ചേച്ചിയെ കണ്ടു പഠിച്ചു, കൂട്ടുകാരിയുടെ ചിലങ്ക കടംവാങ്ങിയണിഞ്ഞ് വേദിയിലെത്തി

അഭിമന്യു ഭരതനാട്യം വേദിയിൽ, അഭിമന്യു നാടോടിനൃത്തവേദിയിൽ | Photo: Praveen Das
അഭിമന്യു ഭരതനാട്യം വേദിയിൽ, അഭിമന്യു നാടോടിനൃത്തവേദിയിൽ | Photo: Praveen Das

 തിരുവനന്തപുരം: നിൽക്കാനും നടക്കാനും തുടങ്ങിയ പ്രായത്തിൽ കാതിൽ പതിഞ്ഞ ചിലങ്കനാദത്തോട് അവന് പ്രണയം തോന്നി. ആ ചിലങ്കയണിഞ്ഞ ചേച്ചിയോട് ആരാധനയും. കാലം മുന്നോട്ട് പോയപ്പോൾ അതിന്റെ തീവ്രതയും വർധിച്ചു. ചേച്ചി അഭിരാമിയുടെ ചിലങ്കയണിഞ്ഞ് ചുവടുവയ്ക്കുന്ന കൊച്ചു അഭിമന്യുവിനെ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നുവെങ്കിലും സാമ്പത്തികമായി അനുഭവിക്കുന്ന പ്രതിസന്ധികൾക്കിടയിൽ മകനെ നൃത്തം അഭ്യസിപ്പിക്കുകയെന്നത് അസാധ്യമായിരുന്നു.

ചേച്ചി അഭിരാമി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ കണ്ട് അത് അനുകരിച്ച് അവൻ വീണ്ടും ചുവടുകൾ ഉറപ്പിച്ചു. തന്നാൽ കഴിയുംവിധം അഭിരാമി കുഞ്ഞനിയന് നൃത്തപാഠങ്ങൾ പകർന്നുനൽകി. ഇരുവർക്കും ഇടയിലെ എട്ടുവയസിന്റെ പ്രായവ്യത്യാസം ഗുരു-ശിഷ്യ ബന്ധത്തിന് സമ്മമമായിരുന്നെങ്കിലും കൃത്യമായി ചിട്ടയായ രീതിയിൽ ഒരു ഗുരുവിന്റെ കീഴിൽ നൃത്തം  അഭ്യസിക്കുകയെന്ന അഭിമന്യുവിന്റെ സ്വപ്നം അങ്ങനെ തന്നെ അവശേഷിച്ചു.

മുറയൂർ വി.എച്ച്.എം.എച്ച്.എസ്.എസിലായിരുന്നു ഒൻപതാം ക്ലാസ് വരെയുള്ള പഠനം. അവിടെ സംഗീത അധ്യാപകനായിരുന്ന ഭവനീഷ് മാഷാണ് അഭിമന്യുവിന്റെ നൃത്തത്തോടുള്ള സ്നേഹം തിരിച്ചറിഞ്ഞ് കലോത്സവത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ചത്. തുടർന്ന് ആക്‌സ്മികമായി നൃത്ത അധ്യാപികയായ ശേഖ മുരളിയെ പരിചയപ്പെട്ടത്. തുടർന്ന് ഒൻപതാം ക്ലാസ് പഠനത്തിന്റെ ആരംഭനാളുകളിൽ ഒരു ഗുരുവിന് കീഴിൽ നൃത്തം അഭ്യസിക്കുകയെന്ന സ്വപ്നത്തിലേക്ക് അഭിമന്യു എത്തി. പ്രതിഫലമൊന്നും വാങ്ങാതെ ശേഖ മുരളി പഠിപ്പിച്ചതോടെ ആദ്യമായി കലോത്സവവേദിയിൽ അഭിമന്യു ചിലങ്കയണിഞ്ഞു. ഭരതനാട്യത്തിന് മാത്രമായിരുന്നു ഒൻപതാം ക്ലാസിൽ പങ്കെടുത്തത്. അന്ന് ചേച്ചി അഭിരാമിയുടെ ചിലങ്കയണിഞാണ് അഭിമന്യു സംസ്ഥാന കലോത്സവ വേദിയിലടക്കം ചുവടുറപ്പിച്ചത്. എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു.

തുടർന്ന് മകന്റെ ആഗ്രഹത്തിന് അനുസൃതമായി നൃത്തം അഭ്യസിക്കട്ടെയെന്നും തങ്ങളാൽ കഴിയുംവിധം അതിന് മാർഗം കണ്ടെത്താമെന്നും മാതാപിതാക്കൾ ചിന്തിച്ചതോടെ കുച്ചിപ്പുടി, നാടോടിനൃത്തം ഇനങ്ങളിൽ കൂടി പരിശീലനം ആരംഭിച്ചു. തുടർന്ന് ശേഖ ടീച്ചറുടെ നിർദേശപ്രകാരം നൂപുര നൃത്ത കലാക്ഷേത്രയിൽ മോഹൻദാസ് നിലമ്പൂർ, ഗണേഷ് ബാബു, രമ മോഹൻ എന്നിവർക്ക് കീഴിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങി. രണ്ടാം തവണ സംസ്ഥാന കലോത്സവ വേദിയിൽ മൂന്നു ഇനങ്ങളിലും പങ്കെടുത്ത് നാടോടിനൃത്തം കുച്ചിപ്പുടി എന്നിവയിൽ എ ഗ്രേഡോടെയാണ് അഭിമന്യുവിന്റെ മടക്കം. ഭരതനാട്യത്തിനും എ ഗ്രേഡ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിമന്യു പറഞ്ഞു. ഇത്തവണ സബ് ജില്ല വരെ ചേച്ചിയുടെ ചിലങ്കയണിഞ്ഞായിരുന്നു അവൻ വേദിയിലെത്തിയത്. എന്നാൽ ചിലങ്കമണികൾ പൊട്ടിയതോടെ ജില്ലയിലും സംസ്ഥാനതലത്തിലും ഒപ്പം നൃത്തം അഭ്യസിക്കുന്ന വിദ്യാർഥിയുടെ ചിലങ്കയണിഞ്ഞാണ് അഭിമന്യു വേദിയിൽ ചുവടുകൾവച്ചത്.

കേരളനടനം, കഥകളി കൂടി അഭ്യസിക്കണമെന്ന് അഭിമന്യുവിന് ആഗ്രഹം ഉണ്ടെന്ന് സഹോദരൻ പറഞ്ഞു. കഴിയുംവിധം മകന്റെ കലാവാസനയ്ക്ക് ഒപ്പം നിൽക്കണമെന്നാണ് ആഗ്രഹമെന്ന് അച്ഛൻ രാമചന്ദ്രൻ പറഞ്ഞു.

Content Highlights: abimanyu in school kalolsavam