ഇനി കലയുടെ തലസ്ഥാനം; മത്സരാര്‍ഥികള്‍ എത്തിത്തുടങ്ങി

#സ്വന്തം ലേഖകന്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നെത്തിയ ആദ്യസംഘത്തിന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നെത്തിയ ആദ്യസംഘത്തിന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണം

തിരുവനന്തപുരം: കലയുടെ വലിയ പൂരം കൊഴുപ്പിക്കാന്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങി കൗമാരകേരളം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മത്സരാര്‍ഥികള്‍ മഹാമേളയ്ക്ക് ഒരു ദിവസം മുന്‍പ് തന്നെ തലസ്ഥാനത്തെത്തി. ആര്‍പ്പുവിളികളോടെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെയാണ് സംഘാടകര്‍ കുട്ടികളെ സ്വീകരിച്ചത്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെട്ട എഴുപതോളം പേരടങ്ങുന്നതായിരുന്നു ആദ്യസംഘം. തൊട്ടുപിന്നാലെ വയനാട്ടില്‍ നിന്നുള്ള കുട്ടികളുമെത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാലയണിയിച്ച് മധുരം നല്‍കിയാണ് സംഘാടകര്‍ കുട്ടികളെ സ്വീകരിച്ചത്. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, എം.എല്‍.എമാരായ ആന്റണി രാജു, എം.വിന്‍സന്റ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ധന്യ.ആര്‍.കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ സ്വീകരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂര്‍-കോഴിക്കോട് ജനശതാബ്ദിയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പര്‍ രണ്ടിലാണ് മലബാറില്‍ നിന്നുള്ള സംഘം എത്തിച്ചേര്‍ന്നത്. സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരെ നോക്കി അവര്‍ കൈവീശി.

Content Highlights: Kerala School Kalolsavam Thiruvananthapuram School Arts Festival Kerala Students Competition