മകളെയും കൂട്ടുകാരിയെയും സ്വന്തം തണലില്‍ വിജയത്തിലേക്ക് എത്തിച്ച സാധാരണക്കാരിയായ അമ്മ

കൊല്ലം: മാസങ്ങൾക്കുമുമ്പു നടന്ന കാട്ടാക്കട ഉപജില്ലാകലോത്സവം. ഭരതനാട്യമത്സരത്തിൽ പങ്കെടുക്കാൻ തീർഥയ്ക്കൊപ്പം കൂട്ടുകാരി അഞ്ജനയുമുണ്ടായിരുന്നു. ഫലം വന്നപ്പോൾ തീർഥയ്ക്ക് എ ഗ്രേഡ്, അഞ്ജനയ്ക്ക് ബി-യും. പിന്നിലായതോടെ മത്സരവേദികളിൽനിന്നു മാറിനിൽക്കാൻ തയ്യാറെടുത്തിരുന്നു അഞ്ജന. അപ്പീൽ പോകാനുള്ള അവസ്ഥയും ഉണ്ടായിരുന്നില്ല. തീർഥയുടെ അമ്മ ശാലിനിക്ക് അത് ഉൾക്കൊള്ളാനായില്ല.
മറ്റൊന്നും ആലോചിക്കാതെ അവർ സ്വന്തം കൈയിൽനിന്നു പണമെടുത്ത് അഞ്ജനയ്ക്കായി അപ്പീൽ സമർപ്പിച്ചു. അവളെ ജില്ലാകലോത്സവത്തിൽ പങ്കെടുക്കാൻ അർഹയാക്കിയപ്പോൾ മറ്റൊരു പ്രശ്നം. സാമ്പത്തികപ്രതിസന്ധിമൂലം അഞ്ജനയ്ക്ക് മത്സരത്തിൽ പങ്കെടുക്കാനാകുന്നില്ല. മടിയേതുമില്ലാതെ മകൾക്കും കൂട്ടുകാരിക്കും നൃത്തത്തിനുള്ള വേഷം ശാലിനിതന്നെ തിരഞ്ഞെടുത്ത് തയ്പിച്ചുനൽകി. മറ്റു സഹായങ്ങളും നൽകി. മകളുടെ വിജയത്തെക്കാൾ കൂട്ടുകാരിയുടെ വിജയം ആഗ്രഹിച്ചു, ആ അമ്മമനസ്സ്.
മകൾ ജില്ലാകലോത്സവത്തിൽ പിന്നിലായപ്പോഴും ശാലിനി പിൻമാറിയില്ല. സംസ്ഥാനതല മത്സരത്തിന് അർഹയായ അഞ്ജനയെയുംകൊണ്ട് അവർ കൊല്ലത്തെത്തി. അവൾക്കുവേണ്ട സഹായങ്ങളെല്ലാം നൽകി.
എ ഗ്രേഡോടെ അവൾ വിജയിച്ചപ്പോൾ തീർഥയുടെ വിജയമാണ് അവർ കണ്ടത്.ഞായറാഴ്ച നടന്ന എച്ച്.എസ്.എസ്. വിഭാഗം നാടോടിനൃത്തത്തിൽ തീർഥ പങ്കെടുക്കുന്നുണ്ടായിരുന്നു. എച്ച്.എസ്.എസ്. വിഭാഗം ഭരതനാട്യമത്സരം കഴിഞ്ഞെങ്കിലും തീർഥയുടെ മത്സരം കാണാൻ അഞ്ജന, ശാലിനിക്കൊപ്പം കൊല്ലത്തുണ്ടായിരുന്നു. തീർഥയുടെ വിജയത്തിനുള്ള പ്രാർഥനയോടെ അവൾ സി.എസ്.ഐ. കൺവെൻഷൻ സെന്ററിൽ മണിക്കൂറുകൾ കഴിച്ചുകൂട്ടി.
മലയിൻകീഴ് പേരേക്കോണം ദേവീകൃപയിൽ മധുസൂദനൻ നായരാണ് അഞ്ജനയുടെ അച്ഛൻ. ടാപ്പിങ് തൊഴിലാളിയാണ് മധുസൂദനൻ. ശ്രീരഞ്ജിനിയാണ് അഞ്ജനയുടെ അമ്മ. മച്ചേൽ ശിവജിപുരം കൃഷ്ണകൃപയിൽ വിരമിച്ച സൈനികൻ ദിലീപിന്റെ ഭാര്യയായ ശാലിനി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സാണ്.
ശ്രീഭഗവതി ഡാൻസ് അക്കാദമിയിലെ അഞ്ജുവും ആതിരയുമാണ് കൂട്ടുകാരികളെ നൃത്തം അഭ്യസിപ്പിക്കുന്നത്. തീർഥ മാറനല്ലൂർ ഡി.വി.എം.എൻ.എസ്.എസ്.യു.പി.എസിലും അഞ്ജന മലയിൻകീഴ് ഗേൾസ് ഹൈസ്കൂളിലുമാണ് പഠിക്കുന്നത്.
Content Highlights: school kalolsavam 2024