അന്ന് അമ്മയ്ക്ക് ചിലങ്ക അഴിയ്‌ക്കേണ്ടി വന്നു, ഇന്ന് അതേ ചിലങ്കയില്‍ മകള്‍ അഭിമാനമാവുന്നു

കൊല്ലം: അഭിരാമിയുടെ ഓരോ ചുവടിലും ഓരോ നേട്ടത്തിലും സഫലമാകുന്നത് അമ്മ ബിജിയുടെ നഷ്ടസ്വപ്നങ്ങൾ കൂടിയാണ്. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും എ ഗ്രേഡ് നേടി അഭിരാമി അമ്മയ്ക്ക് നൽകിയത് ഇരട്ട വിജയം.
തിരുവനന്തപുരം ജില്ലയിലെ കരിപ്പൂര് ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അഭിരാമി ലാൽ. അഭിരാമിയുടെ അമ്മ ബിജി എസ്.നായർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ താത്‌കാലിക ജീവനക്കാരിയാണ്. എട്ടാം ക്ലാസുവരെ ബിജി ഭാരതനാട്യം പഠിച്ചിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾമൂലം പഠനം തുടരാൻ കഴിഞ്ഞില്ല. കലയോടുള്ള ഇഷ്ടം കനലായി മനസ്സിൽ കിടന്നു.
അഭിരാമിയെ കുട്ടികാലംമുതലേ നൃത്തം പഠിപ്പിക്കാൻ തുടങ്ങി. ജില്ലയിൽ കുച്ചിപ്പുഡിയടക്കം മൂന്നിനങ്ങളിൽ മത്സരിച്ചിരുന്നു. മൂന്നിനും ഒന്നാംസ്ഥാനം നഷ്ടമായി. അപ്പീലിലൂടെയാണ് മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും മത്സരിക്കാൻ എത്തിയത്. അച്ഛൻ വി.എസ്.ബൈജു പെയിന്റിങ് ജോലികൾ ചെയ്യുന്നു. തന്നെപ്പോലെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം അഭിരാമിയുടെ ചിലങ്ക അഴിയരുതെന്ന് ബിജിക്ക് വാശിയാണ്.
Content Highlights: school kalolsavam 2024