ഗോത്രകലകൾക്കും യുവജനോത്സവ വേദിയിൽ ഇടംനൽകിയത് മാതൃകാപരം-എം.ബി. രാജേഷ്

#രാകേഷ് കെ. നായർ
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഇരുളനൃത്തത്തിൽ എ ​ഗ്രേഡ് നേടിയ കാസർകോട് ചട്ടഞ്ചാൽ സി.എച്ച്.എസ്.എസിലെ മത്സരാർഥികൾക്കൊപ്പം ഔദ്യോ​ഗിക വസതിയിൽ സെൽഫിയെടുക്കുന്ന മന്ത്രി എം.ബി. രാജേഷ്.| ഫോട്ടോ. ടി.കെ. പ്രദീപ് കുമാർ
‌
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഇരുളനൃത്തത്തിൽ എ ​ഗ്രേഡ് നേടിയ കാസർകോട് ചട്ടഞ്ചാൽ സി.എച്ച്.എസ്.എസിലെ മത്സരാർഥികൾക്കൊപ്പം ഔദ്യോ​ഗിക വസതിയിൽ സെൽഫിയെടുക്കുന്ന മന്ത്രി എം.ബി. രാജേഷ്.| ഫോട്ടോ. ടി.കെ. പ്രദീപ് കുമാർ ‌

അവരിൽ പലരും ഒരു മന്ത്രിയെ അടുത്തുകാണുന്നതും ഇടപഴകുന്നതും ആദ്യമായിട്ടായിരുന്നു. നിനച്ചിരിക്കാതെ മന്ത്രി എം.ബി. രാജേഷുമായി നടത്തിയ കൂടിക്കാഴ്ച, കാസർകോട് ചട്ടഞ്ചാൽ എച്ച്.എസ്.എസിലെ കുട്ടികൾക്ക് മത്സരവിജയത്തേക്കാൾ മധുരമുള്ള ഓർമ്മയായി. ഏറെനേരം സൗഹൃദം പങ്കിട്ട മന്ത്രി, സ്‌കൂളിലേക്കെത്തുമെന്നു നൽകിയ ഉറപ്പിന്റെ ആവേശത്തിലാണ് അവർ തലസ്ഥാനം വിട്ടത്. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസികളുടെ തനതു കലാരൂപമായ ഇരുളനൃത്തം മത്സരത്തിൽ പങ്കെടുത്ത കുട്ടികളാണ് പാലക്കാടിന്റെ സ്വന്തം മന്ത്രിയെ വീട്ടിലെത്തിക്കണ്ടത്.

അട്ടപ്പാടിയിലേതുൾപ്പെടെ തദ്ദേശജനതയുടെ തനതു നൃത്തരൂപങ്ങൾ ആദ്യമായി കലോത്സവ വേദിയിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ചാണ് മന്ത്രി കുട്ടികളെ സ്വീകരിച്ചത്. മലയാളികൾ മുഴുവൻ ഈ നൃത്തരൂപങ്ങളെ ഏറ്റെടുത്തതിന്റെ തെളിവാണ് കുട്ടികളുടെ പ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷംമുതൽ ഗോത്രകലകൾക്കും യുവജനോത്സവ വേദിയിൽ ഇടംനൽകിയത് മാതൃകാപരമെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. സ്‌കൂളിലെ വിശേഷങ്ങളും പഠനവും പാഠ്യേതര പ്രവർത്തനങ്ങളും ചോദിച്ചറിഞ്ഞു.

മാലിന്യമുക്ത നവകേരളത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സൂചിപ്പിച്ചു. മാലിന്യമുക്ത സ്‌കൂളിനായി കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങൾ മന്ത്രിയെ ഞെട്ടിച്ചു. സ്‌കൂളിൽ പൂർണ ശുചിത്വ സംവിധാനമൊരുക്കിയ കുട്ടികൾ പ്ലാസ്റ്റിക്കിനെതിരേയുള്ള പ്രചാരണ പരിപാടികൾക്കും നേതൃത്വം നൽകുന്നുണ്ട്. പ്രകൃതിസംരക്ഷണത്തിനായി എൻ.എസ്.എസിന്റെ സ്‌നേഹാരാമം പദ്ധതി നടപ്പാക്കുന്ന കാംപസുമാണ്.

ലഹരിമുക്ത നാടിനായി ഫ്ളാഷ് മോബ് ഉൾപ്പെടെയുള്ള ബോധവത്‌കണ പരിപാടികൾ നടത്തിയതിനെക്കുറിച്ച് കുട്ടികൾ വാചാലരായി. മന്ത്രിയെ ഇരുളനൃത്തത്തിന്റെ പാട്ടുപാടി കേൾപ്പിച്ച കുട്ടികൾ അദ്ദേഹത്തിനു ചുറ്റുംകൂടി നൃത്തവും അവതരിപ്പിച്ചു. കുട്ടികൾക്കൊപ്പം ചുവടുെവച്ച് പ്രോത്സാഹിപ്പിച്ച അദ്ദേഹം അവർക്കൊപ്പം സെൽഫിയെടുത്തശേഷമാണ് യാത്രയാക്കിയത്.

പ്ലസ്‌വൺ വിദ്യാർഥിനികളായ ശിവനന്ദ ആർ. നായർ, ഹരിത എ., ശിവാനി എ., ആദിത്യ കെ.സി., അനുപ്രിയ കെ., സഞ്ജന എസ്., ദേവയാനി എ., അലോണ ജിമ്മി, വർഷ പി., ദിയാ ഭാസ്‌കര കെ., കൃഷ്ണജിത് എ., ശ്രീരാഗ് പി. എന്നിവരാണ് മന്ത്രിയെ കാണാനെത്തിയത്. മാതൃഭൂമിയുടെ ‘ക’ സാഹിത്യോത്സവത്തെക്കുറിച്ചും മന്ത്രി പരാമർശിച്ചു.

എല്ലാവരും പുസ്തകങ്ങൾ വായിച്ചുവളരണം. മടങ്ങുന്നതിനുമുൻപ് നിയമസഭയിലെ പുസ്തകോത്സവം സന്ദർശിക്കണം. സ്‌കൂൾ ലൈബ്രറികൾ പരമാവധി പ്രയോജനപ്പെടുത്തണം- അദ്ദേഹം കുട്ടികളോടു പറഞ്ഞു. അടുത്തമാസം ‘മാതൃഭൂമി’ സംഘടിപ്പിക്കുന്ന ‘ക’ സാഹിത്യോത്സവത്തിൽ താൻ പ്രഭാഷകനാണെന്നതും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.

Content Highlights: kerala school kalolsavam mb rajesh