'വിവാദങ്ങള്‍ വേണ്ട', നൃത്തപരിശീലനത്തിന് നടി പണം ആവശ്യപ്പെട്ടുവെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി

#സ്വന്തം ലേഖകൻ
വി ശിവൻകുട്ടി | Photo: Screengrab / Mathrubhumi News
വി ശിവൻകുട്ടി | Photo: Screengrab / Mathrubhumi News

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്‍റെ നൃത്താവിഷ്‌കാരം പരിശീലിപ്പിക്കാൻ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന വിവാദപ്രസ്താവന പിൻവലിച്ച്  മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ വിവാദങ്ങൾ ഒഴിവാക്കണമെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന താൻ പിൻവലിക്കുന്നുവെന്നും മന്ത്രി പറ‍ഞ്ഞു. തിരുവനന്തപുരത്ത് വെച്ചുനടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പല കാരണങ്ങൾ കൊണ്ട് കലോത്സവത്തിന് ഫണ്ടിന് കുറവുണ്ട്. ഏഴ് മിനിറ്റുള്ള നൃത്താവിഷ്കാരം പരിശീലിപ്പിക്കാൻ കലോത്സവത്തിലൂടെ പ്രശസ്ത നടിയായി മാറിയ വ്യക്തിയോട് അഭ്യർഥിച്ചപ്പോൾ അഞ്ച് ലക്ഷം രൂപയാണ് എൻ്റെ പേർസണൽ സെക്രട്ടറി രാജീവിനോട് ആവശ്യപ്പെട്ടത്. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഈ വിവാദങ്ങൾ ഒന്നും വേണ്ട. വെഞ്ഞാറമ്മൂടിൽ നടത്തിയ പ്രസ്താവന ഞാൻ പിൻവലിക്കുന്നു'‌, ശിവൻകുട്ടി പറഞ്ഞു.

കലോത്സവത്തിലേക്ക് കൂടുതൽ ജനശ്രദ്ധ കൊണ്ടു വരുന്നതിനും കലോത്സവ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനും കലോത്സവ വേദിയിൽ സെലിബ്രിറ്റികളെ കൊണ്ടു വരാറുണ്ട്. കൊല്ലം കലോത്സവത്തിൽ മമ്മൂട്ടി, ആശ ശരത്, നിഖില വിമൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ആശ ശരത്താണ് സ്വാഗത ഗാന നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയത്. 

കോഴിക്കോട് കലോത്സവത്തിൽ കെ.എസ്. ചിത്ര, ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങിയവർ പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തത്. കലോത്സവ വേദികളിൽ എത്തുന്ന സെലിബ്രിറ്റികൾ ആ വേദിയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രതിഫലം ഒന്നും ഇല്ലാതെയാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സാംസ്‌കാരിക പരിപാടിയിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ വാർത്തയായത് ശ്രദ്ധയിൽപ്പെട്ടു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല ആ പരാമർശങ്ങൾ. ആയതുകൊണ്ട് ആ പരമാർശങ്ങൾ പിൻവലിക്കുകയാണ്. മന്ത്രി പറഞ്ഞു.

Content Highlights: Minister Sivankutty withdraws controversial statement about kalolsavam