സുന്ദരിയാണീ മാലിന്യ മോഹിനി

മാലിന്യത്തില്‍ നിന്ന് നിര്‍മിച്ച മോഹിനിയാട്ട രൂപത്തിനൊപ്പം വളണ്ടിയര്‍മാര്‍
മാലിന്യത്തില്‍ നിന്ന് നിര്‍മിച്ച മോഹിനിയാട്ട രൂപത്തിനൊപ്പം വളണ്ടിയര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയുടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രധാനവേദിയില്‍ ശ്രദ്ധേയമായി എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമെന്‍ എന്‍.എസ്.എസ് യൂണിറ്റ് കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായും തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനുമായും ചേര്‍ന്ന് മാലിന്യത്തില്‍ നിന്നും നിര്‍മ്മിച്ചെടുത്ത മോഹിനിയാട്ട കലാരൂപം. പ്രധാന വേദിയുടെ കവാടത്തിനടുത്തുള്ള നഗരസഭയുടെ സെല്‍ഫി പോയിന്റിന് അനുബന്ധമായി സ്ഥാപിച്ചിരിക്കുന്ന ഈ കലാരൂപം വിദ്യാര്‍ത്ഥിനികള്‍ അവരുടെ സപ്തദിന എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി പൂര്‍ണമായും അജൈവ മാലിന്യങ്ങളും പെയിന്റും മാത്രം ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. 

ക്യാമ്പ് നടന്ന സ്‌കൂള്‍ പരിസരത്ത് നിന്നും തിരുവനന്തപുരം നഗരസഭയുടെ സഹായത്തോടെയും ശേഖരിച്ച വിവിധതരം അജൈവ മാലിന്യങ്ങളാണ് കലാരൂപത്തിന്റെ അസംസ്‌കൃത വസ്തുക്കള്‍. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്ന ഈ കലാരൂപം പൂര്‍ണതയില്‍ എത്തിക്കുന്നതിനായി ഉപയോഗശൂന്യമായ ബെഞ്ച്, ചില്ലുകുപ്പി, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ബാനറുകള്‍ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ബെഞ്ച് ഉപയോഗിച്ച് അടിത്തറ ബലപ്പെടുത്തി, ശരീര ഭാഗങ്ങള്‍ തെര്‍മോകോളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് രൂപപ്പെടുത്തി. മോഹിനിയാട്ട കലാരൂപത്തിന്റെ കൈകള്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടും ഉണ്ടാക്കി. ഉപയോഗ ശൂന്യമായ ബാനര്‍ ആണ് വസ്ത്രത്തിനായി ഉപയോഗിച്ചത്. ആഭരണങ്ങളില്‍ പ്ലാസ്റ്റിക് കുപ്പിയുടെ അടിവശം ഉപയോഗിച്ച് അരപ്പട്ടയും, സോഡ കുപ്പിയുടെ അടപ്പ് ഉപയോഗിച്ച് കാശി മാലയും, ചില്ലുകള്‍ ഉപയോഗിച്ച് പാലക്ക  മാലയും, പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് കമ്മലും ചെയ്‌തെടുത്തു. ബാനറില്‍ കുപ്പിച്ചില്ലും തെര്‍മോകോളും ഉപയോഗിച്ച് മനോഹരമായ നെറ്റിച്ചുട്ടിയും കുട്ടികളുണ്ടാക്കി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ക്ലീന്‍ സിറ്റി മാനേജര്‍, കോളേജിലെ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീജിത്ത് എസ്, സീന കെ.ആര്‍, കേരള ഖരമാലിന്യ പദ്ധതി തിരുവനന്തപുരം ജില്ലാ പദ്ധതി നിര്‍വ്വഹണ യൂണിറ്റ്, തിരുവനന്തപുരം നഗരസഭ ഖരമാലിന്യ പരിപാലന പദ്ധതി നിര്‍വഹണ യൂണിറ്റ് തുടങ്ങിയവരുടെ സഹകരണം കൊണ്ടാണ് ഈ രൂപം മനോഹരമാക്കാനായതെന്ന് എന്‍.എസ്.എസ് പ്രോഗ്രാം യൂണിറ്റിനെ പ്രതിനിധീകരിച്ചു കൊണ്ട് റിയ എം.ആര്‍, അഭിരാമി എന്നിവര്‍ വ്യക്തമാക്കി.

Content Highlights: Mohiniyattam waste management Kerala art recycling plastic waste school arts festival Thiruvananthap