കടമ്പകളേറെ താണ്ടി അനന്യയെത്തി; സംഗീതപ്രേമികളുടെ മനസ്സ് നിറച്ച് മടക്കം

സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്താൻ അനന്യക്ക് നേരിടേണ്ടിവന്നത് ചെറിയ കടമ്പകളല്ല. ഭിന്നശേഷിക്കാർക്ക് സുഗമവഴി വേണമെന്ന നിയമതത്ത്വങ്ങൾ പാലിച്ചുവരാൻ താമസമെടുത്തു. കലോത്സവ കാർഡ് കിട്ടാനും വേദിയേറാനുംവരെ പരീക്ഷണം. ഒടുവിൽ പാട്ടുപാടി എ ഗ്രേഡ് നേടി സങ്കടങ്ങൾ മറന്നു മടക്കം.
കണ്ണൂർ എളയാവൂർ സി.എച്ച്.എം.എച്ച്.എസ്.എസ്.വിദ്യാർഥിനി കെ.അനന്യ ആദ്യ സംസ്ഥാന കലോത്സവത്തിൽ സംഗീതപ്രേമികളുടെ ഹൃദയം സ്വന്തമാക്കി. എച്ച്.എസ്.മാപ്പിളപ്പാട്ടിലായിരുന്നു കണ്ണിനും കാലിനും പരിമിതിയുള്ള ഈ കുട്ടിയുടെ നേട്ടം.
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആദ്യദിനം മാതൃഭൂമിയിലൂടെ ആശംസ നേർന്ന അനന്യയുടെ ആലാപനം കേൾക്കാൻ ഒട്ടേറെപ്പേർ വന്നിരുന്നു. സെയ്ന്റ് ജോസഫ്‌സ് സ്കൂളിലെ നാലാംനിലയായിരുന്നു ആദ്യപരീക്ഷ. മുറ്റത്തുകൂടി അച്ഛനമ്മമാരുടെ കൈപിടിച്ചു വന്ന കുട്ടിക്ക് പടികയറാൻ വിഷമമായതോടെ അച്ഛൻ എം.പുഷ്പൻ എടുത്തു. നിൽക്കാൻ പ്രയാസമുള്ളതിനാൽ പതിവ് വഴിമാറി. മാപ്പിളപ്പാട്ട് വേദിയിൽ കസേര വന്നു. അതിലിരുന്നായിരുന്നു ആലാപനം.
മധുരമായ ആ ഗാനത്തിൽ സദസ്സിനൊപ്പം പുഷ്പനും ഭാര്യ കെ.പ്രജിതയും മനം നിറച്ചു. ആ നിമിഷത്തിലേക്ക് വരാനുണ്ടായ തടസ്സങ്ങൾ അവർ ഓർത്തുകാണണം. ജില്ലാകലോത്സവത്തിൽ രണ്ടാംസ്ഥാനമായതിനാൽ അപ്പീൽ കൊടുത്തിരുന്നു. ഡി.ഡി.ഇ.അപ്പീൽ അനുവദിച്ചു. നിയമപ്രകാരം 5,000 രൂപ കെട്ടിവെക്കണം. കൂലിപ്പണിക്കാരായ പുഷ്പനും പ്രജിതയ്ക്കും അതിനുള്ള വകയുണ്ടായില്ല. പ്രജിത ബാലാവകാശ കമ്മിഷനെ വിവരം അറിയിച്ചു. കുട്ടിയുടെ കഴിവ് കണ്ടറിഞ്ഞ കമ്മിഷൻ പണം കെട്ടാതെ പങ്കെടുക്കാൻ ഉത്തരവ് നൽകി. ഈ കടലാസുമായി കൊല്ലത്തിനു വന്ന കുടുംബത്തിന് പിന്നെയും പരീക്ഷണം ബാക്കിയായിരുന്നു. സംഘാടകസമിതി ഓഫീസിൽ ചെന്നപ്പോൾ സാങ്കേതിക പ്രശ്നങ്ങൾ.
പണം ഈടാക്കാതെ അപ്പീൽ അനുവദിക്കാൻ ചട്ടം ഇല്ലാത്തതിനാൽ കമ്മിഷൻ ഉത്തരവ് വകുപ്പുമേധാവികൾ പരിശോധിച്ചു. ഞായറാഴ്ച രാവിലെയാണ് അനുമതി വന്നത്. ഇതോടെ കുടുംബവും സ്കൂൾ ജീവനക്കാരനായ ഷംസുവും വേദിയിലേക്ക് പുറപ്പെട്ടു. ജില്ലാമത്സരത്തിനിടെ അനന്യയുടെ കഴിവും ജീവിതപ്രയാസങ്ങളും അറിഞ്ഞ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിളിച്ചിരുന്നു. എം.എൽ.എ.ഫണ്ടിൽനിന്ന് തുക അനുവദിപ്പിച്ച് ഇവരുടെ വീട്ടിലേക്കുള്ള റോഡ് ശരിയാക്കിയത് അടുത്തിടെയാണ്. സ്കൂൾ ഒന്നാകെ സഹായിച്ചാണ് സംസ്ഥാനമത്സരത്തിനു വരവൊരുങ്ങിയത്. ടി.പി.വിനയകൃഷ്ണൻ എന്ന അധ്യാപകനാണ് പരിശീലനം.
Content Highlights: school kalolsavam 2024 mappilapattu