ഒന്നരമണിക്കൂര്‍ സാങ്കേതിക തടസ്സം; പ്രതിഷേധം, നാടകപ്രേമികളെ ശാന്തരാക്കാന്‍ നാടകഗാനമിട്ട് സംഘാടകര്‍

നാടകഗാനം വച്ചപ്പോള്‍ ആവേശത്തിലായ നാടക പ്രേമികള്‍
നാടകഗാനം വച്ചപ്പോള്‍ ആവേശത്തിലായ നാടക പ്രേമികള്‍

കൊല്ലം: നാടകാവതരണത്തിനായി ഇടുങ്ങിയ സ്റ്റേജുള്ള സോപാനം ഓഡിറ്റോറിയം അനുവദിച്ചതായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ നാടകത്തിലെ ഏറ്റവും വലിയ പാളിച്ച. സംസ്ഥാനത്തിന്റെ ഏകദേശം എല്ലാ ജില്ലയില്‍ നിന്നും രാവിലെ ആറുമണി മുതല്‍ തന്നെ നാടകം കാണാനായി സോപാനം ഓഡിറ്റോറിയത്തില്‍ ആളുകള്‍ എത്തിയിരുന്നു. നാടകം ആരംഭിക്കുന്നതിനു മുന്നേ തന്നെ ഓഡിറ്റോറിയവും ബാല്‍ക്കണിയും തിങ്ങി നിറഞ്ഞതോടെ വലിയ നിരാശയായിരുന്നു നാടക പ്രേമികള്‍ക്കുണ്ടായിരുന്നത്. ഇതിന്റെ അമര്‍ഷം പലപ്പോഴും വാക്ക് തര്‍ക്കത്തിലേക്കും സംഘാടനത്തിലെ പാളിച്ചക്കെതിരെയുള്ള പ്രതിഷേധത്തിലേക്കും നയിച്ചു. 

പലര്‍ക്കും ഓഡിറ്റോറിയത്തിന്റെ മുറ്റത്ത് നിന്ന് നാടകം കേള്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഇതിനിടെ സാങ്കേതിക തടസ്സം കൂടിയുണ്ടായതോടെ കാഴ്ചക്കാര്‍ ഒന്നടങ്കം ഇളകി. ഉച്ചയ്ക്കുശേഷം ഏകദേശം ഒന്നരമണിക്കൂറോളമാണ് നാടകം വൈകിയത്. മൂത്രമൊഴിക്കാന്‍ എഴുന്നേറ്റാല്‍ പോലും സീറ്റ് നഷ്ടപ്പെടും എന്ന അവസ്ഥ വന്നതോടെ പലരും പൊട്ടിത്തെറിച്ചു. എന്താണ് സാങ്കേതിക തടസ്സം എന്ന് പറയാതെ സംഘാടകരും മിണ്ടാതായതോടെ അക്ഷരാര്‍ത്ഥത്തില്‍ സംഘര്‍ഷഭരിതമായിരുന്നു നാടകവേദി. ഇനിയും കാരണം പറഞ്ഞില്ലെങ്കില്‍ ഒരുപക്ഷേ വലിയ പ്രശ്‌നത്തിലേക്ക് നയിക്കും എന്ന് കണ്ടതോടെ സംഘാടകര്‍ ഒരു വഴി കണ്ടു. കലാപ്രേമികളെ ശാന്തരാക്കാന്‍ തല്‍ക്കാലം നാടകഗാനം വച്ചുകൊടുത്തു. ഇതോടെ നാടക പ്രേമികള്‍ ആവേശത്തിലായി. പിന്നെ സോപാനം ഓഡിറ്റോറിയത്തില്‍ കണ്ടത് കുട്ടികളുടെ നാടക അവതരണത്തിന് പകരം നാടക പ്രേമികളുടെ നാടക ഗാനത്തിനൊപ്പമുള്ള കൈകൊട്ടലും ഡാന്‍സുമാണ്. പക്ഷേ സാങ്കേതിക തടസ്സം പരിഹരിക്കുന്നത് വീണ്ടും നീണ്ടുപോകാന്‍ തുടങ്ങിയതോടെ ആവേശം  സംഘാടകര്‍ക്ക് എതിരെയുള്ള വലിയ പ്രതിഷേധത്തിലേക്ക് എത്തി. 

ഒടുവില്‍ ഏറെ പണിപ്പെട്ടാണ് സാങ്കേതിക പ്രശ്‌നം പരിഹരിച്ച് വീണ്ടും നാടകാവതരണം തുടങ്ങിയത്. ഇതിനിടെ മഴ കൂടി പെയ്തതോടെ പ്രതിഷേധം കനക്കുകയും ചെയ്തു.  പൊതുവേ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാറുള്ള സ്‌കൂള്‍ കലോത്സവത്തിലെ നാടകാവതരണത്തിന് വിശാലമായ വേദി ഉണ്ടാകണമെന്ന് വര്‍ഷങ്ങളായുള്ള നാടക പ്രേമികളുടെ ആവശ്യമാണ്. പക്ഷേ ഓരോ വര്‍ഷവും ഈ ആവശ്യം മുന്നോട്ട് വെക്കുക അല്ലാതെ നല്ല വേദി കിട്ടുക എന്നത് വിരളം ആണെന്ന് പറയുന്നു നാടക  പ്രേമികള്‍. 

സമകാലിക വിഷയങ്ങള്‍ കൊണ്ടും  തിരഞ്ഞെടുക്കുന്ന വിഷയം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം കൊണ്ടും ഏറെ ശ്രദ്ധേയമാണ് സ്‌കൂള്‍ നാടകങ്ങള്‍. ഇത്തരത്തിലുള്ള നിരവധി വിഷയങ്ങളാണ് കുട്ടികള്‍ തിരഞ്ഞെടുത്തു നാടകവുമായി വരുന്നത്. പലതും വലിയ കയ്യടി നേടുകയും വിവാദങ്ങള്‍ക്ക് വരെ കാരണമാവുകയും ചെയ്ത ചരിത്രം സ്‌കൂള്‍ നാടകങ്ങള്‍ക്കുണ്ട്. അത്തരത്തിലുള്ള നിരവധി നാടകങ്ങള്‍ ഇത്തവണയും കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എത്തിയിരുന്നു. വെറും ക്ലാസ് മുറികളിലെ പഠനങ്ങള്‍ക്കപ്പുറം കുട്ടികളുടെ കഴിവുകള്‍ കൂടി പ്രോത്സാഹിപ്പിക്കുന്നതാവണം വരുംകാലത്തിലെ വിദ്യാഭ്യാസം എന്നത് ഊന്നിപ്പറയുന്ന  വയനാട് കല്‍പ്പറ്റയില്‍ നിന്നും വന്ന കുട്ടികള്‍ അവതരിപ്പിച്ച കൃഷ്ണഗാഥ, വര്‍ണ്ണവിവേചനത്തിനെകതിരെയുള്ള രാഷ്ട്രീയം പറയുന്ന കോഴിക്കോട് തിരുവങ്ങൂര്‍ സ്‌കൂളിന്റെ ഓസ്‌കാര്‍ പുരുഷു പോലുള്ള നാടകങ്ങള്‍ ഇത്തവണയും വലിയ കയ്യടിയാണ് നേടിയത്. പക്ഷേ സംഘാടനത്തിലെ പാളിച്ച അതിന്റെ സൗന്ദര്യത്തെ എല്ലാം കെടുത്തി കളയുകയായിരുന്നു.

Content Highlights: technical issues, drama delayed one and half hours