പങ്കെടുത്തേ പറ്റൂവെന്ന് ദൃഢനിശ്ചയം, ഇടപെട്ട് മന്ത്രി; രോഗത്തോട് പൊരുതി സിയ നേടി '4 എ ഗ്രേഡുകൾ'

തൃശ്ശൂർ/പടന്ന: രോഗത്തോട് തത്കാലം പോയി പണിനോക്കാൻ പറഞ്ഞ്, പങ്കെടുത്തേ പറ്റൂ എന്നുറപ്പിച്ച സിയയുടെ മനസ്സിനുതന്നെ ആദ്യ എ ഗ്രേഡ്. അടുത്തത് അതിനു കൂട്ടുനിന്നവർക്കും. മൂന്നാമത്തെ എ ഗ്രേഡ് ആ കുട്ടിയുടെ സങ്കടമറിഞ്ഞപ്പോൾ ചട്ടക്കൂടുകളേ മാറിനിൽക്കൂ എന്ന് കർശനമായി പറഞ്ഞ മന്ത്രി ശിവൻകുട്ടിക്ക്. എല്ലാത്തിനും ശുഭപര്യവസാനമായി ഇനിയൊരു എ ഗ്രേഡുകൂടിയുണ്ട്. അത് പ്രഖ്യാപിച്ചത് ശനിയാഴ്ച, കാസർകോട് പടന്നയിലെ വീട്ടിൽ സ്വന്തം മുറിയിലിരുന്ന് സിയാ ഫാത്തിമ തയ്യാറാക്കിയ അറബിക് പോസ്റ്ററിന്.
പടന്ന വികെപികെഎച്ച്എംഎംആർവിഎച്ച്എസ്എസിലെ വിദ്യാർഥിനിയാണ് സിയ. തൃശ്ശൂരിലെത്തി എച്ച്എസ് അറബിക് പോസ്റ്റർ രചനാമത്സരത്തിൽ പങ്കെടുക്കണമെന്ന് അവൾ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ, രക്തക്കുഴലിൽ നീർക്കെട്ടുണ്ടാകുന്ന ’വാസ്‌കുലൈറ്റിസ്’ രോഗം ആ മോഹത്തിനു മുന്നിൽ ചുവപ്പുകാർഡ് ഉയർത്തി. ഈ യാത്ര ഡോക്ടർമാരും വിലക്കി. അവസരം നൽകണമെന്നപേക്ഷിച്ച് മന്ത്രി വി. ശിവൻകുട്ടിക്ക് ഈ പത്താംക്ലാസുകാരി സങ്കടസന്ദേശം അയച്ചു. കലോത്സവ ചട്ടക്കൂടുകൾക്കപ്പുറത്തേക്ക് മന്ത്രി മാനുഷികതയുടെ നിയമാവലി നീട്ടി. അതോടെ സിയയ്ക്കായി വീഡിയോ കോൺഫറൻസിങ്ങിലൂടെ മത്സരം നടത്താൻ തീരുമാനമായി.
തൃശ്ശൂരിലിരുന്ന് മന്ത്രിമാരായ ശിവൻകുട്ടിയും രാജനും തത്സമയം അത് കാണുന്നുണ്ടായിരുന്നു. കടുത്ത വേദനയിലും തികഞ്ഞ ആത്മവിശ്വാസത്തോടെ, സന്തോഷത്തോടെ സിയ എഴുതി, വരച്ചു. മത്സരഫലം വന്നപ്പോൾ എ ഗ്രേഡ്.
‘പുസ്തകമേള’ എന്നതായിരുന്നു വിഷയം. അരമണിക്കൂർ മത്സരത്തിൽ ആകെ 14 മത്സരാർഥികളാണ് ഉണ്ടായിരുന്നത്.
തൃശ്ശൂരിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷാണ് സിയയ്ക്കുവേണ്ടി കോഡ് നമ്പറെടുത്തത്.
Content Highlights: Siya Fatima, battling Vasculitis, participates and wins an A Grade in an Arabic poster competition via video conference.