ഒരു തുണ്ട് സ്ഥലം പോലും പാഴാക്കില്ല; തൊണ്ണൂറിലും കൃഷിയില്‍ ചെറുപ്പമാണ് കരുണാകരന്‍

തൊണ്ണൂറാം വയസ്സിലും കൃഷികാര്യത്തില്‍ ചെറുപ്പമാണ് കരുണാകരന്‍. പ്രായത്തിന്റെ അവശതകള്‍ ധാരാളമുണ്ട്. പക്ഷേ അധ്വാനിക്കാതെ തിണ്ണയില്‍ വെറുതെയിരിക്കാന്‍ കഴിയില്ലെന്നാണ് മാന്തുരുത്തി പാറയ്ക്കല്‍ പി.കെ.കരുണാകരന്‍ പറയുന്നത്.
പറമ്പില്‍ വിളഞ്ഞുനില്‍ക്കുന്ന ഏത്തവാഴയും കപ്പയും ചേമ്പും ചേനയും പച്ചക്കറികളുമെല്ലാം കരുണാകരന്റെ വിയര്‍പ്പിന്റെ ഫലമാണ്. മഴയില്ലെങ്കില്‍ ദിവസവും രാവിലെ ഒരുകൈയില്‍ തൂമ്പയും മറു കൈയില്‍ ഊന്നുവടിയുമായി പറമ്പിലേക്കിറങ്ങും. പിന്നെ നോക്കുന്നതെല്ലാം പണികളാണ്.
ഒരു തുണ്ട് സ്ഥലം പോലും വെറുതെ പാഴാക്കാന്‍ സമ്മതിക്കില്ല. പറമ്പിന്റെ മുക്കിനും മൂലയിലും വരെ ഓരോതരം പരീക്ഷണങ്ങളാണ്. എന്നാണ് കൃഷി തുടങ്ങിയതെന്ന് ചോദിച്ചാല്‍ കൃത്യമായൊന്നും പറയാനൊക്കില്ല. ചെറുപ്പം മുതല്‍ ഇതാണ് ശീലം. ഇതിനിടയില്‍ മറ്റ് സ്ഥലങ്ങളില്‍ കൃഷിപ്പണികള്‍ക്കും പോകുമായിരുന്നു. ഭാര്യ തങ്കമ്മയായിരുന്നു കൃഷിയിടത്തില്‍ എല്ലാ പിന്തുണയും നല്‍കിയിരുന്നത്.
രണ്ടുവര്‍ഷം മുന്‍പ് തങ്കമ്മ മരിച്ചു. മക്കള്‍ വാങ്ങിയ സ്ഥലത്തും ഇദ്ദേഹം കൃഷിയിറക്കി. പഞ്ചായത്തിലെ മികച്ച കര്‍ഷകനായും മുതിര്‍ന്ന കര്‍ഷകനായും മാതൃകാ കര്‍ഷകനായുമെല്ലാം പലവട്ടം കരുണാകരനെ തിരഞ്ഞെടുത്തു. എല്ലാ കര്‍ഷക ദിനത്തിലും വിവിധ സംഘടനകള്‍ വീട്ടിലെത്തി ആദരിക്കാറുണ്ട്.
Content Highlights: A farmer still farming at the age of ninety