വരട്ടെ ലളിതഗാനത്തിനും കഠിനഗാനത്തിനും മത്സരങ്ങള്‍

ഓര്‍മ്മയില്‍ നിന്ന് പഴയൊരു പാട്ടിന്റെ വരികള്‍ മൂളുകയാണ് സുജാത:
'യമുനേ യമുനേ സ്വരരാഗ ഗായികേ
യദുനാഥന്‍ പൊന്നോമനേ..'
യമുനയൊഴുകുന്നത് വയനാട്ടില്‍ ചെലവഴിച്ച ബാല്യകൗമാരങ്ങളിലേക്കാണ്; ലളിതഗാനങ്ങളുടെ പൊയ്പ്പോയ സുവര്‍ണ്ണകാലത്തേക്ക്. സിനിമാഗാനങ്ങളോളം തന്നെ ജനപ്രിയമായിരുന്നു ഒരിക്കല്‍ ആകാശവാണി ഗാനങ്ങളും. ആ പാട്ടുകളൊക്കെ ആകാശവാണിയുടെ ലളിതഗാനപാഠത്തിലൂടെ പഠിച്ചെടുത്തു മത്സരവേദികളില്‍ അവതരിപ്പിക്കും കുട്ടികള്‍. ഒരേ ലളിതഗാനം തന്നെ പത്തും പതിനഞ്ചും പേര്‍ പാടിക്കേട്ടിട്ടുണ്ട് ഒരൊറ്റ യുവജനോത്സവ വേദിയില്‍. ഓടക്കുഴല്‍ വിളി, ഘനശ്യാമസന്ധ്യാ ഹൃദയം, ഓടക്കുഴലേ ഓടക്കുഴലേ, ഒരു പാട്ട് പാടുവാന്‍ വന്നവള്‍ നീ, രാധയെ കാണാത്ത മുകില്‍വര്‍ണ്ണനോ, അന്നത്തോണി പൂന്തോണി, ഹരിപ്രസാദം തിലകം ചാര്‍ത്തി, സ്വര്‍ഗ്ഗസാഗരത്തില്‍, അഷ്ടപദീലയം, ജയദേവകവിയുടെ ഗീതികള്‍, രാമായണക്കിളി ശാരികപ്പൈങ്കിളി, ശാരദേന്ദു മയൂഖമാലകള്‍, ശരറാന്തല്‍ വെളിച്ചത്തില്‍, എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ, ഇന്ദ്രനീലത്തിനോടെന്തു കൊണ്ടോ..... റേഡിയോയില്‍ കേട്ടും ഏറ്റുപാടിയും എന്നന്നേക്കുമായി മലയാളികളുടെ മനസ്സില്‍ പതിഞ്ഞ ശീലുകള്‍.
ആകാശവാണിയുടെ ലളിതഗാനപാഠം ആഴ്ച്ച തോറും മുടങ്ങാതെ കേള്‍ക്കും അനിയത്തി രഞ്ജിനി. ഓരോ പാട്ടും ഒപ്പിയെടുത്തു പാടി ഹൃദിസ്ഥമാക്കും. അച്ഛന്റെ മേശപ്പുറത്തെ ഫിലിപ്‌സ് ട്രാന്‍സിസ്റ്ററായിരുന്നു ഗുരുനാഥന്‍. ഗുരുമുഖത്തു നിന്നുള്ള രഞ്ജിനിയുടെ സംഗീതാഭ്യസനത്തിന്റെ ചിന്തുകളും നുറുങ്ങുകളും സഹോദരങ്ങളായ ഞങ്ങളുടെ കാതുകളിലുമെത്തും. അങ്ങനെയാവണം ഈ പാട്ടുകളൊക്കെ പണ്ടേ കൂടെ കൂടിയത്. ഇന്നും കാതോരത്തുണ്ടവ..
ലളിതഗാനം എന്ന വിശേഷണത്തോട് പൂര്‍ണ്ണമായി നീതിപുലര്‍ത്തിയ സൃഷ്ടികളായിരുന്നു അവയെല്ലാം. ഇന്നത്തെപോലെ കഠിന ഗാനങ്ങളായി അവ വേഷം മാറിയിരുന്നില്ല. രചനയിലും ഈണത്തിലും വാദ്യവിന്യാസത്തിലുമെല്ലാം ഉണ്ടായിരുന്നു നിഷ്‌കളങ്കമായ ഒരു ലാളിത്യം. 'കേള്‍ക്കുമ്പോള്‍ ആര്‍ക്കും ഒന്ന് ഏറ്റുപാടാന്‍ തോന്നുന്ന പാട്ടുകളാവണം. അധികം അലങ്കാരങ്ങള്‍ വേണ്ട. വരികളുടെ പ്രാധാന്യം ഈണത്തില്‍ മുങ്ങിപ്പോകരുത്. അതൊക്കെയായിരുന്നു അന്നത്തെ ലളിതഗാനങ്ങളുടെ മുഖമുദ്രകള്‍..' മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ നിരവധി ലളിതഗാനങ്ങളുടെ സംഗീത ശില്പിയായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ വാക്കുകള്‍. ശാസ്ത്രീയരാഗങ്ങളുടെ 'ഫ്‌ളേവര്‍' അനുഭവിപ്പിക്കുന്ന ലളിതഗാനങ്ങള്‍ കുറവല്ലായിരുന്നു അന്ന്. എന്നാല്‍ രാഗഛായക്കപ്പുറത്ത് സ്വരങ്ങള്‍ കൊണ്ടുള്ള കസര്‍ത്തായി അത്തരം ഗാനങ്ങള്‍ മാറരുത് എന്ന് നിര്‍ബന്ധമുള്ളവരായിരുന്നു കെ രാഘവന്‍, എം ജി രാധാകൃഷ്ണന്‍, കെപി ഉദയഭാനു, രത്‌നാകരന്‍ ഭാഗവതര്‍, തൃശൂര്‍ പി രാധാകൃഷ്ണന്‍, പികെ കേശവന്‍ നമ്പൂതിരി, അനന്തപദ്മനാഭന്‍, കെ കുഞ്ഞിരാമന്‍, ഹരിപ്പാട് കെപിഎന്‍ പിള്ള തുടങ്ങിയ അന്നത്തെ ഗാനശില്പികള്‍.
പുതിയ കാലത്തെ ലളിതഗാനങ്ങളില്‍ ലാളിത്യം കുറഞ്ഞുവരുന്നു എന്നാണ് ഇത്തവണത്തെ കലോത്സവത്തിലെ സംഗീതമത്സരത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാള്‍ പരിതപിച്ചത്. മിക്ക പാട്ടുകളും ശാസ്ത്രീയ രാഗാധിഷ്ഠിതമായ ഹമ്മിങ്ങിലാണ് തുടങ്ങുക. പല്ലവിയും ചരണങ്ങളും സംഗതികളാല്‍ സമൃദ്ധം. പലതും സംഗതികള്‍ക്ക് വേണ്ടിയുള്ള സംഗതികള്‍. വിധികര്‍ത്താക്കളെ അമ്പരപ്പിക്കുകയാണത്രെ ലക്ഷ്യം. എം ജി രാധാകൃഷ്ണനും പെരുമ്പാവൂരുമൊക്കെ ചിട്ടപ്പെടുത്തിയ പഴയകാല ലളിതഗാനങ്ങള്‍ കലോത്സവവേദികളില്‍ നിന്ന് മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞു. 'ക്ലാസ്സിക്കല്‍ ടച്ച് ഇഷ്ടപ്പെടുന്നവരാണ് വിധികര്‍ത്താക്കളില്‍ നല്ലൊരു വിഭാഗം.' - നിരവധി ശിഷ്യരുള്ള ഒരു കലോത്സവ സംഗീത പരിശീലകന്‍ പറഞ്ഞു. 'സിംപിള്‍ ആയ പാട്ടുകള്‍ പാടുന്നത് കഴിവുകേടായിട്ടാണ് അവര്‍ കാണുക. കഠിനമെന്ന് നിങ്ങള്‍ കരുതുന്ന പാട്ടുകള്‍ തിരഞ്ഞെടുക്കാന്‍ അതാണ് കാരണം. യമുനേ യമുനേ പോലൊരു പാട്ട് എത്ര ഗംഭീരമായി പാടിയാലും ഇനിയുള്ള കാലത്ത് അംഗീകരിക്കപ്പെടണമെന്നില്ല.'
'യമുനേ യമുനേ' ആദ്യം പാടി റെക്കോര്‍ഡ് ചെയ്തത് സുജാതയാണെന്ന് പെരുമ്പാവൂര്‍ സാര്‍ പറഞ്ഞു കേട്ടപ്പോള്‍ അത്ഭുതം. സുജാതയുടെ ശബ്ദത്തില്‍ ഒരിക്കലും കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല ആ ഗാനം. കേട്ടത് മറ്റു പലരുടെയും ശബ്ദങ്ങളിലാണ്: ജി വേണുഗോപാല്‍ മുതല്‍ സുദീപ് കുമാര്‍ വരെ. സുജാത പോലും അക്കാര്യം മറന്നുപോയിരിക്കുന്നു. എങ്കിലും എനിക്ക് വേണ്ടി പാടിത്തുടങ്ങിയതോടെ വരികള്‍ സുജാതയുടെ ചൊല്പടിയില്‍ നിന്നു. പല്ലവി മാത്രമല്ല, ചരണങ്ങളും ഓര്‍മ്മയില്‍ നിന്ന് കൃത്യതയോടെ പാടുന്നു മലയാളിയുടെ ഭാവഗായിക. 'ഇത്ര കാലം കഴിഞ്ഞിട്ടും വരികളും ഈണവും ഓര്‍മ്മയിലുണ്ടെങ്കില്‍ അത് പാടിയത് ഞാന്‍ തന്നെയാവണം. അല്ലേ?' ചിരിയോടെ സുജാതയുടെ ചോദ്യം.
പ്രശസ്ത എഴുത്തുകാരനും പ്രക്ഷേപകനുമായ പത്മനാഭന്‍ നായരാണ് യമുനേ യമുനേയുടെ രചയിതാവ്. 'അധികം എഴുതാറില്ലായിരുന്നു അക്കാലത്ത് പത്മനാഭന്‍ നായര്‍. പാട്ടെഴുതാന്‍ പറഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ ഞാന്‍ വിട്ടില്ല. അങ്ങനെ ഒറ്റയിരിപ്പിന് എഴുതിത്തന്നതാണ് ഈ പാട്ടിന്റെ വരികള്‍.'- പെരുമ്പാവൂരിന്റെ ഓര്‍മ്മ. മലയാളികളുടെ ഹൃദയം കവര്‍ന്ന വേറെയും ലളിതഗാനങ്ങളുണ്ട് പെരുമ്പാവൂരിന്റെ സൃഷ്ടികളില്‍: വേണുഗോപാല്‍ ശബ്ദം പകര്‍ന്ന നിളാനദിയുടെ നിര്‍മ്മല തീരം (രചന: പികെ ഗോപി), രാധികാ തിലകിന്റെ ഓര്‍മ്മകള്‍ പതിഞ്ഞുകിടക്കുന്ന ദ്വാപരയുഗത്തിന്റെ ഹൃദയത്തില്‍ നിന്നോ (ആര്‍കെ ദാമോദരന്‍) എന്നിവ ഉദാഹരണം.
കാലം മാറുന്നു. ഒപ്പം ഗാനസങ്കല്പങ്ങളും. ഒരു ചോദ്യം അപ്പോഴും ബാക്കി. ലളിതഗാനം എന്ന ഇനം തന്നെ കലോത്സവവേദികളില്‍ നിന്ന് ഒഴിവാക്കുന്നതല്ലേ ഭംഗിയും ഔചിത്യവും? പകരം ചലച്ചിത്രേതര ഗാനം എന്ന വിഭാഗം വരട്ടെ. ഇനി പാരമ്പര്യം നിലനിര്‍ത്തണമെന്ന് ആര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടെങ്കില്‍ ലളിതഗാനം, കഠിനഗാനം എന്നിങ്ങനെ രണ്ടു കാറ്റഗറികളില്‍ മത്സരം നടത്താം. കോഴിക്കോട് ആകാശവാണിയിലെ ജീവിതകാലത്ത് 1950 കളില്‍ 'ലളിതഗാന'ത്തിന് ആ പേര് സമ്മാനിച്ച സാക്ഷാല്‍ പി ഭാസ്‌കരന്റെ ആത്മാവ് പൊറുക്കട്ടെ.
Content Highlights: Malayalam light music lilting songs Kalotsavam Yamune Yamune Perumbavoor G Raveendranath Sujatha