കലാപൂരം കൊടിയിറങ്ങി; കൗമാരം ശക്തന്റെ മണ്ണിൽനിന്ന് മടങ്ങി

അഞ്ചു പകലും രാത്രിയും എത്ര പെട്ടെന്നാണു കൊഴിഞ്ഞുപോയത്! എന്തൊരു ആഘോഷമായിരുന്നു. എന്തൊരാവേശമായിരുന്നു. തേക്കിൻകാടിനുചുറ്റും എങ്ങോട്ടുതിരിഞ്ഞാലും പാട്ടും നൃത്തവും കൊട്ടും താളവും... 249 മത്സരയിനങ്ങൾ, പതിനയ്യായിരത്തോളം മത്സരാർഥികൾ, 25 വേദികൾ... കലാകേരളം പൂരനഗരത്തിനു പകർന്നത് വല്ലാത്ത ഊർജമാണ്.
പതിയെ തുടങ്ങി കൂട്ടപ്പൊരിച്ചിലിൽ തീരുന്ന പൂരം വെടിക്കെട്ടുപോലെയായിരുന്നു നടനപ്രതിഭ മോഹൻലാലിന്റെ സമാപന സമ്മേളന സാന്നിധ്യം. കൗമാരം ആർത്തിരമ്പി 'ലാലേട്ടാ...' എന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറിവിളിച്ചു. നാണം കലർന്ന ചിരിയോടെ മോഹൻലാൽ അവരോടു പറഞ്ഞു, 'പ്രിയപ്പെട്ട കൊച്ചുകൂട്ടുകാരേ..'
തേക്കിൻകാട്ടിലെ പ്രദക്ഷിണ വീഥികളിൽ കൗമാരം ഹൃദയസംഗമത്തിന്റെ ശീവേലികൾ തൊഴുതു. ചെറുപൂരങ്ങൾ മുതൽ പൂരങ്ങളുടെ പൂരം വരെ അരങ്ങേറുന്ന നഗരത്തിൽ ചെണ്ടയും ബാൻഡും മേളപ്പെരുക്കം തീർത്ത ദിനങ്ങളാണു കഴിഞ്ഞുപോയത്. മോഹിനിയാട്ടം, ഭരതനാട്യം, ഒപ്പന, നാടോടിനൃത്തം, കുച്ചിപ്പുഡി, സംഘനൃത്തം, ഗോത്രകലകൾ എന്നിവയ്‌ക്കൊപ്പം ഈ നാട് മുഴുവനുമുണ്ടായിരുന്നു. തെക്കേ ഗോപുരനടയിൽ പതിനായിരക്കണക്കിന് 'സെൽഫി'കൾ പിറന്നു. കലാകേരളത്തിന്റെ ഓർമച്ചെപ്പുകളായ 'ഗാലറി'കളിൽ ഇനിയവ മധുരംതൂകി കാലത്തെ മറികടക്കും. ചിലപ്പോഴൊക്കെ നഗരം തിരക്കിൽ വീർപ്പുമുട്ടി. എന്നിട്ടും അനിഷ്ടങ്ങളൊന്നുമുണ്ടായില്ല. അസൗകര്യംമൂലം ഒരുവേദിപോലും മാറ്റേണ്ടിവന്നില്ല. വേനലിനെ തോൽപ്പിക്കാൻ വേദികളിൽ മൺകൂജകളിൽ തണുത്ത വെള്ളം, സൗജന്യമായി സംഭാരവും ഓറഞ്ചും... പഴയിടം മോഹനൻ നമ്പൂതിരിയുടെ ഊട്ടുപുരയിൽ പതിനായിരങ്ങൾ ഭക്ഷണം കഴിച്ചുമടങ്ങി; പരാതിയേതുമില്ലാതെ. സാഹിത്യ അക്കാദമിയുടെ നാട്ടിൽ രചനാമത്സരങ്ങളിൽ ചെറുപ്പം കരുത്തറിയിച്ചു. സ്‌കൂൾ ഓഫ് ഡ്രാമയുടെ നാട്ടിൽ നാടകം അരങ്ങേറിയതും നിറഞ്ഞ സദസ്സിൽ. കലാമണ്ഡലത്തിന്റെ മണ്ണിൽ കഥകളി മത്സരങ്ങൾക്കും കൂടുതൽ ആസ്വാദകർ.
തേക്കിൻകാട് മൈതാനം ആവേശത്തിന്റെ അലകടലായിരുന്നു; അഞ്ചു ദിവസങ്ങളിലും. അടുത്ത കലോത്സവത്തിനു കാണാമെന്ന പ്രതീക്ഷയോടെ കലാപ്രതിഭകൾ വിടവാങ്ങുമ്പോൾ അവർ ഹൃദയത്തിൽ മന്ത്രിച്ചുകാണും, 'Miss you Thrissur'.
Content Highlights: Experience the vibrant energy of School Kalolsavam! 249 events, 15,000 participants, and unforgettable cultural performances. Witness the magic of Mohanlal!