റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കേരളം ശക്തമായ കുതിപ്പിന് തയ്യാറെടുക്കുന്നു- സേതുനാഥ് മുകുന്ദന്‍

ഷാര്‍ജ: നിക്ഷേപ സൗഹൃദ സംസ്ഥാനമായിക്കൊണ്ടിരിക്കുകയാണ് കേരളമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡിവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്)യുടെ കേരള സിഇഒ സേതുനാഥ് മുകുന്ദന്‍ ഷാര്‍ജയില്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോം ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോക്ക് എത്തിയതായിരുന്നു അദ്ദേഹം. കേരളത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളെല്ലാം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കണക്ടിവിറ്റിക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ബാംഗ്ലൂര്‍, കൊച്ചി ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ വരുന്നത്.
കൊച്ചിയില്‍ ലുലു ഗ്രൂപ്പിന്റെ ട്വിന്‍ടവര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇതിലൂടെ 30,000 ത്തിലേറെ തൊഴിലവസരങ്ങളാണ് ഉണ്ടാവുക. ഐടിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ന്നുവരാന്‍ സാധ്യതയുള്ള മേഖല. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അതിശക്തമാണ്. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ നടക്കുന്ന വികസനങ്ങളും എടുത്തുപറയേണ്ടതാണ്. ഇതെല്ലാം മറ്റ് രാജ്യങ്ങള്‍ക്ക് കേരളത്തില്‍ നിക്ഷേപം നടത്താനുള്ള വാതിലാണ് തുറന്നിടുന്നത്. കാരണം ഏറ്റവും മികച്ച ഐടി പ്രൊഫഷണലുകളാണ് കേരളത്തിലുള്ളത്.
ഈ വികസനങ്ങളെ മാത്രം കണ്ടുകൊണ്ട് അന്യസംസ്ഥാനങ്ങളിലുള്ളവര്‍ കേരളത്തെ കൂടുതല്‍ ജോലിസാധ്യതയുള്ള സ്ഥലമായാണ് വിലയിരുത്തുന്നത്. ഭാവിയില്‍ കേരളത്തില്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളുടെയും കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകളുടെയും ആവശ്യഗത കൂടാന്‍ പോകുന്നു എന്നതാണ് ഇതെല്ലാം മുന്നോട്ടുവെക്കുന്ന സന്ദേശം. അതുകൊണ്ടുതന്നെ നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതമായ ഒരു സംസ്ഥാനം തന്നെയാണ് നമ്മുടെ നാട് എന്നും സേതുനാഥ് മുകുന്ദന്‍ വ്യക്തമാക്കി.
Content Highlights: Kerala Property Expo 2025 sharjah