അകലെ നിന്ന് അമ്മ കണ്ടു, മകള്‍ മോഹിനിയായി നിറഞ്ഞാടുന്നത്

തിരുവനന്തപുരം: 'അകലെയെക്കാള്‍ അകലെയാകുന്നു നീ അരികിലെക്കാള്‍ അരികിലാണത്ഭുതം ' മകള്‍ ശ്രീനന്ദ ബാബു വേദിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോള്‍ ശ്രീദേവിയുടെ ഹൃദയം തുടിച്ചത് ഈ വരികള്‍ക്കുള്ളിലൂടെയാകാം. കണ്ണീര്‍ക്കണങ്ങള്‍ മൂടല്‍മറ തീര്‍ത്ത ഫോണ്‍ സ്‌ക്രീനിലൂടെ കുവൈറ്റിലിരുന്ന് ആ അമ്മ മകളുടെ നൃത്തം കണ്ടു, മനസ് നിറഞ്ഞ്. നൃത്താധ്യാപിക രമ്യാ ഹരീഷ് ആ നിമിഷങ്ങളെ വീഡിയോ കോളിലൂടെ അമ്മ ശ്രീദേവിയ്ക്ക് കാഴ്ചയൊരുക്കി.
ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടത്തിലാണ് തൊടുപുഴ മടക്കത്താനം സ്വദേശിയും കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥിയുമായ ശ്രീനന്ദ മത്സരിച്ചത്. മകളുടെ നൃത്തമെന്ന മോഹത്തിനായി ജില്ലാ കലോത്സവത്തിന് നാളുകള്‍ക്ക് മുന്‍പാണ് അമ്മ ശ്രീദേവി കുവൈറ്റിലേക്ക് പോയത്. പ്ലസ്ടുവിന് ശേഷം ആര്‍.എല്‍.വി സ്‌കൂളില്‍ ചേരണമെന്നാണ് ശ്രീ നന്ദയുടെ മോഹം. നൃത്തത്തിനുള്ള ഭാരിച്ച ചെലവ് താങ്ങാന്‍ കഴിയാത്തതോടെ ഗള്‍ഫിലേക്ക് പോകാന്‍ ശ്രീദേവി തീരുമാനിക്കുകയായിരുന്നു. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ബാബുവും നൃത്തത്തിന് എല്ലാവിധ പിന്തുണയുമായി മകള്‍ക്കൊപ്പമുണ്ട്.
കലോത്സവചെലവ് താങ്ങാനാകാതെ ജില്ലാ കലോത്സവം പോലും ഉപേക്ഷിക്കാനൊരുങ്ങിയതായിരുന്നു ശ്രീനന്ദ. എന്നാല്‍ സ്‌നേഹത്തിന്റെയും ചേര്‍ത്തുനിര്‍ത്തലുകളുടെയും ആള്‍രൂപമായി അധ്യാപികയും അവരുടെ സുഹൃത്തും മുന്നിലെത്തി. നൃത്താധ്യാപിക രമ്യ ഹരീഷിന്റെ ഉടയാടയില്‍ നൃത്താധ്യാപികയുടെ സുഹൃത്ത് നല്‍കിയ ആഭരണങ്ങളില്‍ സംസ്ഥാന കലോത്സവമെന്ന സ്വപ്നം ശ്രീനന്ദയ്ക്കുള്ളില്‍ വിടരുകയായിരുന്നു.
രമ്യ ഹരീഷിന്റെ നൃത്തവിദ്യാലയത്തിലെ ആദ്യത്തെ ശിഷ്യയായി ശ്രീനന്ദയുടെ മൂന്നര വയസ്സില്‍ തുടങ്ങിയ ഗുരു-ശിഷ്യ ബന്ധമാണ് ഇരുവരെയും ചേര്‍ത്തു നിര്‍ത്തുന്നത്. രമ്യ ഹരീഷ് കുടുംബസമേതമാണ് പ്രിയ ശിഷ്യയുടെ നൃത്തത്തിനെത്തിയത്, അമ്മ അടുത്തില്ലാത്ത ദുഃഖം അവളെ തളര്‍ത്താതിരിക്കാന്‍... ആ മനസ് പതറാതിരിക്കാന്‍...
Content Highlights: Mohiniyattam Dance Kerala India Mother Daughter Performance Sacrifice Art Culture Kalotsavam