അനുഭവിച്ചറിഞ്ഞ ജീവിതത്തോളം വരില്ലല്ലോ ഒരു കഥയും; 'വെള്ളപ്പൊക്കത്തിൽ' നാടകത്തിൽ 'ജീവിച്ച്' വെള്ളാർമല

തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിലെ നാടകവേദിയില്‍ക്കയറി വയനാട് വെള്ളാര്‍മലയിലെ അമല്‍ജിത്തും കൂട്ടുകാരും അഭിനയിക്കുകയായിരുന്നില്ല. തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' എന്ന കഥയിലൂടെ ജീവിക്കുകയായിരുന്നു. അനുഭവിച്ചറിഞ്ഞ ജീവിതത്തോളം വരില്ലല്ലോ മറ്റൊരു കഥയും!
നെഞ്ചകം പിളര്‍ത്തിയ ഉരുള്‍പ്പൊട്ടലിന്റെ ഓര്‍മ്മയില്‍, വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിലെ നാടകസംഘത്തിനു മുന്നിലിരുന്ന് സദസ്സ് പലകുറി കണ്ണുതുടച്ചു. ആ കുട്ടിക്കൂട്ടത്തിന് ഇതൊരു വീണ്ടെടുപ്പാണ്. ഈ നാടകം അവരെ വല്ലാതെ മാറ്റിക്കളഞ്ഞു. ചിരിയും കളിയും അവരിലേക്കു തിരിച്ചെത്തി. 'ഞങ്ങള്‍ക്കിതുമതി, ഇതുമാത്രം' -സ്‌കൂളിലെ അധ്യാപകന്‍ ഉണ്ണിക്കൃഷ്ണന്‍ മാഷ് എ ഗ്രേഡിനു കാത്തുനിന്നില്ല.
കഥയിലെ പ്രളയത്തില്‍ ഉടമ ഉപേക്ഷിച്ചുപോയ നായയുടെ വേഷമിട്ട അമല്‍ജിത്തിനെ എത്രയെത്രപേരാണ് വാരിപ്പുണര്‍ന്നത്. ഉരുള്‍പൊട്ടലില്‍ മണ്ണില്‍ പുതഞ്ഞുപോയ അവന് രണ്ടാംജന്മം നല്‍കിയ അച്ഛന്‍ ബൈജുവിനത് ആഹ്ലാദക്കാഴ്ചയായി. വേദിയില്‍ 'നായയായി ജീവിക്കുമ്പോള്‍' ഉരുള്‍പൊട്ടല്‍ തട്ടിപ്പറിച്ച ബ്രൗണിയും ബ്ലാക്കിയുമാകും അമലിന്റെ മനസ്സില്‍ നിറഞ്ഞിട്ടുണ്ടാകുക. ആ അരുമകളില്‍ നിന്നാണല്ലോ അവന്‍ നായയുടെ ചലനങ്ങളോരോന്നും പഠിച്ചത്.
അജയന്‍ രചിച്ച് ജോബ് മഠത്തില്‍ സംവിധാനംചെയ്ത നാടകത്തില്‍ അയാന്‍, നിരഞ്ജന്‍, അന്‍സില്‍, സായൂജ്, അനന്യ, വൈഗ, നിവേദിത, അര്‍ച്ചന, അനൂഷ് എന്നിവരും കൈയടി നേടി.
തിരശ്ശീല വീഴുമ്പോള്‍ നാടകത്തിനൊപ്പം കാണികളും ഏറ്റുപാടി; 'അതിജീവനമീ ജീവിതം, ഞങ്ങള്‍ ഉയര്‍ന്നെണീറ്റു വരുന്നു...
Content Highlights: vellarmala school skit vellappokkathil kerala school kalolsavam