് തന്നെ എടുക്കാന്‍ കുട്ടികള്‍ക്കാകും.
സഞ്ജന: ഇനി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്....
ജോര്‍ജ് തോമസ്: കാല്‍മസില്‍ സ്ട്രെങ്ത് ചെയ്യാനാണ് കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അതിനായി പ്രത്യേക പരിശീലനം വേണം. കാല്‍ മസില്‍ ശക്തമായാല്‍ത്തന്നെ കളിയുടെ നിലവാരംകൂടും. പരിക്കേല്‍ക്കാതെ ശ്രദ്ധിക്കണം. ഏറ്റവും മൂവ്മെന്റ്സുള്ള ഗെയിമാണ്. ഏറ്റവും മുകളില്‍ വെച്ച് കോണ്‍ടാക്ട് ചെയ്യുമ്പോഴാണ് സ്‌കോര്‍ ചെയ്യാനാകുക. ഫുള്‍ കോര്‍ട്ട് ഓപ്പണായി ലഭിക്കും. ഏതു സ്ട്രോക്കും ചെയ്യാന്‍ സാധിക്കും. ഷട്ടിലിന്റെ പിറകില്‍ വന്ന് കളിക്കണം. അതിനായി റണ്ണിങ്, ജിം തുടങ്ങിയ പരിശീലനം ചെയ്യണം. ഷാഡോയും ഷട്ടില്‍ പിക്കിങ്ങും പ്രധാനമാണ്.
Content Highlights: George Thomas on State School Sports Meet- Future of Badminton in Kerala