സ്‌കൂളുകളില്‍ കരുത്ത് തെളിയിച്ച് ആലത്തൂരിന്റെ ഗുരുകുലം

#വൃന്ദ മോഹന്‍
.
.

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒരു വ്യാഴവട്ടക്കാലമായി ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന സ്കൂൾ എന്ന നേട്ടം ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമാണ്. 2012-ൽ നടന്ന തൃശ്ശൂർ കലോത്സവത്തിൽ ആരംഭിച്ച നേട്ടം 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും ആവർത്തിക്കുകയാണ് ബി.എസ്.എസ് ഗുരുകുലം. 171 പോയിൻ്റുകൾ സ്വന്തമാക്കി മറ്റ് സ്കൂളുകളെ ബഹുദൂരം പിന്നിലാക്കിയാണ് ബി.എസ്.എസ് ഇത്തവണയും ചാമ്പ്യൻ സ്കൂൾ ആയത്. സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, ഒപ്പന, പൂരക്കളി, പരിചമുട്ട്, യക്ഷഗാനം, ചവിട്ട് നാടകം, വൃന്ദവാദ്യം, തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലും മറ്റ് വ്യക്തിഗത ഇനങ്ങളിലുമായി 202 വിദ്യാർത്ഥികൾ ആണ് ഗുരുകുലം സംഘത്തിൻ്റെ കരുത്ത്. 

സംസ്ഥാനത്തെ ഏറ്റവും മികച്ച കലാപരിശീലകരുടെ നേതൃത്വത്തിൽ അധ്യയനവർഷത്തിൻ്റെ തുടക്കം മുതൽ  ആരംഭിക്കുന്ന പരിശീലനം സംസ്ഥാന കലോത്സവ വേദിയിൽ എത്തുന്നതോടെ പൂർണമാവും. ഒരു കലോത്സവത്തിന് തിരശ്ശീല വീഴുന്നതിന്റെ അടുത്ത ദിവസം മുതൽ വരാനിരിക്കുന്ന കലോത്സവം മുന്നിൽ കണ്ട് ഞങ്ങൾ പരിശീലനം ആരംഭിക്കും. പഠനത്തിനെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തിലാണ് പരിശീലനം. സ്കൂൾ സമയം കഴിഞ്ഞ് സ്കൂളിൽ നിന്ന് തന്നെ കുട്ടികൾക്ക് ഭക്ഷണം ഉണ്ട്. ഇത് കഴിഞ്ഞാണ് ഒരു മണിക്കൂറോളം നീളുന്ന പരീശീലനം. മാതാപിതാക്കളും സ്കൂളിനൊപ്പം നിന്നത് കൊണ്ടാണ് ഇതെല്ലാം സാധ്യമാകുന്നതെന്നും കലോത്സവത്തിന് എത്തിയ ടീം മാനേജർ ഹരിപ്രസാദ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി രണ്ട് മത്സരങ്ങളിൽ എ ​ഗ്രേഡ് ലഭിച്ചു കൊണ്ടിരിക്കുന്ന രം​ഗനാഥൻ, വിഷ്ണു സി.വി എന്നിവർ സ്കൂളിന്റെ അഭിമാനമാണ്. 

പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കാനുള്ള എല്ലാ ആസൂത്രണങ്ങളും നടത്തിയായിരുന്നു ഗുരുകുലത്തിൻ്റെ യാത്ര തുടങ്ങുന്നത്. ഏന്നാൽ ജില്ലാ കലോത്സവത്തിലെ പിഴവുകൾ ടീമിൻ്റെ ആകെ പ്രകടനത്തിൻ്റെ തന്നെ ആത്മവീര്യം ചോർത്തുന്നതായിരുന്നു. എങ്കിലും ഓരോ കലാപ്രകടനത്തെയും തികഞ്ഞ ആത്മാർഥതയോടെ കാണുന്ന കുട്ടികളിൽ വിവേചനങ്ങൾക്ക് അതീതമായ ഐക്യബോധവും, നേതൃത്വഗുണവും ഉണ്ടാവുന്നു എന്നതാണ് കലോത്സവങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രയോജനമെന്നും ബി.എസ്.എസ് ഗുരുകുലം പ്രിൻസിപ്പൽ ഡോ. വിജയൻ വി ആനന്ദ് അഭിപ്രായപ്പെട്ടു. 

സംസ്ഥാനമേളയിലെ പാലക്കാട് ജില്ലയുടെ കുതിപ്പിൻ്റെ യഥാർത്ഥ അവകാശികൾ ബി.എസ്.എസ് ഗുരുകുലം കുട്ടികളാണ്. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡോടെ ഹൈസ്കൂൾ വിഭാഗത്തിൽ 85-ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 86 ഉം സംസ്കൃതോൽസവത്തിൽ 30 ഉം പോയിൻ്റുകൾ ഗുരുകുലം സ്വന്തമാക്കി. 

Content Highlights: For the third consecutive year, BSS Gurukulam emerges as the top-scoring school