തൊഴില്‍ വൈദഗ്ധ്യം നേടാന്‍ മറ്റു ഭാഷകള്‍ കൂടിവേണം- ടി.എം. തോമസ് ഐസക്ക്

ഷാര്‍ജ: മാതൃഭാഷമാത്രം പഠിച്ചതുകൊണ്ട് തൊഴില്‍ വൈദഗ്ധ്യം നേടാന്‍ സാധിക്കില്ലെന്ന് കേരളത്തിന്റെ മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. ഷാര്‍ജയില്‍ മാതൃഭൂമി ഡോട്ട് കോമിന്റെ കേരള പ്രോപ്പര്‍ട്ടി എക്സ്പോ വേദിയില്‍ യുഎഇ മലയാളം മിഷന്‍ കേരള ഡിവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്)സഹകരണത്തില്‍ സംഘടിപ്പിച്ച ഭാഷാ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് പഠിക്കാന്‍ ഏറ്റവും എളുപ്പം മാതൃഭാഷ ആണെങ്കിലും തൊഴില്‍ വൈദഗ്ധ്യം നേടാന്‍ മറ്റു ഭാഷകള്‍ കൂടിവേണം. പുതിയ കാലത്ത് മാതൃഭാഷയോടൊപ്പം മറ്റുഭാഷകള്‍ കൂടി പഠിച്ചുകൊണ്ട് വിജ്ഞാന സമ്പദ്ഘടന നേടിയെടുക്കണം. കേരളത്തിന്റെ ദുര്യോഗം നമ്മുടെ കുട്ടികള്‍ക്ക് മറ്റു ഭാഷകള്‍ അറിയില്ലെന്നതാണ്. അതിനാല്‍ ഇതരഭാഷാ അഭിമുഖങ്ങളില്‍ കുട്ടികള്‍ പരാജയപ്പെട്ടുപോകുന്നു. പഠിത്തം കഴിഞ്ഞ കുട്ടികള്‍ക്ക് തൊഴില്‍ വൈദഗ്ധ്യവും അഭിമുഖ അനുഭവ പരിചയവും വേണമെന്നും വിജ്ഞാന കേരളം പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് കൂടിയായ തോമസ് ഐസക്ക് ഓര്‍മ്മിപ്പിച്ചു.
കോഴ്‌സുകള്‍ തൊഴിലുകള്‍ക്കു വേണ്ടിയാണെന്ന് ബോധ്യമുണ്ടായിരിക്കണം. ഭാഷാ നൈപുണ്യത്തിനായി വിജ്ഞാന കേരളം തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. പഠിത്തം പൂര്‍ത്തീകരിക്കുന്ന കുട്ടികള്‍ക്ക് ഓഗസ്റ്റ് മാസത്തോടെ വിജ്ഞാന നൈപുണ്യം നേടിക്കൊടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി. മലയാളം മിഷന്‍ യുഎഇ കോഓര്‍ഡിനേറ്റര്‍ കെ.എല്‍. ഗോപി അധ്യക്ഷനായി. വിജ്ഞാന കേരളം ഉപദേശകന്‍ ഡോ.സരിന്‍ പ്രസംഗിച്ചു. ശ്രീകുമാരി ആന്റണി സ്വാഗതം പറഞ്ഞു.
Content Highlights: thomas isaac mathrubhumi dot com sharjah property expo